1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2012

തീവ്രവാദിയായ എന്‍എച്ച്എസ് ഡോക്ടറുടെ രേഖാചിത്രം

ലണ്ടന്‍ : സിറിയന്‍ കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ തീവ്രവാദികളുടെ നേതാവായ എന്‍എച്ച്എസ് ഡോക്ടറെ കണ്ട് ഞെട്ടി. സിറിയയിലെ ഇസ്ലാമിക തീവ്രവാദികളുടെ നേതാവ് ലണ്ടനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നുവെന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫര്‍ ജോണ്‍ കാന്റ്‌ലീ പറയുന്നത്. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജോണ്‍ കാന്റ്‌ലിയേയും സംഘത്തേയും തീവ്രവാദികള്‍ തടവിലാക്കിയിരുന്നു. അവിടെ വച്ചാണ് ഡോക്ടറെ ജോണും കൂട്ടുകാരന്‍ ജെറോന്‍ ഓര്‍ലിമാന്‍സും കണ്ടെത്തുന്നത്.

എന്‍എച്ച്എസിന്റെ മെഡിക്കല്‍ കിറ്റ് കൈവശം സൂക്ഷിച്ചിരിക്കുന്ന ഇയാള്‍ രണ്ട് വര്‍ഷത്തെ ലീവ് എടുത്താണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരിക്കുന്നതെന്നും ജോണ്‍ പറയുന്നു. ലീവ് കഴിഞ്ഞാല്‍ തിരികെ യുകെയിലെത്തുമെന്നും അവിടെയുളള എആന്‍ഡ് ഇയില്‍ ട്രോമ കണ്‍സള്‍ട്ടന്റായി ജോലിയില്‍ പ്രവേശിക്കുമെന്നും ജോണിനോട് ഇയാള്‍ പറഞ്ഞു. തീവ്രവാദികളുടെ പിടിയിലകപ്പെട്ടപ്പോള്‍ തന്നെ തലവെട്ടിക്കളയും എന്ന് ആവര്‍ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കൂട്ടത്തില്‍ ഒരു ബ്രട്ടീഷ് ഡോക്ടറെ കണ്ടതാണ് തന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയതെന്ന് ജോണ്‍ പറയുന്നു.

ഡോക്ടറോട് തങ്ങള്‍ ഇരുവരും ലണ്ടനിലുളളവരായതിനാല്‍ സഹായിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അയാള്‍ അപേക്ഷ നിരസിച്ചെന്ന് ജോണ്‍ പറയുന്നു. തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് കാട്ടി കാമുകിക്ക് ഒരു മെസേജ് അയക്കണമെന്ന ആവശ്യം പോലും അയാള്‍ തളളിക്കളഞ്ഞു. അങ്ങനെ ചെയ്തതാല്‍ തീവ്രവാദികള്‍ അയാളുടെ തലവെട്ടുമെന്നും ഡോക്ടര്‍ പറഞ്ഞു. പേര് ചോദിച്ചപ്പോള്‍ ഡോക്ടര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. മാത്രമല്ല അയാളുടെ ഭാര്യയും കുട്ടികളും ഇപ്പോഴും ലണ്ടനില്‍ തന്നെയാണ് കഴിയുന്നത്.

28 വയസ്സുകാരനായ ഡോക്ടര്‍ ജിഹാദിന് വേണ്ടിയാണ് രണ്ട് വര്‍ഷം എന്‍എച്ച്എസില്‍ നിന്ന് അവധിയെടുത്തിരിക്കുന്നത്. പരുക്കേറ്റ തീവ്രവാദികളെ പരിചരിക്കുന്നത് തന്റെ എന്‍എച്ച്എസ് കരിയറിനും ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്ന് അയാള്‍ പറഞ്ഞു. ആശുപത്രിയില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ട്രോമാമെഡിസിനില്‍ ഉപരിപഠനം നടത്തണമെന്നും പരുക്കേറ്റ ജിഹാദിസ്റ്റുകളെ ശുശ്രൂഷിക്കുന്നത് നല്ലൊരു ട്രയിനിംഗ് ആയിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയതായി ജോണ്‍ പറയുന്നു. സൗത്ത് ലണ്ടന്‍ ആക്‌സന്റിലാണ് ഡോക്ടര്‍ സംസാരിക്കുന്നത്.

പത്ത് മുതല്‍ പതിനഞ്ച് ബ്രട്ടീഷുകാര്‍ സിറിയ ബോര്‍ഡറിനുളളിലെ തീവ്രവാദക്യാമ്പില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ലണ്ടനില്‍നിന്നുളളവരാണ്. തീവ്രവാദികളുടെ പിടിയില്‍ നിന്ന് ജോണും ജെറോനും ഒരിക്കല്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ സംഘത്തിലുണ്ടായിരുന്ന മറ്റൊരു ബ്രട്ടീഷുകാരന്‍ ഇരുവരേയും വെടിവെച്ചതായും ഇരുവര്‍ക്കും പരുക്കേറ്റതായും ജോണ്‍ പറഞ്ഞു. ക്യാമ്പില്‍ പ്രാര്‍ത്ഥനയുടെ സമയത്താണ് ഇരുവരും രക്ഷപെടാന്‍ ശ്രമിച്ചത്. കൈകളില്‍ വിലങ്ങുണ്ടായിരുന്നു. ഷൂവില്ലതിരുന്നതിനാല്‍ വേഗത്തില്‍ ഓടാന്‍ സാധിച്ചില്ല. മൂന്നൂറ് മീറ്ററിന് അപ്പുറത്ത് വച്ച് അവര്‍ ഞങ്ങളെ വെടിവെച്ച് വീഴ്ത്തി.

ഇതേ ഡോക്ടര്‍മാരാണ് തങ്ങളെ പരിചരിച്ചതെന്നും ജോണ്‍ പറയുന്നു. മുറിവ് തുന്നിക്കെട്ടി, ആന്റി ബയോട്ടിക്കും തന്നു. എന്നാല്‍ ഇവര്‍ തങ്ങളോട് ഒട്ടും സഹതാപം കാട്ടിയില്ലെന്ന് മാത്രമല്ല തങ്ങള്‍ മരിച്ച് കാണാനാണ് ഇവര്‍ ആഗ്രഹിച്ചതെന്നും ജോണ്‍ പറയുന്നു. തങ്ങള്‍ രക്ഷപെട്ടാല്‍ ഡോക്‌റാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തീവ്രവാദികള്‍ സംശയിക്കുമെന്ന് കരുതിയാണ് രക്ഷപെടാന്‍ അനുവദിക്കാതിരുന്നതെന്നും ജോണ്‍ പറഞ്ഞു. ഡോക്ടര്‍ ക്യാമ്പില്‍ നിന്ന് പോയതിന് ശേഷം മോചനദ്രവ്യം നല്‍കിയാണ് ജോണിനേയും ജെറോനെയും തീവ്രവാദികള്‍ മോചിപ്പിച്ചത്. അജ്ഞാതനായ ആ ബ്രട്ടീഷ് ഡോക്ടറെ കുറിച്ചുളള വിവരങ്ങള്‍ ജോണ്‍ സിറിയന്‍ പട്ടാളത്തിന് കൈമാറിയിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ ഇയാളുടെ ചിത്രം വരച്ചെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ ഇയാളെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് ജോണും ജെറോനും.

ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ജോണ്‍ സിറിയന്‍ പട്ടാളവും ഇസ്ലാമിക് യാഥാസ്ഥിതിക വാദികളായ അല്‍ അബ്‌സി ഗ്രൂപ്പുമായുളള കലാപം റിപ്പോര്‍ട്ട് ചെയ്യാനാണ് സിറിയയില്‍ എത്തിയത്. നേരത്തെ സന്ദര്‍ശിച്ച ഒരു ക്യാമ്പ് അല്‍ അബ്‌സി ഗ്രൂപ്പുകാര്‍ പിടിച്ചെടുത്തത് അറിയാതെ അവിടം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ജോണും ജെറോനും തീവ്രവാദികളുടെ പിടിയിലാകുന്നത്. തീവ്രവാദികളുടെ വെടിയേറ്റ ജോണിന്റെ കൈയ്യിലെ ഞരമ്പുകള്‍ക്ക് പരുക്കേറ്റിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.