1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2021

സ്വന്തം ലേഖകൻ: അഞ്ചു പതിറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസ പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തമായി ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സും. നേരത്തെ പ്രഖ്യാപിച്ച ശതകോടികളുടെ ‘ആർടെമിസ്​’ പദ്ധതിയിൽ യാത്ര പുറപ്പെടാനുള്ള വാഹനം നിർമിക്കാൻ ബഹിരാകാശ രംഗത്തെ വൻവ്യവസായി ഇലോൺ മസ്​കിന്​ 290 കോടി ഡോളറിന്‍റെ (21,616 കോടി രൂപ) കരാറാണ്​ നൽകിയിരിക്കുന്നത്​.

ആളുകളെ കൂട്ടമായി ബഹിരാകാശത്തെത്തിക്കുന്ന വാഹനം മസ്​കിന്‍റെ സ​്​പേസ്​ എക്​സ്​ ഒരുക്കി തുടങ്ങിയിട്ട്​ വർഷങ്ങ​ളേറെയായി. അവ ഇനിയും വിജയം കണ്ടിട്ടില്ലെങ്കിലും വൈകാതെ സാധ്യമാകുമെന്ന്​ മസ്​ക്​ പറയുന്നു. ഇതിനിടെയാണ്​ ചന്ദ്രനിലേക്ക്​ മനുഷ്യരെയുമായി നാസയും സ്​പേസ്​ എക്​സും ചേർന്ന്​ പറക്കാനൊരുങ്ങുന്നത്​. ഇതു​വരെയും സർക്കാർ സംരംഭങ്ങളായിരുന്ന ബഹിരാകാശ യാ​ത്രയും ചാന്ദ്ര യാത്രയും സ്വകാര്യ മേഖലയുടെ പിടിയിലമരുന്നതിന്‍റെ സൂചന കൂടിയാണ്​ നാസയുടെ പുതിയ പ്രഖ്യാപനം.

ഇതേ പദ്ധതിയുടെ ഭാഗമാകാൻ നേരത്തെ ആമസോൺ ഉടമ ജെഫ്​ ബിസോസിന്‍റെ ബ്ലൂ ഒറിജിൻ, പ്രതിരോധ രംഗത്തെ ഡൈനറ്റിക്​സ്​ എന്നിവരും രംഗത്തുണ്ടായിരുന്നുവെങ്കിലും നാസ തള്ളി. ​അപ്പോളോ കാലത്തെ അപേക്ഷിച്ച്​ 13 ശതമാനം മാത്രം ചെലവിൽ പദ്ധതി വിജയകരമാക്കാമെന്നാണ്​ അവകാശവാദം​. നാസയുടെ ആർടെമിസ്​ പദ്ധതിക്കു കീഴിൽ സ്​പസ്​ ലോഞ്ച്​ സംവിധാനം, ഓറിയോൺ ബഹിരാകാശ പേടകം എന്നിവയും നിർമിക്കും. ആദ്യമായി വനിതകളെയും കറുത്ത വംശജരെയും ചന്ദ്രനിലെത്തിക്കാനും ആർടെമിസ്​ ലക്ഷ്യമിടുന്നുണ്ട്​.

2024 ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുമെന്നായിരുന്നു നേരത്തെ പദ്ധതിയെങ്കിലും യു.എസ്​ ഭരണകൂടം​ ഫണ്ട്​ വെട്ടിക്കുറച്ചതോടെ അനന്തമായി നീളുകയായിരുന്നു. നാസക്ക് മാത്രം 2470 കോടി ഡോളർ ഫണ്ട്​ അനുവദിക്കണമെന്ന്​ ജോ ബൈഡൻ യു.എസ്​ കോൺഗ്രസിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്​.

2011ൽ ബഹിരാകാശ പേടകങ്ങൾ പൂർണമായി നിലത്തിറക്കിയ ശേഷം ഇതുവരെയും അമേരിക്കക്ക്​ മനുഷ്യരെ അയക്കാനായിട്ടില്ല. അതിനു ശേഷം രണ്ടു തവണ ബഹിരാകാശ നിലയത്തിലേക്ക്​ സ്വകാര്യ സ്​ഥാപനമായ സ്​പേസ്​ എക്​സ്​ ആളെ എത്തിച്ചിട്ടുണ്ട്​. ഏപ്രിൽ 22ന്​ മൂന്നാം സംഘം പുറപ്പെടും. 1969ൽ അപ്പോളോ 11 ആയിരുന്നു ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്​. 1972നു ശേഷം ഇതുവരെയും മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.