1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2011

<

ജനങ്ങളുടെ ജീവന്‍ വെച്ച് വില പേശുന്നത് അത് രാഷ്ട്രമായാലും, സംസ്ഥാനമായാലും അംഗീകരിക്കാനാവാത്ത, മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ജീവന് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനോടു അനുബന്ധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍, മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത നരാധമന്‍മാര്‍ക്കെ ഇത് കണ്ടില്ലെന്നു നടിക്കാനാകൂ, ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ്‌, കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പ്‌ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ മലയാളിയുടെ മേല്‍ അടിച്ചേല്‍പ്പിച്ച ക്രൂരതയാണിത്.

1886 ഒക്റ്റോബര്‍ 21 നു തിരുവിതാകൂര്‍ മഹാരാജാവിന്റെ മേല്‍ മദ്രാസിലെ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ചതാണ് ഈ പാട്ട കരാര്‍. ഇരുപതു വര്‍ഷത്തെ വാദപ്രതിവാദത്തിന് ശേഷം ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ കരാറില്‍ ഒപ്പിട്ടത്. വെറും അമ്പതു വര്ഷം ആയുസുള്ള ഈ പാട്ടക്കരാര്‍ അന്ന് 999 വര്‍ഷത്തേക്ക് അടിച്ചേല്‍പ്പിച്ചപ്പോള്‍ നിരവധി ചതിക്കുഴികള്‍ അതിലുണ്ടായിരുന്നു.

ഇവയെ കുറിച്ച് വിശാഖം തിരുനാള്‍ മഹാരാജാവിനു പൂര്‍ണ ബോധ്യം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം നിസഹായനായിരുന്നു. കരാറില്‍ ഒപ്പ് വെക്കാന്‍ ദിവാന്‍ രാമയ്യങ്കാര്‍ക്ക് അനുമതി നല്‍കുമ്പോള്‍ വേദനയോടെ വിശാഖം തിരുനാള്‍ മഹാരാജാവ്‌ പറഞ്ഞത് എന്റെ രക്തം കൊണ്ടാണ് കരാറിനു അനുമതി നല്‍കുന്നത് എന്നാണു. തിരുവിതാംകൂറിന്റെ എണ്ണായിരം ഏക്കര്‍ ഭൂപ്രദേശം വെള്ളത്തിനടിയിലാക്കി കൊണ്ടാണ് ഈ അണക്കെട്ട് രൂപം കൊണ്ടത്‌. ഒരു വര്‍ഷത്തേക്ക് വെറും അഞ്ചു രൂപയ്ക്കായിരുന്നു കരാര്‍.

ഇത് തമിഴ്നാടിന്റെതാണ് എന്നവകാശപ്പെട്ടുകൊണ്ട് പാട്ടക്കരാര്‍ തമിഴ്നാട് തുടരെ തുടരെ ലംഘിച്ചപ്പോള്‍ തിരുവിതാംകൂറിനു വേണ്ടി സര്‍ സി പി രാമസ്വാമി അയ്യരാണ് നിയമനടപടികളുമായി മുന്നോട്ടു പോയത്. 1941 മേയ് 12 നു മുല്ലപ്പെരിയാര്‍ അണക്കെട്ട് കേര്ലതിന്റെത് മാത്രമാണെന്ന് അമ്പയര്‍ വിധിച്ചു.

പത്തനംതിട്ട ജില്ലയില്‍ സമുദ്ര നിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവഗിരി കൊടുമുടിയാണ് മുല്ലപ്പെരിയാറിന്റെ ഉത്ഭവകേന്ദ്രം.ഇവിടെ നിന്നും പതിനേഴു കിലോ മീറ്ററോളം താഴേക്കു ഒഴുകി എണ്ണൂറ് മീറ്റര്‍ ഉയരമുള്ള ഭൂപ്രദേശത്ത് എത്തുന്നതോടെയാണ് മുല്ലയാരും പെരിയാറും ചേര്‍ന്ന് മുല്ലപ്പെരിയാര്‍ ആകുന്നതു. അതായത് കേരളത്തില്‍ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന നടിയാണ് മുല്ലപ്പെരിയാര്‍.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ്‌ നാട്ടുരാജ്യങ്ങള്‍ ആയ മദിരാശിയും തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ കരാര്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം, കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുന്ടെന്നു സംശയിച്ചാല്‍ തെറ്റ് പറയാനാകില്ല.

രണ്ടു നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഈ പാട്ടക്കരാര്‍ ഒരുനാടു മറ്റേ രാജ്യത്തോടു ചെയ്യുന്ന അനീതിയാണെന്ന് സര്‍ സി.പി. രാമസ്വാമി വാദിച്ചിരുന്നു. എന്നാല്‍ 1970 മേയ് 29 നു മുഖ്യമന്ത്രി സി.അച്യുതമേനോന്റെ കാലത്ത് ഈ കരാര്‍ വീണ്ടും 999 വര്‍ഷത്തേക്ക് പുതുക്കി നല്‍കിയതിനു പിന്നിലെ രഹസ്യമെന്താണ്? ഈ കരാറാണ് ഇപ്പോള്‍ തമിഴ്നാട് ഉയര്‍ത്തിക്കാട്ടുന്നത്. അഴിമതിക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ കേരളത്തെ ബലി കൊടുത്തതാണോ?

കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട് നിര്‍മിച്ച ഈ അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തിയിട്ട് പതിറ്റാണ്ടുകളായി. സുര്‍ക്കിയും ചുണ്ണാമ്പും ഒലിച്ചുപോയിട്ടാണ് വിള്ളലുകളും ചോര്‍ച്ചയും ഉണ്ടായത്. ഇന്ന് ലോകത്ത് നാല്പത്തി ഏഴായിരത്തോളം വന്‍കിട അന്ക്കെട്ട്കള്‍ ഉണ്ടെങ്കിലും നൂറു വര്ഷം പിന്നിട്ട ചുരുക്കം ചില അണക്കെട്ടുകളെ നിലവിലുള്ളൂ. അതിലൊന്നാണ് അമ്പതു വയസ ആയുസ നിശ്ചയിച്ചിരുന്ന ഈ മുല്ലപ്പെരിയാര്‍ അണകെട്ട്.

സുപ്രീം കോടതി നിയമിച്ച വിദഗ്ത സമിതി നടത്തിയ പരിശോധനയില്‍ ഈ അണക്കെട്ടിന്റെ അടിഭാഗത്ത് വിള്ളലുകളും ക്ഷതങ്ങള്മുള്ളതായി കണ്ടെത്തി. ജലനിരപ്പില്‍ നിന്നും 110 അടി താഴെ ഒട്ടേറെ ദ്വാരങ്ങളും ഉള്ളതായി പറയുന്നു. അണക്കെട്ടിന്റെ ജലാന്തര്‍ ഭാഗത്ത് കല്‍ക്കൂനകളും കണ്ടെത്തി. 1988,98,2000,2001,2008 വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് നിരവധി തവണ ഭൂചലനങ്ങള്‍ ഉണ്ടായി. ഈ വര്ഷം ഇതുവരെ ഇരുപത്തിയാറു തവണയാണ് മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ അടുത്തായി ഭൂചലനം ഉണ്ടായത്.

റിക്റ്റര്‍ സ്കെയിലില്‍ 3.4 രേഖപെടുത്തിയ ഭൂചലനമാണ് ഏറ്റവും ഒടുവില്‍ ഉണ്ടായത്. റിക്റ്റര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തുന്ന ഭൂചലനത്തെ താങ്ങാന്‍ ഇപ്പോഴത്തെ ഈ അണക്കെട്ടിനു കഴിയില്ലയെന്നു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നില്‍ക്കുന്ന പ്രദേശത്തെ ഭൂചലന സാധ്യതയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയ റൂര്‍ക്കി ഐഐടിയിലെ വിദഗ്തര്‍ പറഞ്ഞിരിക്കുന്നത് ഈ പ്രദേശത്ത് 6.5 റിക്റ്റര്‍ സ്കെയിലില്‍ രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഒന്‍പത് അണക്കെട്ടുകളാണ് തകരാന്‍ പോകുന്നത്. ഇടുക്കി, ചെറുതോണി, കുളമാവ്‌, മലങ്കര, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, ലോവര്‍ പെരിയാര്‍, ഇടമലയാര്‍ എന്നീ അണക്കെട്ടുകളാണത്. ഈ അണക്കെട്ടുകള്‍ കൂടി തകര്‍ന്നാല്‍ അതിന്റെ ദുരന്തം പ്രവചനാതീതമാണ്. മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്‌ മീറ്റര്‍ വെള്ളം അമ്പതു കിലോ മീറ്റര്‍ മാത്രം ദൂരമുള്ള ഇടുക്കി അണക്കെട്ടിലേക്ക് കുതിച്ചെത്താന്‍ മിനിട്ടുകള്‍ മാത്രം മതി.

ഇടുക്കിയിലെ ഇപ്പോഴുള്ള 1996.30 ദശലക്ഷം ക്യൂബിക്‌ മീറ്റര്‍ വെള്ളം മൊത്തം സംഭരണ ശേഷിയുടെ 78.89 ശതമാനം വരും. ഈ രണ്ടു അണക്കെട്ടിലും കൂടിയുള്ള വെള്ളം ഇടുക്കി അണക്കെട്ടിനു താങ്ങാനാവില്ല. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, എന്നീ ജിലകളിലെ നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തും ഇല്ലാതാകും. ഈ അണക്കെട്ടുകള്‍ തകര്‍ന്നാല്‍ ആറ്റംബോംബിനെക്കാള്‍ 240 മടങ്ങ് ശക്തിയില്‍ ജലം കുതിച്ചെത്തും, ഒരുപക്ഷെ കേരളമൊട്ടാകെ അറബി കടലിലേക്ക് ഒളിച്ചു പോകുന്ന ദുരന്തമായി അത് മാറിയെന്നു വരും.

ജീവന് വേണ്ടിയുള്ള പോരാട്ടമാണു ഇപ്പോള്‍ നടക്കുന്നത്, ഭയാനകമായ ഈ ആപത്തിന് മുന്‍പില്‍ നിന്ന് കേരളം കേഴുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ തമിഴ്നാട് ഇതിനെ കാണുന്നത് നിന്ന്യവും, മനുഷത്വ രഹിതവുമാണ്. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് 2.30 ലക്ഷം ഏക്കര്‍ സ്ഥലത്ത് അഞ്ചു ജില്ലകളിലായി തമിഴ്നാട് കൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമേ ഈ വെള്ളം ഉപയോഗിച്ച് അവര്‍ വൈദൃതിയും ഉല്പാദിപ്പിക്കുന്നുണ്ട്. ഇത് യതാര്തത്ത്തില്‍ പാട്ടക്കരാറിന്റെ ലങ്ഘന്മാണ്.

എങ്കിലും പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിച്ചാല്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ അല്പം പോലും കുറവ്‌ വരാതെ നല്‍കാമെന്നും അത് വേണമെങ്കില്‍ മൂന്നാമതൊരു കക്ഷിയുടെ മദ്ധ്യസ്ഥതയില്‍ എഴുതി തരാമെന്നും കേരളം പറഞ്ഞിട്ടും തമിഴ്നാട് തിരിഞ്ഞു നില്‍ക്കുന്നത് അപലപനീയമാണ്. ഇതെല്ലാം പറയുമ്പോഴും മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 136 അടിയില്‍ നിന്നും കൂട്ടനമെന്നാണ് തമിഴ്നാട് പറയുന്നത്. 136 അടിയില്‍ നിന്നും ജലനിരപ്പ്‌ ഉയര്‍ന്നാല്‍ അത് കേരളത്തിന്‌ ഭീഷണി തന്നെയാണ്.

മുല്ലപ്പെരിയാറില്‍ നിന്ന് സ്പിന്‍വേയിലൂടെ പുറത്തെകൊഴുകുന്ന വെള്ളം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്കാണ് വരുന്നത്. മുല്ലപ്പെരിയാറിലെ ഒരുതുള്ളി വെള്ളം പോലും കേരളം ഉപയോഗിക്കുന്നില്ല. എന്നിട്ടും പുതിയ അണക്കെട്ടിന്റെ എല്ലാ ചിലവും കേരളം വഹിക്കുവാന്‍ തയ്യാറാണ്. ഏകദേശം 663 കൊടി രൂപയാണ് പുതിയ ഡാമിന് ചിലവ പ്രതീക്ഷിക്കുന്നത്. നിലവിലുള്ള അണക്കെട്ടിനു 1300 അടി താഴെയാണ് പുതിയ അണക്കെട്ട് ഉദ്ദേശിക്കുന്നത്.

ഇടുക്കിയിലുണ്ടായ സമീപകാല ഭൂചലനങ്ങളില്‍ പുതിയ ഭ്രംശ മേഖലകള്‍ രൂപപ്പെടുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. അയ്യന്കൊവില്‍, നെന്മല, പെരിയാര്‍ എന്നിവിടങ്ങളിലാണ് പ്രധാന ഭ്രംശ മേഖലകള്‍ കണ്ടെത്തിയത്. ഭവാനി, ബാവലി, കപിനി, കമ്പം, ഹുന്സൂര്‍, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് മറ്റു വിള്ളലുകള്‍ കണ്ടെത്തിയത്.

പെരിയാര്‍ ഭ്രംശമേഖലയിലും ഇടമലയാര്‍ വിള്ളലും അടുത്ത് പോകുന്നതിനു സമീപമാണു ഇടുക്കി ഡാമും, മുല്ലപ്പെരിയാര്‍ ഡാമും. അതുകൊണ്ട് തന്നെ ഓരോ ഭൂചലനവും ജനങ്ങളെ ഭയത്തിലാഴ്തുകയാണ്. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു യാതൊരു കുഴപ്പവും ഇല്ലെന്നും പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കുകയും ഇല്ലയെന്നാണ്. ഇത് നിഷ്ടൂരവും കണ്ണില്‍ ചോരയില്ലായ്മയുമാണ്.

നിലവിലുള്ള ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് ജയലളിതയെ പിനക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. അത് മനസിലാക്കി കൊണ്ടാണ് ജയലളിതയുടെ ഓരോ നീക്കവും. അതിനാല്‍ രാഷ്ട്രീയ ഭേദമില്ലാതെ കേരളജനത ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടണം. കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടി പുതിയ ഡാം പണിയുവാന്‍ തീരുമാനിക്കുക. തമിഴ്നാടുമായി ഉണ്ടാക്കിയ പാട്ടക്കരാര്‍ റദ്ദാക്കുക.

പുതിയ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ ഇപ്പോഴുള്ള ജലനിരപ്പ്‌ താഴ്ത്തി 120 അടിയായി നിശച്ചയിക്കുക. ഇതിനായി തമിഴനാട് ഉയര്‍ത്തിക്കൊണ്ടു വരുന്ന 1970 ലെ പുതുക്കിയ കരാറിലെ വ്യവസ്ഥയെ ആശ്രയിക്കാം. ഇതിന്റൊപ്പം പരിസ്ഥിതി മലിനീകരണ ബോര്‍ഡിന്റെ അനുവാദം പ്രധാനമന്ത്രി വഴി നേടി എടുക്കുക. സങ്കുചിത ചിന്താഗതികള്‍ വെടിഞ്ഞു രാഷ്ട്രീയ വൈര്യങ്ങള്‍ മറന്നു ഒരേ മനസോടെ കേരളീയര്‍ ഈ മഹാവിപതിനെതിരെ ഒരുമിച്ചു നിന്നാല്‍ കേരളം ഈ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടും,

p>ജോളി എം. പടയാട്ടില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.