1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2011

ആവശ്യത്തിനുമാത്രം ഉപയോഗിക്കുക
മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടുമിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്.

ചെവി ചൂടാക്കരുത്
കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല്‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരം സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരം ചെവിയില്‍ വെച്ചിരുന്നാലും ചൂടാവാറില്ല.

ലൗഡ് സ്പീക്കര്‍
കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ലൗഡ്‌സ്പീക്കര്‍ വെച്ച് സംസാരിക്കുക.

ഏത് പോക്കറ്റില്‍ ഇടണം
ഫോണ്‍ ഏതു പോക്കറ്റിലിടണം എന്നത് വലിയ പ്രശ്‌നമാണ്. കൈയില്‍ത്തന്നെ പിടിക്കുന്നതാണ് നല്ലത്. ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയഭാഗത്ത് റേഡിയേഷനടിക്കാം. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍, ഷര്‍ട്ടിന്റെ പോക്കറ്റിലിടരുതെന്ന് പ്രത്യേകം നിര്‍ദേശിക്കാറുണ്ട്. പാന്റ്‌സിന്റെ പോക്കറ്റിലിടാമെന്നു കരുതിയാലോ! പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കുമെന്ന് ചില ഗവേഷകര്‍ പറയുന്നു. ബീജസംഖ്യ 30 ശതമാനം വരെ കുറയാന്‍ ഇതു കാരണമാകാമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ വെച്ച് ഹെഡ്‌ഫോണിലൂടെ സംസാരിക്കുന്നത് തീര്‍ത്തും അപകടമാണ്. ശരീരത്തിന്റെ കീഴ്ഭാഗങ്ങളാണ് മുകള്‍ ഭാഗങ്ങളേക്കാള്‍കൂടുതലായി റേഡിയേഷനുകളെ ആഗിരണം ചെയ്യുന്നതത്രെ. പ്രത്യേക മൊബൈല്‍ പൗച്ചിലിട്ട് കൈയില്‍ പിടിക്കുന്നതു തന്നെ നല്ലത്. സ്ത്രീകളില്‍ ഭൂരിപക്ഷവും പേഴ്‌സിലോ പൗച്ചിലോ ആണ് മൊബൈല്‍ വെക്കുന്നത്. അതുതന്നെ നല്ലരീതി.

കുട്ടികള്‍ക്ക് നല്‍കരുത്
ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി റേഡിയേഷനുകള്‍ ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര്‍ന്നേക്കാം. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പലേടത്തും വിലക്കുകളുണ്ട്. ഫ്രാന്‍സില്‍ ഇതിന് നിയമവുമുണ്ട്. കാനഡയിലാകട്ടെ, കുട്ടികള്‍ക്കും കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കുമായി റേഡിയേഷന്‍ കുറഞ്ഞ പ്രത്യേകമൊബൈല്‍ ഫോണുകള്‍ തന്നെ മാര്‍ക്കറ്റിലുണ്ട്.

ഹെഡ് ഫോണുകളും അപകടം
വയര്‍ഹെഡ്‌ഫോണുകള്‍ കൂടുതല്‍ നേരം വെച്ചു കൊണ്ടിരിക്കരുത്. വയര്‍ ഹെഡ്‌ഫോണുകള്‍ പലപ്പോഴും ആന്റിന പോലെ പ്രവര്‍ത്തിച്ച് കൂടുതല്‍ റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ താരതമ്യേന ഭേദമാണ്. ഹെഡ്‌ഫോണുണ്ടെങ്കിലും മൊബൈല്‍ കൈയിലെടുത്തു പിടിച്ചുകൊണ്ടേ സംസാരിക്കാവൂ. സംസാരിക്കുന്ന സമയത്ത് കൂടുതല്‍ റേഡിയേഷനുകളുണ്ടാവും. ഇത് ശരീരകോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.

യാത്രക്കിടയില്‍ ഒഴിവാക്കുക
ലിഫ്റ്റുകളിലും അത്തരത്തിലുള്ള ചെറിയ കുടുസ്സുകളിലുമൊക്കെയായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. വാഹനങ്ങള്‍ തുടങ്ങിയ ലോഹമുറികളില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ കണക്്ഷന്‍ നിലനിര്‍ത്താന്‍ വളരെയധികം ഊര്‍ജം വിനിയോഗിക്കേണ്ടിവരും. ട്രെയിനില്‍ വെച്ച് കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിച്ചാല്‍ അമിതറേഡിയേഷനുണ്ടാവുകയും ചിലപ്പോള്‍ ഉപകരണത്തിനു തന്നെ കേടുപാടുകളുണ്ടാവുകയും ചെയ്യാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ തുടങ്ങിയവയുടെ അടുത്തു നിന്ന് മൊബൈല്‍ ഉപയോഗിക്കരുത്.

ചെവിയോട് ചേര്‍ത്തുപിടിക്കേണ്ടതെപ്പോള്‍
ഫോണ്‍ കണക്റ്റു ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. കണക്റ്റു ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്. നല്ലതുപോലെ സിഗ്നലുള്ളിടത്തു നിന്നു മാത്രം മൊബൈല്‍ ഉപയോഗിക്കുക. ദുര്‍ബലസിഗ്നലുകളുള്ളിടത്തു നിന്നു വിളിക്കുമ്പോള്‍ വളരെക്കൂടുതല്‍ റേഡിയേഷനുണ്ടാകും.

ബാറ്ററി ചാര്‍ജ്
ബാറ്ററിചാര്‍ജ് കുറവായിരിക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫോണ്‍ എപ്പോഴും ചാര്‍ജ് ചെയ്തിരിക്കാന്‍ ശ്രദ്ധിക്കുക.

എസ്.എ.ആര്‍ കുറഞ്ഞ സെറ്റ്
സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് (എസ്.എ.ആര്‍) ഏറ്റവും കുറഞ്ഞ ഫോണ്‍ വാങ്ങുക. ഫോണിനൊപ്പമുള്ള ഇന്‍സ്ട്രക്്ഷന്‍ മാനുവലില്‍ എസ്എആര്‍ എത്രയെന്ന് പറയാറുണ്ട്. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വന്‍സി എനര്‍ജി എത്രയാണെന്നുള്ള സൂചകമാണ് എസ്എആര്‍. ഇത് കുറയുന്നതനുസരിച്ച് റേഡിയേഷന്‍ കുറയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.