സിപിഎം വിമത നേതാവ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് കണ്ടെടുത്തു. മാഹിക്കടുത്ത് ചൊക്ലിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കെ.എല്‍ 58 ഡി 8144 എന്ന രജിസ്‌ട്രേഷനുള്ള ഗോള്‍ഡന്‍ കളര്‍ കാര്‍ കണ്‌ടെത്തിയത്. തലശേരിയില്‍ നിന്നാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്ന് അന്വേഷണ സംഘം അറിയിച്ചു. കെപി നവീന്‍ ദാസ് എന്നയാളുടെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010 സെപ്റ്റംബറിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍ നടന്നിട്ടുള്ളത്.
അതേസമയം ടിപി ചന്ദ്രശേഖരന് അവസാനം വന്ന ഫോണ്‍ കോളിനെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോണ്‍ കോള്‍ ലഭിച്ചതനുസരിച്ചാണ് സാധാരണ പോകുന്ന വഴി തിരഞ്ഞെടുക്കാതെ മറ്റൊരു വഴിയിലൂടെ ചന്ദ്രശേഖരന്‍ സഞ്ചരിച്ചതെന്നും പൊലീസ് കരുതുന്നു. വള്ളിക്കോട് ലീഗ് ഹൗസിനു സമീപം ഒരു പ്രശ്‌നമുണ്ടെന്നും ഉടനെ അങ്ങോട്ടെത്തണമെന്നുമായിരുന്നു ഫോണ്‍ സന്ദേശമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
കൊലക്ക് പിന്നില്‍ ക്വട്ടേഷന്‍സംഘം: പിണറായി
ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊലപാതകം
അപലപനീയമെന്നും കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയമായി നേരിടേണ്ടവരെ രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടിയ്ക്കറിയാമെന്നും അവരെ നിഷ്‌കാസനം ചെയ്യുക പാര്‍ട്ടി നയമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ല. ക്വട്ടേഷന്‍ സംഘത്തെ സാധാരണ ഉപയോഗിക്കുന്നത് യു.ഡി.എഫാണ്. കൊല നടന്ന് അല്‍പ്പസമയത്തിനകം വന്ന പ്രതികരണങ്ങള്‍ യു.ഡി.എഫ്. നേതാക്കളുടേതായിരുന്നു.
ഇത്ര പെട്ടെന്ന് വന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് അവര്‍ക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നുവെന്നാണ്. ആദ്യം പ്രതികരിച്ച ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊലപാതകത്തിനു പിന്നില്‍ സി.പി.ഐ (എം) ആണെന്നു പറഞ്ഞു. ഇതിനു പിന്നാലെ പ്രതികരിച്ച മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.പി.സി.സി.
പ്രസിഡന്റും ഇതേ പ്രതികരണത്തെ അനുകൂലിക്കുകയും ചെയ്യുകയായിരുന്നു. സംഭവിച്ചത് എന്താണെന്നുപോലും അറിയുന്നതിനു മുന്‍പ് നടത്തിയ പ്രതികരണങ്ങളാണ് ഇവയെന്നും പിണറായി ചൂണ്ടിക്കാട്ടി.
കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഭരണാധികാരികള്‍ നടത്തുമെന്നും പറഞ്ഞ അദ്ദേഹം ചന്ദ്രശേഖരന് വധഭീഷണിയുണ്ടെങ്കില്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും ചോദിച്ചു. ഇത് കുറ്റകരമായ അനാസ്ഥയാണ്.
ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റാണെന്ന് വി.എസ്. പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നായിരുന്നു പിണറായിയുടെ മറുപടി. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കാണ് വി.എസ്. ഓഞ്ചിയത്തേക്ക് പോകുന്നത്. ഓഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കിയിട്ടുണ്ട്.
വ്യക്തികളെ ശാരീരികമായി ഇല്ലാതാക്കാന്‍ മാത്രം മൗഢ്യം തങ്ങള്‍ക്കില്ലെന്നും കൊല നടത്തിയവര്‍ക്ക് തീവ്രവാദബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല