1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2012

ഓഫീസ് മുറികള്‍ അലങ്കരിക്കുകയെന്നത് ചെയ്യേണ്ട ഒരു പണിതന്നെയാണ്. രാജ്യത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും മറ്റും ഓഫീസ് മുറികളും പരിസരങ്ങളും വൃത്തിയായും ശുചിയായും സൂക്ഷിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിലെ മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും വീടുകളും ഓഫീസ് മുറികളും നല്ല വൃത്തിയായിട്ടുതന്നെയാണ് സൂക്ഷിക്കുന്നത്. എന്നാല്‍ വൃത്തിയായി സൂക്ഷിക്കുക, അലങ്കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോഴെല്ലാം ഓര്‍ക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ഇതെല്ലാം ചെയ്യുന്നത് ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ് ചെയ്യുന്നതെന്ന കാര്യമാണ് ഓര്‍ക്കേണ്ടത്. എന്നാല്‍ ബ്രിട്ടണിലെ എംപിമാരുടെ ഓഫീസ് അലങ്കരിക്കാന്‍ ചെലവാക്കുന്ന പണത്തിന്റെ കണക്ക് കേട്ടാല്‍ ഞെട്ടിപ്പോകും.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെ എംപിമാരുടെ ഓഫീസ് അത്തിമരങ്ങള്‍ക്കൊണ്ട് അലങ്കരിക്കാന്‍ ചെലവാക്കിയിരിക്കുന്ന തുക ഏതാണ്ട് 400,000 പൗണ്ടുവരും. ഫ്ലോറിഡയില്‍നിന്നും കൊണ്ടുവന്ന അത്തിമരങ്ങളാണ് എംപിമാരുടെ ഓഫീസായ പോര്‍ട്ട്കുളീസിന് മുമ്പില്‍ വെച്ചിരിക്കുന്നത്. ഇത് വെച്ച് പിടിപ്പിച്ചതല്ല എന്നതാണ് രസകരം. 2001 മുതല്‍ പന്ത്രണ്ട് അത്തിമരങ്ങള്‍ ഇവിടെ വെച്ചിരിക്കുന്നത്. എംപിമാര്‍ക്ക് ചായ കുടിക്കാനും ഇരിക്കാനുമെല്ലാമുള്ള ഇടങ്ങളായിട്ടാണ് അത്തിമരം ഉപയോഗിക്കുന്നത്.

ഒരുവര്‍ഷം 32,500 പൗണ്ടുവീതം പത്ത് വര്‍ഷംകൊണ്ട് 370,000 പൗണ്ട് വാടകയും കൂട്ടത്തില്‍ ടാക്സുമെല്ലാംകൂടി വന്നതോടെ 400,000 പൗണ്ടാണ് ചെലവാകുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 213 എംപിമാര്‍ക്കുവേണ്ടിയുള്ള ഓഫീസുകളാണ് പോര്‍ട്ട്കുളീസില്‍ പ്രവര്‍ത്തിക്കുന്നത്. നികുതിവര്‍ദ്ധവും ശമ്പളക്കുറവും തൊഴിലില്ലായ്മയും സാമ്പത്തികമാന്ദ്യവുമെല്ലാം രൂക്ഷമായിട്ട് നില്‍‌ക്കുന്ന സാഹചര്യത്തില്‍ മരത്തണലിനുവേണ്ടി ഇത്രയും പണം മുടക്കുന്നത് അപഹാസ്യമാണെന്ന വിമര്‍ശനം ഇപ്പോള്‍തന്നെ ഉയര്‍ന്നുകഴിഞ്ഞു.

അത്തിമരങ്ങള്‍ക്കുവേണ്ടി വര്‍ഷത്തില്‍ ചിലവാക്കുന്ന പണം ഇരുപത്തിയൊന്ന് പട്ടാളക്കാര്‍ക്കോ പതിനെട്ട് മിഡ്‌‍‌വൈഫുമാര്‍ക്കോ കൊടുക്കാവുന്ന ശമ്പളത്തിന്റെ അത്രയും വരുമെന്നാണ് ഉയരുന്ന ഒരാരോപണം. ഇത്രയും പണം മുടക്കി മരങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് പകരം തൈകള്‍ വിലയ്ക്കുവാങ്ങി നട്ടുവളര്‍ത്തുന്നതായിരുന്നു നല്ലതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.