1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2012

ലണ്ടന്‍ : ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാന്‍ ഒരു വര്‍ഷം വേണ്ട തുക 36,800 പൗണ്ട്. സമൂഹം അംഗീകരിക്കുന്ന ഒരു ജീവിതനിലവാരം കാത്തുസൂക്ഷിക്കാനാവശ്യമായ തുകയാണിത്. സാമൂഹിക നിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിതനിലവാരം കാത്ത് സൂക്ഷിക്കാനുളള ചെലവ് 2008നേക്കാള്‍ മൂന്നിലൊന്ന് കൂടിയതായും ജോസഫ് റോണ്‍ട്രീ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുട്ടികളുടെ പരിചരണത്തിനുളള ചെലവു കൂടിയതും ഗതാഗത ചെലവ് വര്‍ദ്ധിച്ചതും ആനുകൂല്യങ്ങളില്‍ വന്ന കുറവും കുടുംബങ്ങളെ ദോഷകരമായി ബാധിച്ചു.

ലോഗ്‌ബോര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ പോളിസി റിസര്‍ച്ച് യൂണിറ്റാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ചാരിറ്റി സംഘടനയുടെ ആവശ്യപ്രകാരം നടത്തിയ പഠനത്തില്‍ ആളുകള്‍ അംഗീകരിക്കുന്ന മിനിമം ജീവിതനിലവാരത്തിലും താഴെയാണ് യുകെയിലെ ഭൂരിഭാഗം കുടുംബങ്ങളും താമസിക്കുന്നതെന്നും കണ്ടെത്തി. ആരോഗ്യകരമായ ഭക്ഷണം, കാര്‍, വീട് ചൂടാക്കാനുളള ചെലവ് എന്നിവയാണ് ഒരു കുടുംബത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങളുടെ ഗണത്തില്‍ പെടുത്തിയത്. മിനിമം ഇന്‍കം സ്റ്റാന്റേര്‍ഡ് സ്റ്റഡി എന്നു പേരിട്ട പഠനത്തില്‍ ജോലി ചെയ്യുന്ന കുടുംബം, പെന്‍ഷനായ ആളുകള്‍, ഒറ്റക്ക് താമസിക്കുന്ന ജോലിക്കാര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്.

കുട്ടികളുടെ ചെലവിലാണ് കാര്യമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 2008 നേക്കാള്‍ മൂന്നിലൊന്ന് കൂടുതല്‍. ആയിരത്തി തൊളളായിരത്തി തൊണ്ണൂറുകളേക്കാള്‍ ബസ് ചാര്‍ജ്ജ് രണ്ടിരട്ടി കൂടി. അതായത് ചെറിയ കുടുംബത്തിന് കാര്‍ ഒരു ആവശ്യഘടകമായി മാറിയിരിക്കുന്നു. ആനുകൂല്യങ്ങളിലുണ്ടായ വെട്ടിചുരുക്കല്‍ വരുമാനത്തെ കാര്യമായി ബാധിക്കുകയും നികുതി ബാധ്യത കൂട്ടുകയും ചെയ്തു. വര്‍ദ്ധിച്ച് വരുന്ന ജീവിതചെലവ് കണ്ടെത്താനായി പലരും മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ കൂടി കണ്ടെത്തേണ്ടി വരുന്നതായി ജെആര്‍എഫിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജൂലിയ അണ്‍വിന്‍ പറഞ്ഞു. ഗവണ്‍മെന്റ് അടുത്ത വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന പുതിയ ബെനിഫിറ്റ് സിസ്റ്റം ആളുകളെ മിനിമം ഇന്‍കം സ്റ്റാന്റേര്‍ഡ് കണ്ടെത്താന്‍ കൂടുതല്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.