പോസ്റ്റുമോര്‍ട്ടമെന്ന് പറഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും ഒരു ധാരണയുണ്ട്. മൃതദേഹത്തെ കീറിമുറിച്ചുകൊണ്ടുള്ള പരിപാടിയാണ് എന്നതാണ് പോസ്റ്റുമോര്‍ട്ടത്തെക്കുറിച്ചുള്ള ധാരണകളില്‍ പ്രധാനം. മരണകാരണം കണ്ടുപിടിക്കുകയെന്ന എന്ന ദൗത്യമുള്ള പോസ്റ്റുമോര്‍ട്ടം മൃതദേഹത്തെ നശിപ്പിക്കുന്ന ഒന്നാണ് എന്ന വാദഗതി കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ മൃതദേഹം കീറിമുറിക്കാതെതന്നെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
ജര്‍മ്മനിയില്‍നിന്നാണ് ഇത്തരത്തിലുള്ള സൂചനകള്‍ ലഭിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ കീറിമുറിക്കാതെ തന്നെ കംപ്യൂട്ടര്‍ സഹായത്തോടെ പോസ്റ്മോര്‍ട്ടം ചെയ്യാന്‍ കഴിയുന്ന രീതിയാണ് ജര്‍മ്മനിയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ മൃതദേഹങ്ങള്‍ കീറിമുറിക്കുന്ന പ്രാകൃതരീതിയാണെന്ന് വാദിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ സാധിക്കും. മാത്രമല്ല പ്രിയപ്പെട്ടവരുടെ കീറിമുറിച്ച മൃതദേഹങ്ങള്‍ കാണേണ്ട അവസ്ഥ മരണവേദനയില്‍ കഴിയുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും ഉണ്ടാകുകയുമില്ല. വിര്‍ച്വല്‍ ഓട്ടോപ്സി അഥവാ വിര്‍ചോപ്സി എന്നാണു പുതിയ രീതി വിളിക്കപ്പെടുന്നത്. കംപ്യൂട്ടറുമായി ബന്ധിപ്പിച്ച ഒരു യന്ത്രത്തിന്റെ സഹായത്തോടെയാണ് ഈ പോസ്റ്മോര്‍ട്ടം നടക്കുക. രണ്ടര ലക്ഷം യൂറോയാണ് ഇതിനുള്ള യന്ത്രം സ്ഥാപിക്കാനുള്ള ചെലവ്.
ഇനിമുതല്‍ ബര്‍ലിന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ മെഡിസിനില്‍ ശവശരീരങ്ങള്‍ പോസ്റുമോര്‍ട്ടത്തിനായി കീറിമുറിക്കില്ല. പകരം കംപ്യൂട്ടര്‍ സഹായത്തോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. കൊലപാതകക്കേസുകളില്‍ വരെ കൃത്യമായ തെളിവു ലഭിക്കാന്‍ മാത്രം വിശദമായ പരിശോധന ഇതിലൂടെ സാധിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശരീരത്തിന്റെ എക്സ്റേ ചിത്രം മൂന്നായി തരംതിരിച്ചുള്ള പരിശോധനയാണു വിര്‍ച്ചോപ്സിയില്‍ നടത്തുന്നത്. അതേസമയം, ഈ രീതി നടപ്പാകണമെങ്കില്‍ പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിയമങ്ങളില്‍ത്തന്നെ ഭേദഗതികളും മാറ്റങ്ങളും വേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല