1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2011

ഹിപ്പികളെ നിരോധിക്കാന്‍ പോലീസുകാര്‍ പരക്കം പാഞ്ഞതു കേരളത്തിലെ പഴയ കഥ. ഹിപ്പി സ്റ്റൈല്‍ സംസ്കാരത്തിന്‍റെ ഭാഗമായത് അമേരിക്കയുടെ ചരിത്രം. ഇപ്പോഴിതാ റോക്ക് സ്റ്റൈല്‍ വിദ്യാര്‍ഥിക്കു പാരയായ ബ്രിട്ടിഷ് സ്റ്റോറിയും. പതിനൊന്നുകാരന്‍ റീഗന്‍ സ്മിത്തിന്‍റെ ഫാഷന്‍ സ്വപ്നങ്ങള്‍ മോഡേണാണ്. എപ്പോഴും ലേറ്റസ്റ്റ് ട്രെന്‍ഡില്‍ ജീവിക്കാനാണ് ഇഷ്ടം. കോട്ടും സ്യൂട്ടും ടൈയുമൊക്കെ അണിഞ്ഞ് എക്സിക്യൂട്ടിവ് ഡ്രസിങ്ങ് ഒരു ദിവസം. പിറ്റേന്നാള്‍ പങ്ക് റോക്ക് സ്റ്റൈല്‍. ബ്രിട്ടനിലെ വാറിങ്ടണിലുള്ള പെന്‍കത് ഹൈ സ്കൂളില്‍ താരമാണു റീഗന്‍. അച്ഛന്‍റേയും അമ്മയുടേയും പൂര്‍ണ പിന്തുണയോടെ ഹെയര്‍ സ്റ്റൈലില്‍ ചെറിയൊരു മാറ്റം വരുത്തിയതോടെ ബ്രിട്ടനിലാകെയും ലോകത്തിന്‍റെ പലഭാഗത്തും റീഗന്‍റെ ഫോട്ടൊ പ്രത്യക്ഷപ്പെട്ടു.

മൊഹിക്കന്‍ സ്റ്റൈലില്‍ മുടി മുകളിലേക്കു പൊക്കി നിര്‍ത്തി സ്കൂളിലെത്തിയ റീഗനെ ക്ലാസില്‍ നിന്നു പുറത്താക്കി. ഈ വാര്‍ത്ത കേട്ട് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ക്കു ഹാലിളകിയെന്ന് പറഞ്ഞാല്‍ മതിയല്ലോ . നെറുകയില്‍ മുള്ളുപോലെ നില്‍ക്കുന്ന മുടിവെട്ടാതെ സ്കൂളിന്‍റെ പടി കയറരുതെന്നാണ് അധ്യാപകരുടെ ഉത്തരവ് പുറകെ വന്നു. സ്കൂളില്‍ പോയില്ലെങ്കിലും കുഴപ്പമില്ല മുടി വെട്ടാന്‍ തയാറല്ലെന്നാണു റീഗന്‍റെ നിലപാട്. ഇഷ്ടപ്രകാരം മുടിവെട്ടാനുള്ള സ്വാതന്ത്ര്യമില്ലേ എന്നു ചോദിച്ചുകൊണ്ട് രക്ഷിതാക്കളുമുണ്ട് കൂടെ.

ബ്രിട്ടനിലെ ഒരു വിദ്യാര്‍ഥിക്ക് മുടിവെട്ടാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു ടിവി ചാനലുകള്‍. കുട്ടികള്‍ ഇഷ്ടപ്രകാരം വെട്ടട്ടെ, സ്കൂളിന്‍റെ ചിട്ടകള്‍ക്കു വിരുദ്ധം… അഭിപ്രായങ്ങളങ്ങനെ പലവിധം. ഹെയര്‍ സ്റ്റൈ ല്‍ മാറ്റിയതോടെ റീഗന്‍ പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പതിച്ചു തുടങ്ങിയെന്നു പറയുന്നു ക്രിസ്റ്റി. മകനെ വീട്ടിലിരുത്തേണ്ട ഗതികേടാണിപ്പോഴുള്ളതെന്നാണ് ഈ അമ്മയുടെ വിഷമം. മകന്‍ സ്റ്റൈലായി തലമുടി വെട്ടിയതില്‍ തെറ്റൊന്നും കാണുന്നില്ല ക്രിസ്റ്റി. മുടി എങ്ങനെ വെട്ടണമെന്നതു കുട്ടികളുടെ വ്യക്തിപരമായ തീരുമാനമാണ്. അതില്‍ ടീച്ചര്‍മാര്‍ എന്തിന് ഇടപെടുന്നു…? ക്രിസ്റ്റി ചോദിക്കുന്നു.

തലമുടിയില്‍ കോപ്രായം കാണിച്ചിട്ടുള്ള എത്രയോ കുട്ടികളുണ്ട് അതേ സ്കൂളില്‍. മുടി അലസമായി ഇടുന്നവരും ചറപറാ പറപ്പിച്ചു വരുന്നവരുമൊക്കെയുണ്ട്. അതിനേക്കാള്‍ എത്രയോ ഭംഗിയുണ്ട് റീഗന്‍റെ ഹെയര്‍ സ്റ്റൈലിന്… ക്രിസ്റ്റി പറയുന്നതിനെല്ലാം തലയാട്ടിക്കൊണ്ട് കൂടെയുണ്ട് റീഗനും. ആറു വര്‍ഷമായി ഞാന്‍ ഈ സ്റ്റൈലിലേക്കു മാറിയിട്ട്. ഹെയര്‍ സ്റ്റൈല്‍ മാറ്റിയാല്‍ എന്‍റെ ലുക്ക് നഷ്ടപ്പെടും. എല്ലാവരും എന്നെ തിരിച്ചറിയുന്നത് ഈ ലുക്കിലാണ്. ഇതില്ലാതെ എന്നെക്കുറിച്ചു സങ്കല്‍പ്പിക്കാന്‍പോലും സാധിക്കുന്നില്ല. കൂടെ പഠിക്കുന്നവര്‍ക്കെല്ലാം ഇഷ്ടമാണ് ഈ സ്റ്റൈല്‍. ഇതുപോലെ മുടിവെട്ടാന്‍ താത്പര്യമുള്ള ഒരുപാടു കൂട്ടുകാരുണ്ട്. പേടിച്ചിട്ടാണ് അവരൊന്നും മൊഹിക്കന്‍ സ്റ്റൈലിലേക്കു മാറാത്തത്… റീഗന്‍ മനസു തുറക്കുന്നു.

ക്രിസ്റ്റിയും ഭര്‍ത്താവ് ആന്‍ഡിയും സ്കൂളില്‍ പോയി കുറേ അഭ്യര്‍ഥനകള്‍ നടത്തിയെങ്കിലും മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി റീഗനെ പഠിപ്പിക്കാന്‍ അധ്യാപകര്‍ തയാറായില്ല. സ്കൂളിലെ മര്യാദകള്‍ പാലിക്കാതെ റീഗനെ പഠിപ്പിക്കാനാവില്ലെന്നു തന്നെയാണ് അവരുടെ നിലപാട്. ക്രിസ്റ്റിയേയും ആന്‍ഡിയേയും റീഗനേയും ഒരുമിച്ച് സ്കൂളിലേക്കു വിളിച്ച് ഒരു വട്ടംകൂടി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട് ഹെഡ് ടീച്ചര്‍ ജെഫ് ഹഫ്സ്. ഇതിനിടെ മറ്റു ചില സ്കൂളുകളില്‍ റീഗന് അഡ്മിഷനു ശ്രമിച്ചെങ്കിലും അവിടെയും മുള്ളുപോലെയുള്ള മുടി തടസമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.