1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2011

നാനോ എക്‌സല്‍ മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസിന്റെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. രഞ്ജിനി നാനോ എക്‌സലിന്റെ പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തെക്കുറിച്ചാണ് അന്വേഷണ സംഘം രഞ്ജിനിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.

നാനോ എക്‌സല്‍ തട്ടിപ്പ് കമ്പനിയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും അതിനാലാണ് അവരുടെ പ്രചരണ പരിപാടിയില്‍ പങ്കെടുത്തതെന്നും രഞ്ജിനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.നാനോ എക്‌സല്‍ തൃശൂരില്‍ നടത്തിയ പരിപാടിയിലായിരുന്നു രഞ്ജിനി പങ്കെടുത്തത്. നടന്‍ ജഗദീഷും ഇതേ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജഗദീഷിനെയും പൊലീസ് ചോദ്യം ചെയ്യും. കമ്പനിയുടെ ബ്രോഷറില്‍ നിന്നാണ് താരങ്ങളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

കമ്പനിയുടെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തും സംഘടിപ്പിച്ച പരിപാടികളില്‍ സിനിമസീരിയല്‍ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് 500 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാനോ എക്‌സല്‍ എന്ന കമ്പനിയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. തൃശൂര്‍ അയ്യന്തോളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ സംസ്ഥാനത്തെ കേന്ദ്ര ഓഫിസും എറണാകുളം എടപ്പള്ളിയിലെ റീജ്യനല്‍ ഓഫിസും തട്ടിപ്പിനെത്തുടര്‍ന്ന് പൂട്ടിയിരുന്നു.

2007ലാണ് കേരളത്തിലെ ഏറ്റവും വലിയ മണി ചെയിന്‍ ശൃംഖലയായ നാനോ എക്‌സല്‍ തുടങ്ങിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാക്ക് വിശ്വസിച്ച് ചേര്‍ന്ന ഒട്ടേറെ മലയാളികള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ ആദ്യത്തെ ഒന്നരവര്‍ഷം കൃത്യമായ ലാഭവിഹിതം കമ്പനി നല്‍കിയിരുന്നു. 4000, 5000, 6000, 12000, 120000, 150000, 180000 എന്നിങ്ങനെയുള്ള സംഖ്യകള്‍ ബാങ്ക് മുഖേന നിക്ഷേപിക്കുകയാണു ചെയ്തിരുന്നത്. പണം നിക്ഷേപിക്കുന്നവര്‍ രണ്ടുപേരെ വീതം മണി ചെയിന്‍ കണ്ണികളാക്കി ചേര്‍ക്കണം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ആറു മാസത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുലഭിക്കും. പിന്നീട് മാസംതോറും ലക്ഷങ്ങള്‍ ബോണസായും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എല്ലാ ഇടപാടുകളും ദേശസാല്‍കൃത ബാങ്കുകളിലൂടെയായിരുന്നു.

പണം കിട്ടാത്തതിനെ തുടര്‍ന്ന് ആയിരത്തോളം നിക്ഷേപകര്‍ അയ്യന്തോളിലെ ഓഫിസിലെത്തി ബഹളംവച്ചതോടെയാണ് ഓഫിസ് പൂട്ടിയത്. ഇവര്‍ സംസ്ഥാനതലത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.