പറഞ്ഞുവരുമ്പോള്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് കണക്കില്ല. നേരെ ചൊവ്വേ ബ്രിട്ടനില്‍ കുടിയേറി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മോഹങ്ങള്‍ക്ക് വിലങ്ങു തടിയിടുന്ന ഇതേ അധികൃതര്‍ തന്നെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്ക് കടക്കാന്‍ അവസരം ഒരുക്കുന്ന തരത്തിലാണ് പെരുമാറുന്നതെന്നതിന് വ്യക്തമായ രേഖയോടു കൂടിയ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യുകെ ബോര്‍ഡര്‍ ജീവനക്കാര്‍ക്ക് മുന്‍പ് ചാനല്‍ ടണല്‍ വഴി ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നതിനിടെ പിടിയിലായവരുടെ ഫിന്‍ഗര്‍ പ്രിന്റ് എടുക്കണ്ട എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
നോര്‍ത്ത് കലൈസിലെ കൊങ്ക്വലസില്‍ യൂറോടണല്‍ വഴി ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ വാഹനസഹിതമാണ് മുന്‍പ് യുകെ ബോര്‍ഡര്‍ ഏജന്‍സി പിടികൂടിയത്. എന്നാല്‍ ഇവര്‍ക്കെതിരെ സാധാരണയായി സ്വീകരിച്ചു വരുന്ന യാതൊരു നടപടികളും സ്വീകരിച്ചില്ല എന്നതാണ് ഏറെ വിചിത്രം. എന്തായാലും ഈ വാര്‍ത്ത പുറത്ത് വന്നതോടു കൂടി ഹോം സെക്രട്ടറി തെരേസ മെയ് കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുകയാണ്. കാരണം കഴിഞ്ഞ വര്ഷം ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ബോര്‍ഡര്‍ നിയന്ത്രണ ഉദ്യോഗസ്ഥരുമായി ഹോം സെക്രട്ടറി തര്‍ക്കിച്ചിരുന്നതാണ്. അതേസമയം ഈ സംഭവം യുകെ ബോര്‍ഡര്‍ ഏജന്‍സി ചീഫായ ബ്രോഡി ക്ലാര്‍ക്കിനാണ് പാരയായത്. ഇദ്ദേഹത്തിന് രാജി തന്നെയാണ് ഇനിയുള്ള ഒരേയൊരു വഴി.
അതേസമയം ഇമിഗ്രന്റ് മിനിസ്റ്ററായ ഡാമിയന്‍ ഗ്രീന്‍ പറയുന്നത്. യുകെ ബോര്‍ഡര്‍ ഏജന്‍സി ജീവനക്കാര്‍ തങ്ങളുടെ ജോലി, പ്രത്യേകിച്ച് വാഹങ്ങള്‍ പരിശോധിക്കുക തുടങ്ങിയവ വളരെ കൃത്യമായി ചെയ്യുന്നുണ്ടെന്നും ഫിന്‍ഗര്‍ പ്രിന്റ് എടുക്കാത്ത കാര്യം വലുതാക്കി കാണേണ്ടതില്ല എന്നുമാണ്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രഞ്ച് പോലീസിനു 2006 മുതല്‍ കൈമാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും തെരേസ മേയും ഡാമിയന്‍ ഗ്രീനും എന്തുകൊണ്ട് ഈ നടപടികള്‍ രഹസ്യമാക്കി വെച്ച് എന്നതിന് മറുപടി പറയേണ്ട അവസ്ഥയാണ് ഇപ്പോള്‍.
കണ്‍സര്‍വേറ്റീവ് എംപി ആയ റോജര്‍ ഗേല്‍ ഇതിന്റെ കാരണം തിരക്കി ഹോം ഓഫീസിനു കത്തയച്ചു കഴിഞ്ഞു. അദ്ദേഹം പറയുന്നത് ഇത്തരത്തില്‍ പിടിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നില്ല എന്നത് തങ്ങളെ ആശങ്കയിലാക്കുന്നു എന്നാണു. അതേസമയം എന്തിനു ഗവണ്‍മെന്റ് ഇത് രഹസ്യമാക്കി വെക്കുന്നു എന്നും അധികൃതര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല