1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

ബുധനാഴ്ചയുണ്ടായ മുംബൈ സ്‌ഫോടനപരമ്പരയില്‍ 18 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം സ്ഥിരീകരിച്ചു. നേരത്തെ 21 പേര്‍ മരിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.150 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.ജനത്തിരക്കേറിയ ദാദര്‍, ഓപേറ ഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളിലാണ് വൈകിട്ട് ഏഴു മണിയോടെ സ്‌ഫോടനം നടന്നത്. മാരകശേഷിയുള്ള ഐ ഇ ഡിയാണ് ( ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം. ഭീകരാക്രമണമാണ് നടന്നതെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യന്‍ മുജാഹിദീനാണ് സംശയത്തിന്റെ നിഴലില്‍.

മരിച്ചവരില്‍ മലയാളികള്‍ ആരുമില്ലെന്ന് വ്യക്തമായി. മൂന്നിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയില്‍ മരിച്ചവരില്‍ മലയാളിയുണ്ടെന്ന് രാവിലെ വാര്‍ത്തകളുണ്ടായിരുന്നു.മോഹന്‍നായര്‍ (46) മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളുടെ പേര് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് പിന്നീട് കണ്ടെത്തി. മോഹന്‍ നായിക് എന്ന പേര് മോഹന്‍നായര്‍ എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവരിലും മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ല.
.

ബൈക്കിലും കാറിലുമായാണ് ബോംബുകള്‍ സ്ഥാപിച്ചത്.സ്വര്‍ണവ്യാപാര കേന്ദ്രമായ ജവേരി ബസാറിലാണ് വൈകീട്ട് 6.45 നായിരുന്നു ആദ്യ സ്‌ഫോടനം . സവേരി ബസാറില്‍ ഒരു മിനുട്ടിനകം രണ്ട് സ്‌ഫോടനങ്ങളുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരിടത്ത് ബൈക്കിലായിരുന്നു സ്‌ഫോടക വസ്തു ഒളിച്ചുവെച്ചത്. മറ്റൊന്ന് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. അഞ്ച് പേരാണ് ഇവിടെ മരിച്ചത്. 25 ലേറെ പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.
രണ്ടാമത്തെ സ്‌ഫോടനം ശക്തിയേറിയതായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ പറഞ്ഞു. ഇവിടെ സ്‌ഫോടനം നടന്ന് രണ്ട് മിനുട്ടുകള്‍ക്ക് പിന്നാലെ ഒപേര ഹൗസിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളുള്ള ഇവിടം പ്രമുഖരുടെ വാസകേന്ദ്രവുമാണ്. 100 ഓളം പേര്‍ക്കാണ് ഇവിടെ പരിക്കേറ്റത്ത്.

ദാദര്‍ കബൂത്തര്‍ഖാനക്ക് സമീപത്തായിരുന്നു മൂന്നാമത്തെ സ്‌ഫോടനം. ബസ്‌റ്റോപ്പിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന എംഎച്ച് 43 എ 9384 കാറിലായിരുന്നു ബോംബ്. ചോറ്റുപാത്രത്തിലാണ് സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബസ്‌റ്റോപ്പില്‍ പരസ്യത്തിന് വൈദ്യുതി നല്‍കാനായി വെച്ചിരുന്ന ജനറേറ്ററിനടുത്തുനിന്നാണ് സ്‌ഫോടനമുണ്ടായതെന്നും പറയുന്നു. ഇവിടെ ആറ് പേരാണ് മരിച്ചത്. 25 ലേറെ പേരെ പരിക്കുകളോടെ ഹോസ്‌പിറ്റലിലെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ദാദറില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്തിനു തൊട്ട് സ്‌കൂളുണ്ട്. ആറരയോടെയാണ് സ്‌കൂള്‍വിട്ട് കുട്ടികള്‍ പോയതെന്ന് സമീപത്ത് കച്ചവടം നടത്തുന്ന രാജേന്ദ്ര സുവര്‍ണ ജാദവ് പറഞ്ഞു.

പരിക്കേറ്റവരെ ജി. ടി, ജെ. ജെ, സെന്റ് ജോര്‍ജ് ഹോസ്‌പിറ്റലുകളിലാണ് പ്രവേശിപ്പിച്ചത്. ഇതിനിടക്ക് സാന്താക്രൂസ് വെസ്റ്റില്‍ സംശയാസ്‌പദമായ നിലയില്‍ ഉപേക്ഷിക്കപ്പെട്ട ചാക്കുകെട്ട് കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലം വളഞ്ഞു.

സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് മുഖ്യമന്ത്രി പൃഥീരാജ് ചവാന്‍ അടിയന്തര ഉന്നതയോഗം വിളിച്ചു ചേര്‍ത്തു. നഗരത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയതായും നഗരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികളില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചതായും പൊലീസ് കമീഷണര്‍ അരുണ്‍ പട്‌നായിക് പറഞ്ഞു.

2006ല്‍ സബര്‍ബന്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര ഉണ്ടായതിനുശേഷം മുംബൈയിലുണ്ടാകുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. ഏഴ് സബര്‍ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലായി 10മിനിറ്റിന്റെ ഇടവേളയിലാണ് 2006ല്‍ സ്‌ഫോടനം നടന്നത്. 2006ല്‍ നടന്ന സ്‌ഫോടനത്തിന്റെ അഞ്ചാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച്ച.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.