1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2012

ജോലിക്ക് വരാതെ അവധിയെടുക്കുന്നതില്‍ മുന്നില്‍ എന്‍എച്ച്എസിലെ ജോലിക്കാര്‍ തന്നെയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഓരോ ദിവസവും 42,000 എന്‍എച്ച്എസ് ജോലിക്കാര്‍ രോഗാവധി ആവശ്യപ്പെടുന്നുണ്ടന്നാണ് കണക്ക്. അതായത് ഓരോ വര്‍ഷവും രോഗാവധി മൂലം പതിനഞ്ച് മില്യണ്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടത്രേ. എന്‍എച്ച്എസ് ഉദ്യോഗസ്ഥരുടെ ആബ്‌സന്‍സ് റേറ്റ് സ്വകാര്യമേഖലയിലേതിനെക്കാളും രണ്ടിരട്ടിയാണന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന ശമ്പളമുളള എന്‍എച്ച്എസ് മാനേജര്‍മാരേക്കാളും ചീഫ് എക്‌സിക്യൂട്ടീവ്, ഡോക്ടര്‍മാര്‍ എന്നിവരേക്കാള്‍ കൂടുതല്‍ അവധിയെടുക്കുന്നത് നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫുമാരുമാണ്.

എന്‍എച്ച്എസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്കുകള്‍ അനുസരിച്ച് ഒരു ദിവസം ചുരുങ്ങിയത് 14,000 നഴ്‌സുമാരും 11,000 ആംബുലന്‍സ് സ്റ്റാഫുകളും രോഗാവധിയിലായിരിക്കും. മൊത്തത്തിലുളള കണക്കുകള്‍ നോക്കുകയാണങ്കില്‍ എന്‍എച്ച്എസിലെ മുഴുവന്‍ ജോലിക്കാരുടേയും എണ്ണത്തിന്റെ നാല് ശതമാനം ഒരു സമയത്ത് അവധിയിലായിരിക്കും. എന്നാല്‍ ചില എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഇത് ഏഴ് ശതമാനം വരെയാണന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

സ്വകാര്യമേഖലയിലെ ജോലിക്കാരുടെ ആബ്‌സന്‍സ് റേറ്റ് വെറും 1.6 ശതമാനമാണ്. പൊതുമേഖലയില്‍ മൊത്തത്തിലുളള ആബ്‌സന്‍സ് റേറ്റ് 2.6 ശതമാനവും. എന്‍എച്ച്എസ് ജോലിക്കാരുടെ രോഗാവധി ആനൂകുല്യങ്ങള്‍ കൂടുതല്‍ ഉദാരമായതാണ് ഇത്രയേറെ ആളുകള്‍ രോഗാവധിയില്‍ പോകാന്‍ കാരണമെന്നാണ് കരുതുന്നത്. ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നവര്‍ക്കും ബോണസ്സും ഓവര്‍ടൈമും അടക്കമുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. രോഗാവധിയിലാണങ്കിലും മാനസികാരോഗ്യത്തിന് ആവശ്യമെന്ന് തെളിയിച്ചാല്‍ അവര്‍ക്ക് അവധിക്കാല ആഘോഷങ്ങള്‍ക്ക് പോകാന്‍ അനുവാദമുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദമുളള ജോലിയായതാണ് പലരിലും രോഗങ്ങള്‍ ഉണ്ടാക്കുന്നത്. ദീര്‍ഘനേരമുളള നില്‍പ്പ് പലരിലും നടുവേദന, ആര്‍ത്രൈറ്റിസ് പോലുളള അസുഖങ്ങള്‍ ഉണ്ടാക്കാറുണ്ട്. സ്റ്റാഫിന്റെ സിക്ക്‌നെസ്സ് റേറ്റ് നിലവിലുളളതിന്റെ മൂന്നിലൊന്നായി കുറച്ചാല്‍ ഒരു വര്‍ഷം 555 മില്യണ്‍ പൗണ്ട് സമ്പാദിക്കാനാകുമെന്ന് അടുത്തിടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ ജീവനക്കാരുടെ രോഗാവധി നിരക്കില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ ഈ വര്‍ഷം ചെറിയൊരു കുറവ് ഉണ്ടായിട്ടുണ്ടെന്ന് എന്‍എച്ച്എസ് വക്താവ് അറിയിച്ചു. ആശുപത്രികളിലെ തൊഴില്‍ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തികൊണ്ട് രണ്ടായിരത്തി പതിമൂന്ന് മാര്‍ച്ചോടെ ജീവനക്കാരുടെ രോഗാവധി നിരക്ക് നിലവിലുളളതിന്റെ മൂന്നിലൊന്നായി കുറച്ചുകൊണ്ടുവരാനാണ് എന്‍എച്ച്എസിന്റെ ശ്രമമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ ഉയര്‍ന്ന അവധി നിരക്ക് രോഗികളുടെ പരിചരണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് 2009ലെ ബൂര്‍മാന്‍ റിവ്യു മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.