1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2022

ബിനു ജോർജ്ജ്: അനാമിക കെന്റ് യു കെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസിനൊരുങ്ങുന്നു. നിലാവുപോലെ നനുത്ത ഒരു മെലഡിയാണ് ഇത്തവണ സംഗീതാസ്വാദകരിലേക്കെത്തുന്നത്.

യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശബ്ദമധുരിമ കൊണ്ടും, ഭാവാർദ്രമായ ആലാപനം കൊണ്ടും ശ്രദ്ധേയനായ ഗായകനാണ് ശ്രീ റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും മികച്ച സംഗീതസംവിധായകനുമായ ശ്രീ പ്രസാദ് എൻ എ യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. ശ്രീ പ്രതീഷ് വി. ജെ. യാണ് ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്.

യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് നിലാത്തുള്ളിയുടെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ പന്ത്രണ്ടാമത്തെ ആൽബം സോങ്ങാണ് ‘നിലാത്തുള്ളി’യിലേത്.

അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’, സംഗീതമേന്മക്കൊണ്ടും, മികച്ച ആലാപനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായമായ ഈ ഗാനം മെയ് 20 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഗർഷോം ടീവിയിൽ റിലീസ് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.