1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2015

മൂന്നാറിലെ ഐതിഹാസികമായ തൊഴിലാളി സമരം ഒത്തുതീര്‍ന്നു. 20 ശതമാനം ബോണസ് എന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ കമ്പനി അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. കഴിഞ്ഞ ഒന്‍പത് ദിവസമായി തൊഴിലാളി സ്ത്രീകള്‍ മൂന്നാര്‍ ടൗണ്‍ ഉപരോധിച്ച് സമരം നടത്തുകയായിരുന്നു. 8.33 ശതമാനം ബോണസും 11.66 ശതമാനം എക്‌സ്‌ഗ്രേഷ്യയുമായി സര്‍ക്കാര്‍ തീരുമാനിച്ചത് കമ്പനി അധികൃതര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്. രാവിലെ മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും തൊഴിലാളികളും കമ്പനിയും തമ്മില്‍ ധാരണയായിരുന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചരയോടെ വീണ്ടും ചര്‍ച്ച നടത്തിയത്.

സ്‌കാനിങ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയെടുക്കും. തൊഴിലാളികള്‍ ആവശ്യപ്പെട്ട കൂലിവര്‍ധനവില്‍ ഒരുദിവസം കൊണ്ട് തീരുമാനമെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലാന്റേഷന്‍ ലേബര്‍ കമ്മിഷണറെ ഇക്കാര്യം ധരിപ്പിക്കാമെന്ന് മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. ഈ മാസം 26ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി കൂടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ മാത്രമായി കൂലിവര്‍ധന പ്രായോഗികമല്ലെന്നും മറ്റു തോട്ടങ്ങളിലും സമരങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇതിടയാക്കുമെന്നും മന്ത്രിമാരും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

ബോണസ് പുനഃസ്ഥാപിക്കുക, ബോണസ് 20 ശതമാനമായി നിജപ്പെടുത്തുക, ദിവസക്കൂലി 232 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു തൊഴിലാളികളുടെ ആവശ്യങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് തൊഴിലാളികള്‍ക്കു വേണ്ടി നിലകൊണ്ടത്. സര്‍ക്കാരിന് ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ പ്രത്യേക കേസ് എന്ന നിലയിലാണ് ഇത് പരിഗണിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.