1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2011

മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനു കേരളവും തമിഴ്നാടും ചര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശം. കേരളത്തില്‍നിന്ന് ഇന്നലെ തന്നെ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തോടാണു പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. പുതിയ അണക്കെട്ടിനു പാരിസ്ഥിതിക അനുമതി നല്‍കുന്ന കാര്യം പരിശോധിക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സംഘര്‍ഷാവസ്ഥ ഒഴിവാക്കി നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിനു കേരളത്തിന്റെ ഭാഗത്തുനിന്നു പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ എല്ലാ സമരങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാര്‍ലമെന്റിനു മുമ്പില്‍ നടത്തിയിരുന്ന അനിശ്ചിതകാല ധര്‍ണ നിര്‍ത്തിവയ്ക്കുകയാണെന്നു കേരളത്തില്‍ നിന്നുള്ള എംപിമാരായ പി.ടി. തോമസും പി. കരുണാകരനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാക്കണമെന്നു കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി പ്രതികരിച്ചു.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ സുഗമമായ നടത്തിപ്പിനു പ്രത്യക്ഷ സമരങ്ങളില്‍നിന്നു രാഷ്ട്രീയ കക്ഷികള്‍ പിന്മാറണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെയും മുഖ്യമന്ത്രിയുടെ ഉപദേശത്തെയും മാനിക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കില്‍ നിലപാട് പുനഃപരിശോധിക്കുമെന്നും കെ.എം. മാണി മുഖ്യമന്ത്രിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ചേംബറില്‍ത്തന്നെ നടത്തിയ ചര്‍ച്ചയില്‍ സമരങ്ങളെല്ലാം നിര്‍ത്തിവയ്ക്കാനാണ് പൊതുവേ ധാരണയായിരിക്കുന്നത്. ഇക്കാര്യത്തിലുള്ള തീരുമാനം കേരളത്തില്‍ വ്യക്തമാക്കുമെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചത്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പു 120 അടിയാക്കി താഴ്ത്തുക, തമിഴ്നാടുമായുള്ള തര്‍ക്കത്തില്‍ തീരുമാനമുണ്ടാക്കാന്‍ പ്രധാനമന്ത്രി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണു സര്‍വകക്ഷിസംഘം മുന്നോട്ടുവച്ചത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രിയെ പൂര്‍ണമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായാണു സംഘത്തിന്റെ വിശ്വാസം. ഇക്കാര്യത്തില്‍ കാത്തിരിക്കാനാകില്ലെന്നും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള തീരുമാനം എത്രയും വേഗം ഉണ്ടാകണമെന്നാണ് ആവശ്യമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തിന്റെ ആശങ്ക പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടു പ്രശ്നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിന്റെ സുരക്ഷ പുതിയ ഡാമിലൂടെ മാത്രമേ ഉറപ്പാക്കാന്‍ കഴിയൂവെന്നതു സംസ്ഥാനത്തിന്റെ പൊതുവികാരമാണ്. കേരളത്തിന് ഇക്കാര്യത്തില്‍ തുറന്ന അജന്‍ഡയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി എന്തു നടപടിയാണ് കൈക്കൊള്ളുന്നതെന്ന് അറിയില്ലെന്നും അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് .അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, വിവിധ കക്ഷിനേതാക്കള്‍ ഉള്‍പ്പെടെ 23 പേരായിരുന്നു സര്‍വ കക്ഷിസംഘത്തില്‍ ഉണ്ടായിരുന്നത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉച്ചയ്ക്കു 12നു നടന്ന കൂടിക്കാഴ്ച 20 മിനിട്ടു നീണ്ടു.

പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി സാവകാശം ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ പ്രതിഷേധ പരിപാടികളും ഒഴിവാക്കുകയാണെന്നു കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. വണ്ടിപ്പെരിയാറില്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ. പൌലോസ് ആരംഭിച്ച നിരാഹാരം ഇന്നലെ വൈകിട്ടോടെ നിര്‍ത്തി. സൌഹൃദപരമായ ചര്‍ച്ചയ്ക്കു വഴിയൊരുക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുകയാണ്. ഇടുക്കി ജില്ലയെ തമിഴ്നാടിനോടു ചേര്‍ക്കണമെന്ന ആവശ്യത്തോടു യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.

സമരനേതാക്കള്‍ പ്രതികരിക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്നവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ സമരക്കാര്‍ക്കിടയില്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഷ്്ട്രീയ കക്ഷികളുടെ പിന്മാറ്റം സമരത്തെ ബാധിക്കുമോ എന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, മുല്ലപ്പെരിയാര്‍ സമരസമിതിയും വള്ളക്കടവില്‍ സമരം നടത്തുന്ന സംഘവും സിപിഐ എംഎല്‍എ ഇ.എസ്. ബിജിമോളും സമരവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ്.കേരളം മുഴുവന്‍ ആവേശത്തിരയുയര്‍ത്തിയ സമരത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടാന്‍ തയാറായി എന്നതു സമരത്തിന്റെ നേട്ടമാണെന്ന് ഒരുകൂട്ടര്‍. എന്നാല്‍, ഇതുകൊണ്ടു പ്രശ്നപരിഹാരമാകില്ലെന്നും ഭയാശങ്ക അകറ്റാനുള്ള നടപടിയുണ്ടായെങ്കിലേ സമരം വിജയം കാണൂ എന്നുമാണ് പൊതുവേ അഭിപ്രായം. സമരത്തില്‍ സജീവസാന്നിധ്യമായിരുന്നവരും നിരാഹാരസമരം അനുഷ്ഠിച്ചിരുന്നവരും പ്രതികരിക്കുന്നു:

വഞ്ചന: ഫാ. ജോയി നിരപ്പേല്‍ (സമരസമിതി രക്ഷാധികാരി)

മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്നത്തില്‍ പാതിവഴിയില്‍ സമരരംഗത്തുവന്ന കോണ്‍ഗ്രസ് പാതിവഴിയില്‍ സമരം അവസാനിപ്പിച്ചതു ജനവഞ്ചനയാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി സമരരംഗത്തു മുന്നേറുന്ന ഈ അവസരത്തില്‍ കോണ്‍ഗ്രസ് തീരുമാനം ശരിയായ നടപടിയായില്ല. പെരിയാര്‍ തീരദേശ വാസികളോടുള്ള വഞ്ചനയാണു കോണ്‍ഗ്രസ് നടത്തിയത്. പ്രശ്നത്തില്‍ വ്യക്തമായ ഉറപ്പ് പ്രധാനമന്ത്രിയില്‍നിന്നു ലഭിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിനോടൊപ്പം എല്ലാവരും സഹകരിക്കുമായിരുന്നു. ജനങ്ങളുടെ ആശങ്ക ഇപ്പോഴും തുടരുകയാണ്. ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും പ്രശ്നമാണ്. ഇതുവച്ച് വിലപേശുന്നത് ശരിയല്ല.

ഉറപ്പു വ്യക്തമാക്കണം: സി.പി. റോയി (സമരസമിതി ചെയര്‍മാന്‍)

പ്രധാനമന്ത്രി എന്തുറപ്പാണു നല്‍കിയതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം. പുതിയ അണക്കെട്ടു നിര്‍മിക്കാം എന്നോ അല്ലെങ്കില്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്താം എന്നോ ഉമ്മന്‍ ചാണ്ടിക്കു പ്രധാനമന്ത്രി അനുമതി നല്‍കിയോ എന്നു കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്രയുംകാലം ഈ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണു കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും നിരാഹാരം കിടന്നിരുന്നത്. സമരത്തില്‍നിന്നു പിന്മാറുന്നത് ആലോചനയില്ലാത്ത തീരുമാനമാണ്.

വള്ളം മുക്കി: ഇ.എസ്. ബിജിമോള്‍

മുല്ലപ്പെരിയാര്‍ സമരത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടു വഞ്ചനാപരം. സര്‍വകക്ഷി യോഗത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടിയില്‍ തൃപ്തി പ്രകടിപ്പിച്ചു സമരത്തില്‍നിന്നു പിന്മാറാനുള്ള കെപിസിസിയുടെ തീരുമാനം നടുക്കടലിലെത്തിയപ്പോള്‍ വള്ളം മുക്കുന്നതിനു തുല്യമാണ്.

പ്രശ്നപരിഹാരത്തിനു പ്രധാനമന്ത്രി ക്രിയാത്മകമായ നടപടി സ്വീകരിക്കുകയും അതിന് ഉറപ്പുനല്‍കുകയും വേണം. ഇരുസംസ്ഥാനങ്ങളെയും വിളിച്ചുവരുത്തി ചര്‍ച്ചചെയ്തു പരിഹരിക്കാനാണു നിര്‍ദേശമെങ്കില്‍ അതു ചെയ്യേണ്ടതു പ്രധാനമന്ത്രിയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വിജയംവരെ സമരംചെയ്യും. പരിഹാരമുണ്ടാകാതെ പിന്നോട്ടില്ല.

ആശാവഹം: റോഷി അഗസ്റിന്‍

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിനു താത്പര്യം പ്രകടിപ്പിച്ച പ്രധാനമന്ത്രിയുടെ സമീപനം കേരളത്തിന് ആശ്വാസകരമാകും. ആദ്യമായാണു പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്.ഇരുസംസ്ഥാനങ്ങളും സൌഹാര്‍ദപരമായ അവസ്ഥയുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാടും ആശാവഹമാണ്. പ്രശ്നം സൌഹാര്‍ദപരമായി പരിഹരിക്കണമെന്നുതന്നെയാണ് അഭിപ്രായം. സമരത്തിന്റെ തുടര്‍നടപടികളെക്കുറിച്ച് പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.