1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2012


ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെന്നാണു പാര്‍ലമെന്റിനെയും നിയമസഭകളെയും വിശേഷിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിനും വേണ്ടി ഗൌരവപൂര്‍ണമായ ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും നടത്തേണ്ട ഇത്തരം ഇടങ്ങളില്‍ ഇന്നു നടക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്ന പ്രവൃത്തികളാണ്. വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ നിയമനിര്‍മാണസഭകള്‍ തെരുവുപോരാട്ടത്തിന്റെ വേദികളായി മാറാറുണ്ട്. നമ്മുടെ നിയമനിര്‍മാണസഭകളുടെ അന്തസ് ഇടിഞ്ഞുകൊണ്ടിരിക്കയാണെന്നു പറയാതെ വയ്യ. ഇതു വേഗത്തില്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അന്തസില്ലായ്മ എവിടെവരെ എത്തുമെന്നു പറയാനാവില്ല. ജനപ്രതിനിധികള്‍ അവരുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കണം, എന്താ വേണ്ടേ?

കര്‍ണാടകയുടെ കാര്യം തന്നെയെടുത്താല്‍, ടൈറ്റ് ജീന്‍സും ഇറുകിയ ടീ ഷര്‍ട്ടും ധിരിച്ചു പബിലെത്തിയ സുന്ദരിയെ “മോറല്‍ പൊലീസു’കാര്‍ അടിച്ചു വീഴ്ത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതേയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ 2011 ജനുവരി 25നായിരുന്നു മംഗലാപുരത്തെ ഈ മോറല്‍ പൊലീസ് ലാത്തിച്ചാര്‍ജ്! അല്‍പ്പവസ്ത്രം ധരിച്ച് അഴിഞ്ഞാടുന്നവരെ അടിച്ചോടിക്കുമെന്നു തന്നെയായിരുന്നു കര്‍ണാടക സംസ്കാര സംരക്ഷണത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തവരുടെ ഉറച്ച നിലപാട്. പബ്ബില്‍ തല്ലുകൊണ്ട യുവതി അല്‍പ്പ വസ്ത്ര ധാരിയായിരുന്നില്ല എന്നതു മറ്റൊരു കാര്യം. ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ ഇറുക്കം മോറല്‍ പൊലീസ് അനുവദിക്കുന്ന “അഴകളവി’ലും കൂടതലായിരുന്നത്രേ!. പബ് സംസ്കാരം, നീലച്ചിത്രം, ഡാന്‍സ് ബാര്‍, മരം ചുറ്റി പ്രേമം… ഒന്നും വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു മുന്നറിയിപ്പ്.

മോറല്‍ പൊലീസിനെ പേടിച്ചാണോ കര്‍ണാടകത്തിലെ മൂന്നു മന്ത്രിമാര്‍ നീലച്ചിത്രാസ്വാദനം നിയമസഭയ്ക്കുള്ളിലാക്കിയതെന്നു നിശ്ചയമില്ല. ഏതായാലും കര്‍ണാടകത്തിലെ ബിജെപി മന്ത്രിസഭയ്ക്കു വിവാദങ്ങള്‍ പുത്തരിയല്ല. ദക്ഷിണേന്ത്യയിലെ ഏക ബിജെപി മന്ത്രിസഭയെ കേന്ദ്രീകരിച്ചുള്ള ഈ വിവാദങ്ങളെല്ലാം ആഭരണങ്ങളായാണു പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ കണക്കാക്കുന്നതെന്നു തോന്നുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ മേലങ്കിയണിഞ്ഞ് അഴിമതിക്കും അധര്‍മത്തിനുമെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പാര്‍ട്ടിയാണ് അഴിമതിക്കഥകളിലും ലജ്ജാകരമായ വാര്‍ത്തകളിലും പെടുന്നതെന്നത് ഏറെ കഷ്ടം. രാജ്യഭരണം ഏറ്റെടുക്കാന്‍ വെമ്പല്‍പൂണ്ട് രഥയാത്ര നടത്തുന്ന നേതാക്കള്‍ക്കും നാഴികയ്ക്കു നാല്പതുവട്ടം അഴിമതിവിരുദ്ധത പ്രസംഗിക്കുന്നവര്‍ക്കും കര്‍ണാടകയില്‍ ബിജെപി നടത്തുന്ന സംസ്കാരശൂന്യമായ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ച് എന്താണു പറയാനുള്ളത്?

സുന്ദരിയായ ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യമായിരുന്നു ചിത്രത്തിന്‍റെ തുടക്കമെന്നു വാര്‍ത്ത. തുടര്‍ന്നു വിവസ്ത്രയായ അവര്‍ “അണ്‍ പാര്‍ലമെന്‍ററി ‘ നടപടികളിലേക്കു നീങ്ങുകയായിരുന്നത്രേ. എന്നാല്‍, തങ്ങള്‍ കണ്ടതു നീലച്ചിത്രമല്ലെന്നു സവദി ആണയിടുന്നു. നാലു പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നത്രേ അതില്‍!. മദ്യവും മയക്കുമരുന്നും വിളമ്പുന്ന രാത്രികാല സല്‍ക്കാരങ്ങള്‍ (റേവ് പാര്‍ട്ടികള്‍) സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിന്‍റെ ഭാഗമായാണു താന്‍ ചിത്രം കണ്ടതെന്ന് അദ്ദേഹം പറയുന്നു. ഇവിടെ ഒരു ലോ പോയിന്‍റുണ്ട്. എന്തൊക്കെയാണു നീലച്ചിത്രങ്ങളുടെ നിര്‍വചനത്തില്‍ വരിക? ബലാത്സംഗ ദൃശ്യങ്ങള്‍ നീലച്ചിത്രമാകുമോ? ഇല്ലെന്നു വന്നാല്‍, നീലച്ചിത്ര നിര്‍മാതാക്കള്‍ക്ക് അതൊരു സുരക്ഷിത പാത തുറന്നു നല്‍കും. അതു വേറൊരു വിഷയം.

നാടു നന്നാക്കാന്‍ ശ്രിക്കുന്നതിന്‍റെ ഭാഗമായിരുന്നു അതെങ്കില്‍, പിന്നെന്തിനു മന്ത്രിമാര്‍ രാജിവയ്ക്കണം? ചിത്രം കാണിച്ചാലും രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിനു ബോധ്യമാകണമെന്നില്ല. പക്ഷേ, പാര്‍ട്ടി നേതൃത്വത്തെയും സ്പീക്കറെയും ഗവര്‍ണറെയും ആ ചിത്രമൊന്നു കാണിച്ചാല്‍ മതിയായിരുന്നില്ലേ? അതിനും മന്ത്രിമാര്‍ക്കു മറുപടിയുണ്ട്. ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പിന്നെങ്ങനെയാണു സര്‍ക്കാരിനു പ്രതിസന്ധിയുണ്ടാകുക? ക്ഷീരമുള്ളോരകിടില്‍ ചുവട്ടിലും… ചോര തന്നെയല്ലോ കോണ്‍ഗ്രസിനും ജനതാദളിനും പഥ്യം!

രാഷ്ട്രീയക്കാരുടെ പതിവു പ്രയോഗമാണു നിരപരാധിത്വം തെളിയിച്ചു തിരിച്ചുവരും എന്നത്. ഈ വാചകം ഇവരും ആവര്‍ത്തിച്ച് ആണയിടുന്നു, ഞങ്ങള്‍ അഗ്നിശുദ്ധി തെളിയിച്ചു തിരിച്ചെത്തും! എന്തിനാണു നിരപരാധിത്വം തെളിയിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കുന്നതെന്നു വ്യക്തമല്ല. ആ ചിത്രം നാലാമതൊരാളെ കാണിച്ചാല്‍, അല്ലെങ്കില്‍, മാധ്യമങ്ങളെ കാണിച്ചാല്‍ തീരാവുന്നതേയുള്ളൂ പ്രശ്നം. കാണിക്കുന്നില്ല, കാണിക്കാമെന്നു പറയുന്നില്ല എന്നതാണു പ്രശ്നം. പ്രായപൂര്‍ത്തിയായവരെപ്പോലും കാണിക്കാന്‍ പറ്റാത്തതെന്തോ ആണു മൊബൈലില്‍ ഉള്ളതെന്നുറപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.