1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2011

ലണ്ടന്‍: തൊഴില്‍ സ്ഥലത്ത് സമത്വത്തിനുവേണ്ടി സ്ത്രീ പൊരുതാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ തൊഴിലിടങ്ങളില്‍ പുരുഷന് ലഭിക്കുന്ന അതേ പരിഗണന നേടുക എന്ന സ്ത്രീ സ്വപ്‌നം സ്വപ്‌നമായി നിലനില്‍ക്കുകയാണെന്നാണ് പെന്‍ഷനുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം വിരമിക്കുന്ന സ്ത്രീയ്ക്ക് ലഭിക്കാന്‍ പോകുന്ന പെന്‍ഷന്‍ പുരുഷനേക്കാള്‍ 6,500 പൗണ്ട് കുറവാണെന്നാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം വിരമിക്കുന്ന സ്ത്രീയ്ക്ക് വാര്‍ഷിക വരുമാനമായി 12,900പൗണ്ടാണ് ലഭിക്കുകയെന്നാണ് കണക്കുകള്‍ പുറത്തുവിട്ട പ്രുഡന്‍ഷ്യല്‍ പറയുന്നത്. പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നതാകട്ടെ 19,400പൗണ്ടും.

എന്നാല്‍ ലിംഗപരമായ വിവേചനം കുറഞ്ഞുവരികയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പഠനത്തില്‍ സ്ത്രീയും പുരുഷനും വാങ്ങുന്ന പെന്‍ഷന്‍ തുകയിലെ വ്യത്യാസം 7,400പൗണ്ടായിരുന്നു. വിരമിച്ച സ്ത്രീകളുടെ ശരാശരി വരുമാനം വര്‍ധിച്ചു എന്നത് നല്ല വാര്‍ത്തയാണെന്ന് പ്രുഡന്‍ഷ്യലിന്റെ ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് വിന്‍സ് സ്മിത്ത് ഹ്യൂഗ്‌സ് പറയുന്നു. എന്നാല്‍ ലിംഗ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘വിരമിച്ചശേഷമുള്ള സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഉദാഹരണമായി ജോലി നഷ്ടപ്പെട്ടാല്‍ പെന്‍ഷന്‍ സംഭാവന തുടര്‍ന്നുപോകുകയും ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ വളണ്ടറി നാഷണല്‍ ഇന്‍ഷുറന്‍സില്‍ സംഭാവന നടത്തുകയും ചെയ്യുക. ‘ അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം വിരമിക്കാന്‍ തീരുമാനിച്ച മൂന്നിലൊന്ന് സ്ത്രീകള്‍ക്കും പ്രൈവറ്റ് അല്ലെങ്കില്‍ കമ്പനി പെന്‍ഷന്‍ സ്‌കീം ഇല്ലെന്നും പ്രുഡന്‍ഷ്യലിന്റെ പഠനം തെളിയിക്കുന്നു. ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് സ്ത്രീ-പുരുഷ പെന്‍ഷനില്‍ ഏറ്റവും വലിയ വ്യത്യാസമുള്ളത്. വര്‍ഷം 11,700പൗണ്ടിന്റെ വ്യത്യാസമാണിവിടെയുള്ളത്. ഈ സ്ഥലത്ത് വിരമിക്കുന്ന സ്ത്രീയ്ക്ക് ലഭിക്കുന്ന ശരാശരി വാര്‍ഷിക വരുമാനം 10,400പൗണ്ടാണ്. പുരുഷന്‍മാര്‍ക്കിത് 22,100പൗണ്ടും. ഇതിനു വിരുദ്ധമായി തെക്ക് കിഴക്കന്‍ ഭാഗത്ത് പെന്‍ഷന്റെ കാര്യത്തില്‍ സ്ത്രീയ്ക്കും പുരുഷനുമിടയില്‍ യാതൊരു വ്യത്യാസവുമില്ല. ഇവിടെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ശരാശരി വാര്‍ഷിക വരുമാനം 18,100പൗണ്ടാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.