തങ്കപ്പാളികളും രത്നങ്ങളും പതിച്ച മെഴ്സിഡസ് ബെന്‍സ് കാര്‍ വില്പനയ്ക്ക്. പ്രതീക്ഷിക്കുന്ന വില 70 ലക്ഷം പൌണ്ട് സ്റ്റെര്‍ലിംഗ് (56 കോടി രൂപ)!സ്വിറ്റ്സര്‍ലന്‍ഡിലെ കോടീശ്വരനായ ബിസിനസുകാരന്‍ യുവെലി അന്‍ലികെറാണ് തന്റെ ആഡംബര കാര്‍ ശേഖരത്തിലെ ഒരു ബെന്‍സ് കാര്‍ തങ്കവും രത്നങ്ങളും പതിപ്പിച്ച് എഞ്ചിന്റെ ശേഷി കൂട്ടിയും പുതിയ സൂപ്പര്‍ കാറാക്കി പരിഷ്കരിച്ച് ഇപ്പോള്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ‘അന്‍ലികെര്‍ മക്ലറെന്‍ എസ്.എല്‍.ആര്‍ 999 റെഡ് ഗോള്‍ഡ് ഡ്രീം’ എന്ന് ഈ സ്വപ്ന വാഹനത്തിന് പേരു നല്‍കിയിട്ടുണ്ട്.
തിളങ്ങുന്ന ചുവപ്പു പെയിന്റാണ് കാറിന്. പെയിന്റില്‍ അഞ്ചു കിലോഗ്രാം തങ്കപ്പൊടിയും കൂട്ടിച്ചേര്‍ത്ത മിശ്രിതം 24 തവണ കാറിന് മേല്‍ പൂശി, തിളക്കം പോരാ പോരാ എന്ന മട്ടില്‍. കാറിന്റെ വീല്‍ഡ്രമ്മുകളും നട്ടുകളുമെല്ലാം തങ്ക നിര്‍മ്മിതം. ഹെഡ്ലൈറ്റുകളും വാതില്‍ പാനലുകളും തങ്കപ്പാളികളാല്‍ നിര്‍മ്മിച്ചതാണ്. ഉള്‍ഭാഗത്തെ ഡാഷ് ബോര്‍ഡ് ഭാഗങ്ങളും സ്റ്റിയറിംഗ് വീലും തങ്കത്തില്‍ പൊതിഞ്ഞു. സ്വിച്ച് ഗിയര്‍ രത്നഖചിതം. 600 വജ്രക്കല്ലുകളാണ് കാറിന്റെ ഉള്‍ഭാഗത്ത് പലയിടത്തായി അലങ്കരിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
കാര്‍ മോടി പിടിപ്പിച്ചതോടൊപ്പം അതിന്റെ എഞ്ചിന്‍ ശേഷിയും കൂട്ടി. 5.4 ലിറ്റര്‍ എഞ്ചിന് പവര്‍ 640 ബി.എച്ച്.പിയായിരുന്നത് 999 ബി.എച്ച്.പിയാക്കി. കൂടിയ വേഗം മണിക്കൂറില്‍ 210 മൈലായി വര്‍ദ്ധിപ്പിച്ചെന്നര്‍ത്ഥം. 35 ലക്ഷം പൌണ്ടും മുപ്പതിനായിരം മനുഷ്യയത്ന മണിക്കൂറുകളും ചെലവാക്കിയാണ് ‘കോടീശ്വര ഭ്രാന്ത്’ എന്ന് പറയാവുന്ന ഈ കാര്‍ വിസ്മയം സജ്ജമാക്കിയത്. ഇത്രയുമായപ്പോള്‍ കാര്‍ വിറ്റു കളയാമെന്ന് അന്‍ലികെര്‍ തീരുമാനിച്ചതും മറ്റുള്ളവരെ വിസ്മയിപ്പിച്ചിട്ടുണ്ട്. പക്ഷെ ആ പണപ്രഭുവിന്റെ ഇംഗിതങ്ങളെ ചോദ്യം ചെയ്യാനോ സംശയങ്ങള്‍ ചോദിക്കാനോ ആര്‍ക്കും ധൈര്യമില്ലെന്ന് മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല