1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2012

ബ്രിട്ടണിലെ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള കഴിവില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബിരുദം പാസായ ഒരാളില്‍നിന്ന് പ്രതീക്ഷിക്കുന്ന യോഗ്യതയൊന്നും ഒരു ബ്രിട്ടീഷ് വിദ്യാര്‍ത്ഥിക്കുമില്ലെന്നാണ് വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ പലരും ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ബയോഡേറ്റയില്‍നിന്ന് ബിരുദയോഗ്യത വെട്ടിക്കളയുകയും ചെയ്തിരുന്നു. ഇത് ബ്രിട്ടണിലെ വിദ്യാഭ്യാസരീതിയുടെ പ്രശ്നങ്ങളെയും യുവാക്കളുടെ കഴിവില്ലായ്മകളെക്കുറിച്ചും സൂചിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വാര്‍ത്ത പുറത്തുവരുന്നത്. സംഗതി കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടതാണ്. ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഒരു കുടിയേറ്റക്കാരനും ജോലി ലഭിക്കില്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഇംഗ്ലീഷ് അറിയില്ലെങ്കില്‍ വീട്ടിലിരുന്നോളാല്‍തന്നെയാണ് കുടിയേറ്റക്കാരനോട് ബ്രിട്ടീഷ് സര്‍ക്കാര്‍ വീണ്ടും വീണ്ടു പറയുന്നത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്ന ലക്ഷക്കണക്കിന് ബ്രിട്ടീഷ് യുവതി യുവാക്കള്‍ക്ക് യോഗ്യതയില്ലാത്തതിനാല്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഇംഗ്ലീഷ് അറിയില്ല എന്ന ഒറ്റക്കാരണംകൊണ്ട് യോഗ്യരായ കുടിയേറ്റക്കാരെ സര്‍ക്കാര്‍ പുറത്തുനിര്‍ത്തുന്നത്. ഇംഗ്ലീഷ് അറിയില്ലെങ്കില്‍ കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കില്ലെന്ന സര്‍ക്കാര്‍ ക്യാബിനറ്റ് മന്ത്രിയാണ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചത്.

ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ ഗുരുതരമായ പ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന മട്ടിലാണ് ക്യാബിനറ്റ് മന്ത്രി എറിക് പിക്ക്ലെസ് പറഞ്ഞത്. ഇംഗ്ലീഷ് സൊസൈറ്റിയുടെ ഭാഗമായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കണമെന്നാണ് എറിക് പിക്ക്ലെസ് പറഞ്ഞത്. കുടിയേറ്റക്കാരുടെ മക്കളെക്കുറിച്ചാണ് എറിക് പിക്ക്ലെസ് പ്രധാനമായും ഇങ്ങനെ പറഞ്ഞത്. മുതിര്‍ന്ന കുടിയേറ്റക്കാര്‍ ജോലി കിട്ടാത്ത പ്രശ്നമാണ് എറിക് പിക്ക്ലെസ് ചൂണ്ടിക്കാണിച്ചതെങ്കില്‍ കുട്ടികള്‍ക്ക് ബ്രിട്ടീഷ് സൊസൈറ്റിയുടെ ഭാഗമായി മാറാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത പതിനേഴ് ശതമാനം കുട്ടികള്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ സെക്കന്‍ഡറി സ്കൂളില്‍ പന്ത്രണ്ട് ശതമാനം കുട്ടികളും ഇംഗ്ലീഷ് സംസാരിക്കത്തവരായുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പുള്ള കണക്കുവെച്ചുനോക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന തോതിലാണ്. പത്ത് മില്യണ്‍ പൗണ്ടാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ബ്രിട്ടണിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൊതുസമൂഹവുമായി കൂടുതല്‍ ഇടപഴകല്‍ ആവശ്യമുണ്ടെന്നും അതിനുവേണ്ടിയാണ് ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഹിന്ദു, ബ്രിട്ടീഷ് സിഖ്, ബ്രിട്ടീഷ് മുസ്ലീം, ബ്രിട്ടീഷ് ജൂതര്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്കുംകൂടിവേണ്ടിയാണ് താന്‍ ഇങ്ങനെ പറയുന്നതെന്ന് എറിക് പിക്ക്ലെസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.