ലണ്ടന്‍ : എന്‍എച്ച്എസില്‍ ഒരു നഴ്‌സ് ഒരു സമയം പതിനഞ്ച് രോഗികളെയെങ്കിലും ശുശ്രൂഷിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തതാണ് എന്‍എച്ച്എസിന്റെ ചികിത്സാ സമ്പ്രദായം പരാജയപ്പെടാന്‍ കാരണമെന്നും നഴ്‌സുമാരുടെ കുറവ് നികത്താനായി യാതൊരു മുന്‍പരിചയവും യോഗ്യതയുമില്ലാത്ത നഴ്‌സുമാരെ ജോലിക്ക് എടുക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടന്ന അന്താരാഷ്ട്ര പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.
2009ല്‍ ചികിത്സാ സൗകര്യങ്ങളിലുണ്ടായ പിഴവ് കാരണം സ്ട്രാഫോര്‍ഡ് ഹോസ്പിറ്റലില്‍ നൂറ് കണക്കിന് രോഗികള്‍ മരിച്ച സംഭവത്തില്‍ പൊതു അന്വേഷത്തിന് ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു. അതുകൂടാതെ ഗവണ്‍മെന്റ് സ്വന്തം നിലയില്‍ കാര്യങ്ങള്‍ പഠിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം കൂട്ടുകയും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുകള്‍ക്കായി ഒരു നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും സ്ഥിതികളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലന്ന് മാത്രമല്ല കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയുമാണന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ കമ്മീഷന് വേണ്ടി ലണ്ടനിലെ കിംഗ്‌സ് കോളേജാണ് നാല്പത്തിയാറ് എന്‍എച്ച്എസ് ആശുപത്രികളില്‍ പഠനം നടത്തിയത്.
പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഡേ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സിന് ഒരു സമയം ശരാശരി പതിനൊന്ന് രോഗികളെ ശുശ്രൂഷിക്കേണ്ടി വരുമ്പോള്‍ നെറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് പതിനഞ്ചില്‍ കൂടുതല്‍ രോഗികളെ ശുശ്രൂഷിക്കേണ്ടി വരുന്നു. മാത്രമല്ല നെറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് രാത്രി മുഴുവനും ഒപ്പം പകല്‍ എട്ടുമണി വരെയും ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ആറ് ട്രസ്റ്റുകളില്‍ ഒന്ന് എന്ന കണക്കില്‍ നഴ്‌സുമാരെക്കാള്‍ കൂടുതല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുകളെയാണ് നിയമിച്ചിട്ടുളളത്. അമേരിക്കയിലും ആസ്‌ട്രേലിയയിലും ഒരു നഴ്‌സിന് ആറ് രോഗി എന്നതാണ് നിയമപരമായ പരിധി.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് പേരും രോഗികളെ ശരിയായി ശുശ്രൂഷിക്കാന്‍ തങ്ങള്‍ക്ക് അവസരം ലഭിക്കാറില്ലന്ന് പറയുന്നു. ചുരുങ്ങിയ സമയത്തിനുളളില്‍ കൂടുതല്‍ രോഗികളെ നോക്കേണ്ടി വരുന്നുണ്ടെന്നും അവര്‍ പരാതിപ്പെട്ടു. നഴ്‌സുമാര്‍ക്ക് രോഗികളെ നോക്കാന്‍ സമയമില്ലന്നത് തികച്ചും അപലപനീയമായ കാര്യമാണന്ന് പേഷ്യന്റ്‌സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ മര്‍ഫി അഭിപ്രായപ്പെട്ടു. എന്നാല്‍ എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ക്ക് കുറവൊന്നുമില്ലെന്നും ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 2007 ലേക്കാള്‍ 10,000 നഴ്‌സുമാര്‍ കൂടുതലായി നിലവില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രി ആന്‍ മില്‍ട്ടണ്‍ പറഞ്ഞു. നിലവില്‍ എന്‍എച്ച്എസിന്റെ പേപ്പര്‍ വര്‍ക്കുകള്‍ കൈകാര്യം ചെയ്യുന്നത് നഴ്‌സുമാരാണ്. രോഗികള്‍ക്ക് നഴ്‌സുമാരുടെ പരിചരണം കൂടുതല്‍ ലഭ്യമാകത്തക്ക വിധത്തില്‍ അവരുടെ ജോലി സമയവും പ്രവര്‍ത്തനവും ക്രമീകരിക്കാനുളള നടപടികള്‍ ഗവണ്‍മെന്റ് തുടങ്ങി കഴിഞ്ഞതായും അവര്‍ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല