മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തേനിയില്‍ വീണ്ടും ആത്മഹത്യാശ്രമം. വെങ്കലമേട്ടില്‍ ജയപ്രകാശ് എന്ന യുവാവാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഒരു ഓട്ടോ ഡ്രൈവറും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഇയാളെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ആത്മഹത്യാശ്രമം ഉണ്ടായത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 34 ബ്ളോക്കുകളില്‍ ചോര്‍ച്ചയുള്ളതായി കണ്ടെത്തിയെന്ന് നിയമസഭാ പെറ്റീഷന്‍സ് കമ്മറ്റി. ഉന്നതാധികാര സമതി അണക്കെട്ടില്‍ വേണ്ട വിധം പരിശോധന നടത്തിയോയെന്ന് ആശങ്കയുണ്ടെന്നും അണക്കെട്ട് സന്ദര്‍ശിച്ച ശേഷം കമ്മറ്റിയംഗങ്ങള്‍ വ്യക്തമാക്കി. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അണക്കെട്ട് സന്ദര്‍ശിച്ചത്.
രാവിലെ പീരുമേട് ഗസ്റ് ഹൌസില്‍ ജലവിഭവ വകുപ്പിലെയും മറ്റ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരില്‍ നിന്ന് കമ്മറ്റി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉച്ചയോടെയാണ് കമ്മറ്റിയംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ യാത്ര തിരിച്ചത്. നേരത്തെ നിയമസഭാ സബ്ജക്ട് കമ്മറ്റി അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഗ്യാലറി തുറന്നു നല്‍കിയിരുന്നില്ല. എന്നാല്‍ പെറ്റീഷന്‍സ് കമ്മറ്റിയുടെ ഇന്നത്തെ സന്ദര്‍ശനവുമായി സഹകരിക്കാമെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല