1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2015

കണ്ണന്‍ ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി മൂന്നാറില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് ആവേശം പകരാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തി. കഴിഞ്ഞ ദിവസ ഇടത് എംഎല്‍എയായ എസ്. രാജേന്ദ്രനെ കൂക്കിവിളിച്ചും ഭീഷണിപ്പെടുത്തിയും സമരക്കാരായ സ്ത്രീകള്‍ ഓടിച്ചുവിട്ട സ്ഥാനത്ത് വിഎസിന് ലഭിച്ചത് വലിയ സ്വീകരണമാണ്. തമിഴില്‍ സംസാരിച്ച് തുടങ്ങിയ വിഎസ് പിന്നീട് തന്റെ തനത് പ്രസംഗ ശൈലിയിലേക്ക് ഒഴുകി മാറി.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ച വിഎസ് കമ്പനിയെ നിലക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. കണ്ണന്‍ ദേവന്‍ കമ്പനി തൊഴിലാളികളെ വഞ്ചിക്കുന്ന തട്ടിപ്പു കമ്പനിയാണ്. മാനേജ്‌മെന്റ് പ്രതിനിധിയായി തൊഴിലാളിയെ തെരഞ്ഞെടുക്കുന്നതും കമ്പനി തന്നെയാണ്. മൂന്നാറില്‍ ഉല്‍പാദിപ്പിക്കുന്ന തേയില കൂടുതലും വില്‍ക്കുന്നത് ടാറ്റയ്ക്കാണ്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കമ്പനിയെ സര്‍ക്കാര്‍ നിലക്കു നിര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ബോണസ് ഏകപക്ഷീയമായാണ് വെട്ടിക്കുറച്ചത്. ഇതിന് ന്യായീകരണമില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പത്ത് ശതമാനം വര്‍ദ്ധനയെന്നത് മൂവായിരം രൂപ മാത്രമാണ്. സാധാരണ തൊഴിലാളികള്‍ പോലും 800 രൂപ വരെ കൂലി വാങ്ങുമ്പോള്‍ ഇവടുത്തെ തൊഴിലാളികള്‍ 238 രൂപ മാത്രമാണ് വാങ്ങുന്നത്. ഇത്രയും തുച്ഛമായ കൂലി നല്‍കുന്നതിനെ ന്യായീകരിക്കാനാകില്ല. മൂന്നാറിനെ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും ശരമിക്കുമെന്നാണ് ആശിക്കുന്നതെന്നും വിഎസ് പറഞ്ഞു. പ്രശ്‌നത്തില്‍ സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കുന്നത് വരെ താന്‍ സമരക്കാര്‍ക്കൊപ്പം ഇരിക്കുമെന്നും വിഎസ് വ്യക്തമാക്കി.

രാവിലെ സമരക്കാര്‍ക്കൊപ്പം ഇരിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് എന്നിവരോടും സമരത്തിന് പിന്തുണയുമായെത്തിയ കെ.കെ. രമയോടും സമര വേദിയില്‍ നിന്ന് മാറണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. വിഎസിനെതിരേ തൊഴിലാളികള്‍ പ്രതിഷേധത്തിനെത്തിയതുമില്ല. വിഎസ് എത്തിയതോടെ എസ്. രാജേന്ദ്രന്‍ നടത്തി വരുന്ന നിരാഹാര സമരമാണ് അപ്രസക്തമായത്. താന്‍ തൊഴിലാളികളെ കാണാനാണ് എത്തുന്നതെന്നും രാജേന്ദ്രന്റെ സമരപന്തലിലേക്കല്ല പോകുന്നതെന്നും വിഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.