1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2011

ന്യൂകാസില്‍: ന്യൂകാസില്‍ കേരള കാത്തലിക് അസോസിയേഷന്റെ സെക്രട്ടറി ശ്രീ ഷിബു മാത്യു ഏട്ടുകാട്ടിലിനെയും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ശ്രീ ബിജു മാത്യുവിനെയും എന്‍.കെ.സി.എയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് വരുന്ന അഞ്ച് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം ഇവര്‍ക്കാവശ്യമെന്ന് തോന്നുന്നുവെങ്കില്‍ സംഘടനയില്‍ പ്രാഥമികാംഗത്വം ലഭിക്കുന്നതാണ്. എന്നാല്‍ യാതൊരു വിധ ലീഡര്‍ഷിപ്പും ഉത്തരവാദിത്തങ്ങളും വഹിക്കാന്‍ ആജീവനാന്തം അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

എന്‍.കെ.സി.എയുടെ പ്രസിഡന്റിന്റെയോ മറ്റു കമ്മിറ്റിയംഗങ്ങളുടെയോ അനുമതിയെ അംഗീകാരമോ കൂടാതെ ന്യൂകാസിലെ മാര്‍തോമാ കാത്തലിക്കരുടെ പൂര്‍വകാല ചരിത്ര സത്യങ്ങള്‍ക്ക് വിരുദ്ധമായി പ്രസ്താവനകളിറക്കുകയും തന്റെ വ്യക്തിപരമായതും വികലമായതുമായ കാഴ്ചപ്പാടുകള്‍ സത്യത്തിന് വിരുദ്ധമായി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് മാര്‍തോമ്മാ കത്തോലിക്കരുടെ കൂട്ടായ്മയിലേക്ക് തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നതിനായി എന്‍.കെ.സി.എയുടെ സെക്രട്ടറി എന്ന സ്ഥാനം ദുരുപയോഗിച്ചതാണ് ശ്രീ ഷുബു മാത്യുവിനെ അടിയന്തിരമായി സസ്‌പെന്റ് ചെയ്യാന്‍ കാരണമായത്.

ശ്രീ ബിജു മാത്യു യു.കെ.എസ്.ടി.സി.എഫിന് എതിരായി നടത്തിയ ഓണ്‍ലൈന്‍ പരാമര്‍ശങ്ങളുടേയും സത്യത്തിന് നിരക്കാത്തതും തെറ്റായതും കപടമായതുമായ പ്രസ്താവനകളുടേയും കാരണത്താലാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. ഇദ്ദേഹം 2 പ്രാവശ്യം എന്‍.കെ.സി.എയുടെ പ്രസിഡന്റ് പദവി അലങ്കരിച്ചയാളും പല കമ്മിറ്റികളിലും അംഗവുമായിരുന്നു. എന്‍.കെ.സി.എയെ പ്രതിനിധീകരിച്ച് യു.കെ.എസ്.ടി.സി.എഫിന്റെ കേന്ദ്ര കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുകയും എന്നാല്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒറ്റപ്പെടുകയും ചെയ്തതിന്റെ മനോവിഷമത്താല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരസ്യപ്രസ്താവനകള്‍ ഇറക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സസ്‌പെന്‍ഷന് വിധേയമായത്.

ന്യൂകാസില്‍ കേരള കാത്തലിക് അസോസിയേഷന്റെ അടിയന്തിരയോഗം കഴിഞ്ഞയാഴ്ച ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടെങ്കിലും സമൂഹത്തിലെ പല വൈദികരുമായും മറ്റും സാംസ്‌കാരിക തലങ്ങളില്‍ പ്രവര്‍ത്തിച്ച് കര്‍മ്മശേഷിയും ആദര്‍ശശുദ്ധിയും തെളിയിച്ച പ്രഗത്ഭ വ്യക്തികളുമായി സംസാരിച്ച് ലഭിച്ച ഉപദേശത്തിന്റെ വെളിച്ചത്തിലാണ് ഈ 2 പേര്‍ക്കും അടിയന്തിരമായി സസ്‌പെന്‍ഷന്‍ നല്‍കേണ്ടത് ഏറ്റവും ആവശ്യമാണെന്ന് തീരുമാനത്തില്‍ പ്രസിഡന്റ് ശ്രീമതി ട്രീസാ മാത്യു ഒപ്പുവച്ചത്.

ഇവര്‍ നടത്തിയ പരസ്യപ്രസ്താവനകള്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും മാര്‍തോമാ കത്തോലിക്കരുടെ കൂട്ടായ്മക്കും ഐക്യത്തിനും എതിരാണെന്നും ഇക്കഴിഞ്ഞ ജൂലൈ 23ാം തീയ്യതി ബലിയര്‍പ്പിച്ച് 3 അഭിവന്ദ്യപിതാക്കന്‍മാരുടെ തീരുമനസ്സുകളെ അവഹേളിക്കുന്നതാണെന്നും പരസ്യമായി വിലയിരുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഒരു കത്തോലിക്കാ അസോസിയേഷന്റെ ചട്ടക്കൂട്ടത്തില്‍ നിന്നും ഇവരെ നിഷ്‌കാസനം ചെയ്തത്. റീജിയണല്‍ യൂണിറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നിലയ്ക്ക് യു.കെ.എസ്.ടി.എഫിന്റെ ദേശീയ നേതൃത്വത്തില്‍ തുടരാനുള്ള യോഗ്യതകൂടിയാണ് ശ്രീ ബിജു മാത്യുവിന് നഷ്ടമായത്.

എന്‍.കെ.സി.എയുടെ പത്രപ്രസ്താവന

2003ലാണ് എന്‍.കെ.സി.എ രൂപം കൊള്ളുന്നത്. അക്കാലഘട്ടങ്ങളില്‍ ന്യൂ കാസിലിലുണ്ടായിരുന്ന 40 ഓളം കുടുംബങ്ങള്‍ ഒന്നുചേര്‍ന്നാണ് എന്‍.കെ.സി.എ എന്ന കത്തോലിക്കാ സംഘടന രൂപീകരിച്ചത്. അന്നിവിടെ മലയാളി വൈദികര്‍ ആരുമുണ്ടായിരുന്നില്ല. തലമുറകളായ നമുക്ക് ലഭിച്ച വിശ്വാസ പാരമ്പര്യം നിലനിര്‍ത്തുകയും പുതുതലമുറയിലേക്ക് പകരുകയുമായിരുന്നു എന്‍.കെ.സി.എയുടെ ലക്ഷ്യം. അന്നുമുതല്‍ ഇന്ന് വരെ എന്‍.കെ.സി.എ സഭാമക്കളോടും ഇതര സമുദായ അംഗങ്ങളോടും ഒത്തുചേര്‍ന്നാണ് പോകുന്നത്. എന്‍.കെ.സി.എയുടെ ഇക്കഴിഞ്ഞ സമ്മേളനം നടന്നത് ഇവിടുത്ത ഒരു മലയാളി വൈദികന്റെ സാന്നിധ്യത്തിലാണ് എന്നുള്ളത് ഈ അവസരത്തില്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുകയാണ്.

എന്‍.കെ.സി.എ രൂപം കൊടുത്തത് ക്‌നാനായ സമൂഹത്തിനെതിരായിട്ടല്ല. എന്‍.കെ.സി.എയും ക്‌നാനായ കൂട്ടായ്മയും ക്രിസ്തുവാകുന്ന മുന്തിരവള്ളിയിലെ ശാഖകളാണ്. വസ്തുതകള്‍ ഇതായിരിക്കെ ചില വ്യക്തികളും ഒരു ഓണ്‍ലൈന്‍ സൈറ്റും കുപ്രചരണം നടത്തുന്നത് എന്‍.കെ.സി.എ ഏറെ വിഷമത്തോടെയാണ് കാണുന്നത്. അവര്‍ക്കുവേണ്ടി എന്‍.കെ.സി.എ ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുകയാണ്. പ്രസ്ഥാനങ്ങള്‍ അധികാരത്തിന് വേണ്ടിയല്ല മറിച്ച് അധികാരങ്ങള്‍ പ്രസ്ഥാനത്തിന് വേണ്ടിയാണ്. യു.കെ.എസ്.ടി.സി.എഫിന് എതിരായ കുപ്രചരണങ്ങളില്‍ എന്‍.കെ.സി.എയുടെ മെമ്പേഴ്‌സും ഉണ്ടായിരുന്നു എന്നത് എന്‍.കെ.സി.എ വളരെ ഗൗരവമായിട്ടാണ് കാണുന്നത്.

യു.കെ.എസ്.ടി.സി.എഫ് വൈസ് പ്രസിഡന്റ്, എന്‍.കെ.സി.എ കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ പ്രര്‍ത്തിക്കുന്ന ശ്രീ ബിജു മാത്യു തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് എന്‍.കെ.സി.എയുടെ ശ്രദ്ധയില്‍പ്പെട്ടു. ബോധപൂര്‍വ്വമാണ് അദ്ദേഹം ഇത് ചെയ്തതെന്ന് എന്‍.കെ.സി.എ കമ്മിറ്റിക്ക് പൂര്‍ണ്ണമായും ബോധ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ എന്‍.കെ.സി.എയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുറത്താക്കിയ വിവരം ഏവരേയും ഏറെ വിഷമത്തോടെ അറിയിക്കുന്നു. ഈ അഞ്ച് വര്‍ഷത്തിന് ശേഷം യാതൊരുവിധ നേതൃത്വവും ഉത്തരവാദിത്വവും ഇദ്ദേഹത്തിനേറ്റെടുക്കാന്‍ അര്‍ഹതയുള്ളതല്ല. എന്‍.കെ.സി.എയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്തായ എം.ആര്‍. ബിജു മാത്യുവിന് യു.കെ.എസ്.ടി.എഫ് സംഘടനയുടെ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുവാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.

എന്‍.കെ.സി.എയുടെ സെക്രട്ടറി എന്ന നിലയില്‍ ശ്രീ ഷിബു മാത്യു ഏട്ടുകാട്ടില്‍ ഇറക്കിയ പ്രസ്താവനയും കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. എന്‍.കെ.സി.എ കമ്മിറ്റിയുടെ അനുവാദം കൂടാതെ വ്യക്തിപരമായി അദ്ദേഹം നടത്തിയ പ്രസ്താവനകളില്‍ എന്‍.കെ.സി.എ സെക്രട്ടറി എന്ന സ്ഥാനം ഉപയോഗിച്ചത് എന്‍.കെ.സി.എക്ക് അംഗീകരിക്കാന്‍ സാധിക്കുകയില്ല. എന്‍.കെ.സി.എയുടെ ലക്ഷ്യം മറന്ന് ഉത്തരവാദിത്വം കാറ്റില്‍ പറത്തി പൊതുവികാരം എന്ന നിലയില്‍ ശ്രീ ഷിബു മാത്യു എട്ടുകാട്ടില്‍ നടത്തിയ പ്രസ്താവന ശരിയല്ല. അദ്ദേഹത്തെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഈ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ശേഷം ഒരുത്തരവാദിത്വവും നേതൃത്വവും ഇദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നതല്ലെന്നും ഈ അവസരത്തില്‍ വേദനയോടെ അറിയിക്കുന്നു.

സ്‌നേഹപൂര്‍വ്വം പ്രാര്‍ത്ഥനയോടെ

എന്‍.കെ.സി.എ കമ്മിറ്റി അംഗങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.