1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2011

കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരള നിയമ നിര്‍മാണ സഭയില്‍ നടന്നു കൊണ്ടിരിക്കുന്ന ജന(അ)പ്രിയ റിയാലിറ്റി ഷോ ‘നാടകകളരി’യിലെ ആദ്യത്തെ എലിമിനേഷന്‍ റൌണ്ടില്‍ ജയിംസ് മാത്യുവും ടി.വി രാജേഷും പുറത്തായി. സീരിയലുകള്‍ കണ്ടു സ്ത്രീകള്‍ കരയുന്നതിനേക്കാള്‍ വികാരഭരിതമായി കരഞ്ഞും കണ്ണീര്‍ പൊഴിച്ചും അഭിനയിച്ചെങ്കിലും രാജേഷിന്റെ പുറത്താകല്‍ വോട്ടിങ്ങില്‍ പിന്നിലായ പ്രതിപക്ഷത്തെ ഒന്നടങ്കം സത്യാഗ്രഹത്തിലേക്ക് വരെ നയിക്കുകയും സത്യാഗ്രഹം ഒടുവില്‍ ഫലം കാണുകയും ചെയ്തു. ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ചിട്ടും രാജേഷിനെ പുറത്താക്കിയത് എന്തുകൊണ്ടെന്ന് നമുക്കൊക്കെ സംശയം തോന്നുക സ്വാഭാവികമാണല്ലോ, ഭരിക്കാനായി ഇവര്‍ക്കെല്ലാം വോട്ടു ചെയ്തു വിട്ട നമ്മളേക്കാള്‍ അധികാരം ബഹുമാനപ്പെട്ട ജൂറി, അതായത് നമ്മുടെ സ്പീക്കര്‍ക്കുള്ളപ്പോള്‍ ആ സംശയവും അസ്ഥാനത്താണ്. നമ്മുടെ സ്പീക്കറെ അപമാനിച്ചതിനാണ് മികച്ച അഭിനയം കാഴ്ച വെച്ചിട്ടും രാജേഷിനും ജയിമ്സിനും പുറത്ത് പോകേണ്ടി വന്നിരിക്കുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെടുക്കുകയും ചെയ്തു കളഞ്ഞല്ലോ നമ്മുടെ ജൂറി!

നിയമ നിര്‍മാണ സഭകളെ ജന(അ)പ്രിയമാക്കുന്നതിന്റെ ഭാഗമായി നാണക്കേടിന്റെ പുതിയ ദൃശ്യാ വിരുന്നുകള്‍ നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കൊണ്ടിരിക്കുയാണല്ലോ. ഇതുവരെ നമ്മുടെ ‘കേരള’ചാനലില്‍ നടന്നുകൊണ്ടിരിക്കുന്ന സഭാനാടക കളരിയില്‍ കഴിഞ്ഞു പോയ റൌണ്ടുകള്‍ ഏതൊക്കെയാണെന്ന് ഒന്ന് ചികഞ്ഞു നോക്കാം ആദ്യം; നടുത്തളത്തില്‍ ഇറങ്ങല്‍, മുദ്രാവാക്യം വിളി, ധര്‍ണ, സ്പീക്കരുടെ റൂളിങ്ങിനെ ധിക്കരിക്കല്‍, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കല്‍. ഇതില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കല്‍ റൊണ്ടാണ് രാജേഷിനെയും ജയിംസിനെയും എലിമിനേഷന്‍ റൌണ്ടില്‍ എത്തിച്ചത്. സഭകളെ ജന(അ)പ്രിയംമാക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെയും എല്ലാ ദിവസവും അരങ്ങേരുന്നുണ്ടെന്നത് ഇനിയും വോട്ടുകള്‍ ചോദിച്ചു കെഞ്ചുമ്പോള്‍ ഇവര്‍ക്ക് തന്നെ വോട്ടു ചെയിതിവരെ വിജയിപ്പിക്കാന്‍ നമ്മളെ പ്രാപ്തരാക്കുമായിരിക്കും.

സഭയിലെ നാടകത്തെ നാടകകളരിയാക്കി മാറ്റാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് കളരി അഭ്യാസിയായ മന്ത്രി കെ പി മോഹനനാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. ഇടതുകാല്‍ മേശപ്പുറത്തു കയറ്റിവെച്ചു നിയമസഭയുടെ നടുത്തളത്തിലേക്ക് ചാടാനുള്ള ശ്രമം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്നൊക്കെ പരസ്യമായി പറയാനും ഈ സംഭവങ്ങള്‍ കാരണമാകുന്നുണ്ട് കേട്ടോ. ചരിത്രം ചിക്കി ചികയുമ്പോള്‍ ഇത് പത്താമത്തെ നടപടിയാണ്, ഈ പത്ത് നടപടികളില്‍ നിന്നും എലിമിനേറ്റു ആയത് 24 പേരാണ് താനും. നമ്മുടെ ഈ ജന(അ)പ്രിയ റിയാലിറ്റി ഷോയില്‍ ആദ്യത്തെ പുറത്താകല്‍ നടന്നത് 1970 ജനുവരി 29 നാണ്, അന്ന് എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായത് അഞ്ചു സാമാജികരാണ്.

വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന ആദ്യ റൌണ്ട് ‘കൈയാങ്കളി’ യിലെ വിധി ഇന്നലെ ആറുമണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് സ്പീക്കര്‍ പ്രഖ്യാപിച്ചത്. എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറില്‍ ഖേദം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ എലിമിനേഷന്‍ റൌണ്ടിലേക്ക് കടക്കുന്നില്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിയമസഭയില്‍ റൂളിംഗ് നല്‍കിയപ്പോള്‍ “സ്പീക്കര്‍ പറയുന്നതു കളവാണ്, തങ്ങള്‍ ഖേദം പ്രകടിപ്പിച്ചില്ല” എന്ന് അലറിക്കൊണ്ട് ജയിംസ് മാത്യുവും ടി.വി. രാജേഷും സഭാതലത്തില്‍ പ്രതിഷേധിച്ചു. അതോടെയാണ് കാര്യങ്ങള്‍ കൈവിട്ടതും എലിമിനേഷന്‍ റൌണ്ട് വേണ്ടി വന്നതും.രണ്ടു പേരെയും അടുത്ത രണ്ടു ദിവസത്തെ റിയാലിറ്റി ഷോയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള പ്രമേയം ഉടനടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുകയും പ്രതിപക്ഷ ബഹളത്തിനിടയില്‍ അത് പാസാക്കുകയുമായിരുന്നു.എന്ത് ചെയ്യാന്‍ രണ്ടു ദിവസമെന്നത് രണ്ടു മണിക്കൂര് പോലുമാല്ലെന്നു തോന്നിപ്പിക്കും വിധമല്ലേ പ്രതിപക്ഷം ഇവരെ തിരികെ കൊണ്ട് വന്നത്!

കടുത്ത നടപടികളിലേക്ക് കടക്കുന്നില്ല എന്ന സ്പീക്കറുടെ റൂളിംഗിനെ ധിക്കരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രമേയം പാസാക്കിയതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അപ്പോള്‍ത്തന്നെ സഭയില്‍ സത്യാഗ്രഹം പ്രഖ്യാപിച്ചു. എന്നാല്‍, സ്പീക്കറുടെ ചേംബറില്‍വച്ച് കക്ഷിനേതാക്കളെടുത്ത ഒത്തുതീര്‍പ്പ് തീരുമാനത്തെ ധിക്കരിക്കുകയും സ്പീക്കറെ പുറത്തുപറയാന്‍ കഴിയാത്തഭാഷയില്‍ സഭയില്‍ വെല്ലുവിളിക്കുകയും ചെയ്ത നടപടിക്കാണ് ഇരുവരെയും എലിമിനേറ്റ്ചെയ്തതെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി. ചേംബറില്‍ കക്ഷിനേതാക്കളുമായുണ്ടാക്കിയ ധാരണ അനുസരിച്ചുതന്നെയാണ് രണ്ട് എം.എല്‍.എമാരും ഖേദം പ്രകടിപ്പിച്ചതായി താന്‍ റൂളിംഗ് നല്‍കിയതെന്ന് സ്പീക്കറും വ്യക്തമാക്കി.

വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തു എന്ന ‘സംഗതി’യാണ് ഇരുവരുടെയും എലിമിനെഷനില്‍ കലാശിച്ചത് എങ്കിലും, നമ്മള്‍ നല്‍കിയ വോട്ടിന്റെ പിന്‍ബലത്തില്‍ മാത്യു ടി. തോമസ്, എം.എ. ബേബി എന്നിവര്‍ സമര്‍ത്ഥമായി മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ടി.വി. രാജേഷിനെയും ജയിംസ് മാത്യുവിനെയും കൂട്ടി അവര്‍ ജൂറി, സ്പീക്കറുമായി ചര്‍ച്ചയും നടത്തി. . പിന്നീട് ‘ഖേദിക്കുന്നു’ എന്ന വാക്ക് ഒഴിവാക്കി സ്പീക്കറുടെ പോഡിയത്തിന് അടുത്തേക്ക് ചെന്നതില്‍ വിഷമിക്കുന്നു എന്ന് കാണിച്ച് ഇരുവരും സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് വിപ്പും തങ്ങള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയതിനെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വോട്ടു നിലയില്‍ മുന്നില്‍ നില്‍ക്കുന്ന ഭരണ പക്ഷത്തിനു സ്വീകാര്യമായില്ല. സത്യാഗ്രഹമാര്‍ഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേടും തൂണാണെന്ന് ഗാന്ധിജി മാത്രമല്ല പ്രതിപക്ഷവും ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.

പക്ക്വതയും വിവരവും സല്‍സ്വഭാവവുമില്ലാത്ത നേതാക്കന്മാരുടെ പ്രകടനങ്ങള്‍ കണ്ട് ചിരിച്ചും കരഞ്ഞും അവരുടെ അഭിനയത്തെ വാനോളം പുകഴ്ത്തിയും ഇനിയൊരിക്കല്‍ വോട്ടും ചോദിച്ചു വരുമ്പോള്‍ അവര്‍ക്ക് തന്നെ വോട്ടു കൂത്താനും കാത്തിരിക്കുന്ന നമ്മള്‍ പ്രേക്ഷകരോട് ചില കാര്യങ്ങള്‍ കൂടി പറഞ്ഞു കൊള്ളട്ടെ, ഇത്തരം ആഘോഷങ്ങള്‍ക്ക് വേണ്ടി നമ്മുടെ സഭ ചിലവഴിക്കുന്ന സമയവും പണവും നമുക്കുള്ളത് തന്നെയല്ലേ? ഇവരെയൊക്കെ പുറത്താക്കാന്‍ നമുക്കുമൊരു എലിമിനേഷന്‍ റൌണ്ട് ഉണ്ടാക്കിയാലോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.