രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്ന പാര്‍ട്ടി ഇടുക്കി ജില്ല സെക്രട്ടറി എം എം മണിയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് സൂചന. മണിയുടെ വിവാദപ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന കൊലക്കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകം നടന്നതായാണ് അറിയുന്നതെന്ന് അന്വേഷണ സംഘം പറയുന്നു.
1982ല്‍ കൊല്ലപ്പെട്ട അഞ്ചേരി ബേബി, 1983ല്‍ കൊല്ലപ്പെട്ട മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വീടുകളിലാണ് പ്രത്യേക അന്വേഷണസംഘ ത്തലവന്‍ എസ്.പി. പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തെളിവെടുപ്പ് നടത്തിയത്.
13 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് മണി വെളിപ്പെടുത്തിയത്. ഒരാളെ വെടിവെച്ചുകൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു എന്നായിരുന്നു മണിയുടെ പരാമര്‍ശം. മുള്ളന്‍ചിറ മത്തായി, അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍ എന്നിവരെ കൊലപ്പെടുത്തിയ കാര്യമാണ് മണി പരാമര്‍ശിച്ചതെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീടുകളിലെത്തി തെളിവെടുപ്പ് നടത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണസംഘം കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയത്. കൊലനടക്കാനിടയായ സാഹചര്യം, സാക്ഷികള്‍, പിന്നീട് സാക്ഷികള്‍ കൂറുമാറാനിടയായ സാഹചര്യം, ഇപ്പോഴത്തെ നിലപാട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും തിരക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കിയാവും തുടര്‍അന്വേഷണം നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല