35 ലക്ഷം ജനങ്ങളുടെ ജീവനു ഭീഷണി, 116 വര്‍ഷം പഴക്കമുള്ള ഡാം, മൂന്നരക്കോടി മലയാളികള്‍ക്ക് ആശങ്ക…മുല്ലപ്പെരിയാറിനെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നതും പറയുന്നതും പങ്കുവയ്ക്കപ്പെടുന്നതും തീവ്രമായ ആശങ്കകള്‍. കേരളത്തിന്‍റെ ആശങ്കകള്‍ വ്യാജമെന്നു സ്ഥാപിക്കാന്‍ തമിഴ്നാടിന്‍റെ അഹോരാത്ര ശ്രമങ്ങള്‍. ഇതു പ്രതിരോധിക്കാനും പ്രധാനമന്ത്രിയുടെ പരിഗണന നേടാനും വേണ്ടിയുള്ള ശ്രമങ്ങള്‍. നീണ്ടുപോകുന്ന വിഹ്വലതകള്‍ക്കിടയില്‍ ചില സത്യങ്ങള്‍ മറഞ്ഞിരിക്കുന്നു.
കേരളത്തിലെ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കത്തിക്കാളുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തിലും കോണ്‍ഗ്രസ്സ് കയ്യാളുന്ന കള്ളക്കളി പ്രകടമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ചയുടെ തോതനുസരിച്ച് കേരളത്തിലെ ജനങ്ങളുടെ നെഞ്ചിടിപ്പ് കുതിക്കുകയാണ്. കേരളക്കരയിലെ നാല് ജില്ലകളില്‍നിന്ന് 30 ലക്ഷത്തോളം ആളുകളെ കുത്തൊഴുക്കില്‍ അറബിക്കടലിലേക്ക് തള്ളിത്താഴ്ത്തി നാമാവശേഷമാക്കാന്‍ മുല്ലപ്പെരിയാറിലെ ജലവിസ്ഫോടനത്തിന് കഴിയുമത്രേ.
മുല്ലപ്പെരിയാര്‍ പ്രശ്നമുയര്‍ത്തുന്ന ആരോപണം വസ്തുനിഷ്ഠമാണ്. അപായ സൂചിക ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ട്. എന്നാല്‍ പിഞ്ചുകുട്ടികള്‍പോലും സമരരംഗത്താണ്. ഭയപ്പാടിന്റെ നെരിപ്പോട് നെഞ്ചിലേറ്റി ഇക്കൂട്ടര്‍ ഇഞ്ചിഞ്ചായി മരിക്കയാണ്. അണപൊട്ടി വെള്ളപ്പാച്ചിലില്‍ അപകടത്തിന്റെ ഇരകളായിത്തീരുമെന്ന ഭയപ്പാടില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന പിഞ്ചുകുട്ടികളടക്കമുള്ള പരിഭ്രമചിത്തര്‍ നാളെ മനോരോഗ ചികിത്സതേടേണ്ടി വരുമ്പോള്‍ പ്രതിഷേധിച്ചിട്ടു കാര്യമില്ല. മാധ്യമങ്ങളും ജനപ്രതിനിധികളും ഇരന്നു വാങ്ങുന്ന സാമൂഹ്യ തകര്‍ച്ചയാണിത്. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി നിര്‍ത്തുന്നതും രാജ്യതാര്‍പ്പര്യത്തിന് യോജിച്ചതല്ല. കേരളത്തില്‍ മുല്ലപ്പെരിയാറിന്റെപേരില്‍ ഉറഞ്ഞുതുള്ളുന്ന കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി മനസ്സുവെച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ക്കാവുന്ന പ്രശ്നമാണിത്. അത്തരം ശ്രമങ്ങളിലൊന്നും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നതാണ് നിഷേധിക്കാനാവാത്ത സത്യം.
മുല്ലപ്പെരിയാര്‍ പ്രശ്നം ഇന്നോ ഇന്നലെയോ പൊടുന്നനവെ മലയാളികളുടെമേല്‍ നിപതിച്ച ഒന്നല്ല. 70 കളുടെ അവസാനം തമിഴ്‌നാട് മുഖ്യമന്ത്രിതന്നെ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണ കാര്യത്തില്‍ കേരളത്തോട് സഹകരിക്കാന്‍ തയ്യാറായതാണ്. പക്ഷേ അന്ന് കോണ്‍ഗ്രസ്- സി.പി.ഐ. ഭരണകൂടം അക്കാര്യത്തില്‍ വേണ്ട താല്‍പ്പര്യം കാണിച്ചില്ല. സി.പി.ഐ. കേരള-തമിഴ്‌നാട് ഘടകങ്ങളിലെ ചില നേതാക്കന്മാര്‍ പരസ്പരം നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ശ്രമങ്ങള്‍ ചീറ്റിപ്പോയതെന്ന് അറിയുന്നു. 25-9-2006 ന് സുപ്രീം കോടതി മുല്ലപ്പെരിയാര്‍ പ്രശ്നം ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചചെയ്ത് മദ്ധ്യസ്ഥമായിത്തീരണമെന്ന് നിര്‍ദ്ദേശിച്ചതാണ്. സുപ്രീം കോടതി പരിഗണിച്ച കേസ്സില്‍ കേരള സര്‍ക്കാര്‍ ഗൗരപൂര്‍വ്വം കാര്യക്ഷമതയോടെ കേസ് നടത്താന്‍ ഒരു മികച്ച അഭിഭാഷകനെപോലും നിയമിച്ചില്ല എന്നതാണ് ദു:ഖസത്യം. 2009 നവംബര്‍ പത്തിന് പ്രശ്നം ഭരണഘടനാ ബെഞ്ചിന് വിടുകയും നിലവിലുള്ള സ്ഥിതി തുടരാന്‍ ഇരുകൂട്ടരോടും സുപ്രീം കോടതി കല്‍പ്പിച്ചതും നമ്മേ ദോഷമായി ബാധിച്ചു. തമിഴ്‌നാട് നേട്ടം കൊയ്യുകയായിരുന്നു. 2010 ഫെബ്രുവരി 18ന് കോടതി നിയോഗിച്ച ‘എംമ്പവേര്‍ഡ് കമ്മറ്റിയുടെ’ റിപ്പോര്‍ട്ടെങ്കിലും നമുക്കനുകൂലമാകാന്‍ ഇടയാവട്ടെ !
ഡാമിനുവേണ്ടി ഇനി കാത്തിരിക്കാനാവില്ല എന്ന കെപിസിസി പ്രസിഡന്റിന്റെ മാധ്യമ വിളംബരത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. കേവലമൊരു ജലതര്‍ക്കം എന്നതിലുപരി 30 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാണെന്ന നിലവിളിയാണ് മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തുന്നത്. പക്ഷേ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്രഭരണകര്‍ത്താക്കള്‍ കുറ്റകരമായ മൗനത്തിലാണുള്ളത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നത് ഒരു ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ്. ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന കേന്ദ്രനിലപാട് ഭരണഘടനാവിരുദ്ധവും അപലപനീയവുമാണ്. ജനങ്ങള്‍ക്ക് ശാപവും ഭാരവുമായി ഇവിടെ ഭരണപക്ഷം മാറുകയാണ്.
116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് സംബന്ധിച്ച് കേരളം കെട്ടിപൊക്കിയ വാദമുഖങ്ങളെല്ലാം സ്വയം കുഴിച്ചുമൂടുന്ന ബോധന സമര്‍പ്പണമാണ് അഡ്വക്കറ്റ് ജനറല്‍വഴി സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് അഡ്വക്കേറ്റ് ജനറല്‍ “ബാറിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നായകനോ പൊതു താല്‍പ്പര്യത്തിന്റെ കുത്തകയുള്ള നിയമജ്ഞനോ അല്ല”. അദ്ദേഹത്തിന്റെ ചുമതല ഗവണ്‍മെന്റിന് നിയമകാര്യങ്ങളില്‍ ഉപദേശം നല്‍കുകയും സര്‍ക്കാരിന്റെ നയം സ്വീകരിച്ച് കോടതിയില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ശാന്താനന്ദ് കേസ്, എം.ടി.ഖാന്‍ കേസ് എന്നിവയില്‍ സുപ്രീം കോടതി അഡ്വക്കേറ്റ് ജനറലിന്റെ ചുമതലാപരമായ പങ്ക് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ്സും -യു.ഡി.എഫും ഇപ്പോള്‍ മുഴക്കുന്ന അട്ടഹാസങ്ങള്‍ ആത്മാര്‍ത്ഥതയോടുകൂടിയതാണെന്ന് അവര്‍ ജനങ്ങള്‍ക്കുമുമ്പില്‍ തെളിയിക്കുകയാണു വേണ്ടത്.
മനുഷ്യ ജീവന് അപകടം നിലനില്‍ക്കുന്നു എന്ന ഇപ്പോഴത്തെ സാഹചര്യം കേരളത്തെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയും മികച്ച അവസരവുമാണ്. കേന്ദ്ര ജല കമ്മീഷന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചശേഷം തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡാമിന് ബലക്ഷയമുണ്ടെന്നും പുതിയ ഡാം പണിയണമെന്നും പറഞ്ഞിട്ടുണ്ട്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പഴക്കമുള്ള നാലു ഡാമുകളിലൊന്നായി മുല്ലപ്പെരിയാര്‍ കണക്കാക്കപ്പെടുന്നു. അതിനുപയോഗിച്ച പ്രാചീന സാങ്കേതിക വിദ്യ കാലഹരണപ്പെട്ടുകഴിഞ്ഞു. ഇപ്പോഴുണ്ടായ ഭൂചലനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥതയും വാരിവിതറി കഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഈ വെല്ലുവിളിയെ അവസരമാക്കി ഉപയോഗപ്പെടുത്തി പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരികയാണ്. മനുഷ്യജീവന്‍ അപകടത്തിലെന്ന സത്യം സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കേരളത്തിനാവണം. കോണ്‍ഗ്രസ്സ് രാജ്യത്തിന്റെയും ജനങ്ങളുടേയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം കേരള ജനതയോട് ആത്മാര്‍ത്ഥതയും കാട്ടേണ്ടതുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ ഉള്‍ക്കൊള്ളാതെയുള്ള നയം സി.പി.എമ്മിന്റെയും സി.പി.എെയുടെയും ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെ കേരളത്തിലെ ഇടതുപാര്‍ട്ടികളുടെ പൊയ്മുഖം പൊളിയുന്നു.
അതേസമയം വേണമെങ്കില്‍ ഇടതുപക്ഷം പിരിവെടുത്ത് പുതിയ ഡാം പണിയുമെന്ന പ്രതിപക്ഷ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ ചൂടാറുംമുമ്പേയാണ് പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തെപ്പറ്റി ഒരു വാക്കുപോലും പരാമര്‍ശിക്കാതെ ഇരു പാര്‍ട്ടികളുടെയും ദേശീയനേതൃത്വം പ്രസ്താവനയിറക്കിയത്. തമിഴ്നാട് ഭരണമുന്നണിയില്‍ ഇരുപാര്‍ട്ടികള്‍ക്കും സജീവ പങ്കാളിത്തമുള്ളതിനാല്‍, ജയലളിതയെ പിണക്കി അധികാരത്തിലെ പങ്ക് നഷ്ടപ്പെടുത്തേണ്ടെന്ന ചിന്താഗതിയാണ് സി.പി.എം, സി.പി.എെ ദേശീയ നേതൃത്വങ്ങളെ സ്വാധീനിച്ചിട്ടുള്ളതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം തമിഴ്നാട്ടിലെ കൃഷിക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സുപ്രധാനമാണെന്നും ഇപ്പോഴുള്ളതു പോലെ തുടര്‍ന്നും തമിഴ്നാടിന് ജലം ലഭ്യമാവണമെന്നുമാണ് സി.പി.എം പ്രസ്താവനയുടെ ആദ്യ ഖണ്ഡികയില്‍ പറയുന്നത്.
ഈ വിഷയത്തില്‍ സുപ്രീംകോടതിലാണ് ഒത്തുതീര്‍പ്പാക്കേണ്ടതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. അണക്കെട്ട് സംബന്ധിച്ചുള്ള ആശങ്ക ദൂരീകരിക്കണമെന്ന് ഒഴുക്കന്‍മട്ടില്‍ പറയുന്ന പ്രസ്താവനയില്‍ ഒരിടത്തുപോലും പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തെപ്പറ്റി സൂചനയില്ല. സി.പി.എം പ്രസ്താവനയുടെ പകര്‍പ്പ് എന്നു തോന്നിക്കുംവിധത്തില്‍ സി.പി.എെ കേന്ദ്ര നേതൃത്വം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലും പുതിയ അണക്കെട്ടിനെ പറ്റി ഒന്നും പറയുന്നില്ല. തമിഴ്നാടിന് ജലം നല്‍കുമെന്ന ഉറപ്പു ലഭിക്കണമെന്നതാണ് ഈ പ്രസ്താവനയുടെയും ആകെത്തുക. ഈ വിഷയത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പാടില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെടുന്ന സി.പി.എെ മുല്ലപ്പെരിയാര്‍ പ്രശ്നം സുപ്രീംകോടതിയില്‍ പരിഹരിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നു അവസാന ഖണ്ഡികയില്‍ വ്യക്തമാക്കുന്നു.
ഇതിനൊപ്പം മുല്ലപ്പെരിയാര്‍ ഡാം നിയമ പ്രശ്നമായപ്പോള്‍ രാഷ്ട്രീയക്കാരെ അവഗണിച്ച് തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കു തിരിഞ്ഞു. ചില ലാഭക്കൊതിയന്മാരെയും ഒറ്റുകാരെയും തമിഴ്നാടിന് അതിവേഗം തിരിച്ചറിയാന്‍ കഴിഞ്ഞു. പിന്നെ ഇവര്‍ക്കു കേരളം നല്‍കുന്ന പ്രതിമാസ ശമ്പളത്തിന്‍റെ ഇരട്ടിയും അതിലധികവും, തസ്തിക അനുസരിച്ച് ഈ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലെത്തി. ഈ പണം സുരക്ഷിതമായി നിക്ഷേപിക്കാനുള്ള സൗകര്യങ്ങളും തമിഴ്നാട്ടിലെ ദേശസ്നേഹികളായ ഉദ്യോഗസ്ഥര്‍ തന്നെ ഒരുക്കിക്കൊടുത്തു.
കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിനുള്ള നിര്‍ലോഭ സഹായം ഇവര്‍ക്കു ലഭിച്ചു. ഇന്നു തേനി ജില്ലയിലും പരിസരങ്ങളിലുമുള്ള കൃഷി – കൃഷിയിതര ഭൂമിയില്‍ ഭൂരിഭാഗവും മലയാളികളുടെ പക്കലാണ്. ഒരിക്കല്‍ കേരളത്തില്‍ രാഷ്ട്രീയ നേതാവായിരിക്കുകയോ ജല വിഭവ വകുപ്പില്‍ ഉദ്യോഗസ്ഥരായിരിക്കുകയോ ചെയ്തിരുന്നവരാണ് ഇവിടത്തെ ഭൂ ഉടമസ്ഥരില്‍ അധികവും. ഇടുക്കി ജില്ലയുടെയോ മുല്ലപ്പെരിയാറിന്‍റെയോ ചുമതല വഹിച്ചിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്നു നൂറുമേനി വിളയുന്ന കൃഷി ഭൂമി തേനിയിലുണ്ടെന്നതു മറയ്ക്കാനാവാത്ത യാഥാര്‍ത്ഥ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല