ജയിലില്‍ തടവുപുള്ളികള്‍ വരച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ സിപിഎം നേതാക്കള്‍ മാത്രമല്ല സിനിമാതാരങ്ങളും. ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സിപിഎം നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും തടവുകാര്‍ വരച്ചവയില്‍ ഉള്‍പ്പെടുന്നു.
കേരളത്തിലെ എല്ലാ ജയിലുകളിലുമായി അഞ്ഞൂറിലധികം ചുവര്‍ ചിത്രങ്ങളുണ്ട്. ചെഗുവേരയുടെ ചിത്രമാണ് ജയില്‍ ചുമരുകളിലിടം പിടിച്ചവയില്‍ അധികവും. രണ്ടാം സ്ഥാനം ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്കാണ്. മോഹന്‍ലാലും മമ്മൂട്ടിയും റിമ കല്ലിങ്കലും വരെ ജയില്‍ ചുമരുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. മുദ്രാവാക്യങ്ങള്‍ക്ക് പുറമേ വേദപുസ്തകങ്ങളിലെ വരികളും ചുമരില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില് സന്ദര്‍ശിച്ചതോടെയാണ് തടവുപുള്ളികള്‍ വരച്ച ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന് പിന്നാലെ കണ്ണൂര്‍ ജയിലിലെ ചിത്രങ്ങള്‍ മികച്ച കലാസൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് വിവാദത്തിന് കൊഴുപ്പേകി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ തടവുകാരുടെ കലാസൃഷ്ടിയായി കാണാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ജയില്‍ പരിഷ്‌കരണത്തിനു വേണ്ടി നിര്‍ണായക നടപടികള്‍ ഉടന്‍ തുടങ്ങും. എല്ലാ കാര്യത്തിലും നീതി തുല്യമായ നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല