1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2011

ലണ്ടന്‍: ആഹാരക്രമത്തില്‍ റെഡ് മീറ്റ് കുറയ്ക്കുന്നത് ഉദരാശയ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യു.കെയില്‍ ഓരോ വര്‍ഷവും 17,000 പേരെ ഉദരാശയക്യാന്‍സര്‍ പിടികൂടുന്നതില്‍ റെഡ് മീറ്റ് കാരണമാകുന്നുവേന്നാണ് റിപ്പോര്‍ട്ട്. ദ വേള്‍ഡ് ക്യാന്‍സര്‍ റിസേര്‍ച്ച് ഫണ്ടിന്റെ പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. വറുത്ത ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ കഴിക്കുന്നത് ഈ രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെളുത്തുള്ളിയും, കാല്‍സ്യവും ശരീരത്തെ ഉദരാശയ ക്യാന്‍സറില്‍ നിന്നും രക്ഷിക്കുമെന്നും പഠനത്തില്‍ വ്യക്തമായി.

ഉദരാശയ ക്യാന്‍സറും, ചുവന്ന ഇറച്ചിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ അടുത്തിടെ നടന്ന പഠനങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ദ വേള്‍ഡ് ക്യാന്‍സര്‍ റിസേര്‍ച്ച് ഫണ്ട് പറയുന്നു. സംസ്‌കരിച്ചെടുത്ത മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നും ചുവന്ന മാംസം കഴിക്കുന്നത് നിയന്ത്രിക്കണമെന്നും റിസര്‍ച്ച് ഫണ്ട് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2007 ഉദരാശയ ക്യാന്‍സറുമായി ബന്ധപ്പെട്ട് ഇവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ഉറപ്പിക്കുന്നതോടൊപ്പം നാരുകള്‍ ധാരളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കാനും പുതിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

പാല്‍ ഉദരാശയ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും. എന്നാല്‍ പാലുല്‍പന്നങ്ങള്‍ ക്യാന്‍സര്‍ കുറയ്ക്കുമെന്നതിന് തെളിവ് ലഭിച്ചിട്ടില്ലാത്തതിനാല്‍ അവ WCRF ശുപാര്‍ശ ചെയ്യുന്നില്ല. കാല്‍സ്യം അടങ്ങിയ സപ്ലിമെന്റുകള്‍ ഒരു പക്ഷേ ഗുണകരമായിരിക്കാം. എന്നാല്‍ ഇത് ആഹാര സാധനങ്ങളില്‍ നിന്നു തന്നെ ശരീരത്തിലെത്തണമെന്നതിനാണ് പുതിയ റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

മദ്യം സ്ത്രീയിലും പുരുഷനിലും ഉദരാശയ ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ക്യാന്‍സറുകളില്‍ എളുപ്പം തടയാന്‍ കഴിയുന്നതാണ് ഉദരാശയ ക്യാന്‍സറെന്ന് റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചു പറയുന്നു. ബ്രിട്ടനിലുണ്ടാവുന്ന 43% ഉദരാശയ ക്യാന്‍സറുകളും ആഹാരക്രമത്തില്‍മേല്‍ പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയാല്‍ തടയാവുന്നതേയുള്ളൂ. ഇത് വര്‍ഷം 17,000 പുതിയ കേസുകള്‍ ഉണ്ടാവുന്നത് തടയുമെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.