1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2011

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‌ ഫ്രാന്‍സിലെ കാനില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വലിയ് പ്രതീക്ഷയായിരുന്നു, ബ്രിട്ടന്‍ ഇരട്ട മാന്ദ്യത്തിലേക്ക് നീങ്ങുന്നത്‌ തടയാന്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഉച്ച്ച്ചകൊടിക്കാകുമെന്ന വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്ക് കൃത്യവും ഫലപ്രദവുമായ ഉത്തരം കാണാനാകാതെ ജി-20 രാജ്യങ്ങളുടെ ഉച്ചകോടി വെള്ളിയാഴ്ച സമാപിച്ചതോടു കൂടി ബ്രിട്ടന്‍ ഇരട്ട മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക വര്‍ദ്ധിക്കുകയും ചെയ്തു.

പ്രതിസന്ധിയില്‍ ഉലയാതെ പിടിച്ചുനില്‍ക്കാന്‍ അംഗരാജ്യങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുന്ന തരത്തില്‍ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.)യെ ശക്തിപ്പെടുത്താന്‍ ഉച്ചകോടിയില്‍ തീരുമാനമായി എന്നത് മാത്രമാണ് ആകെയുള്ള നേട്ടങ്ങളില്‍ ബ്രിട്ടന് എന്തെങ്കിലും ഉപകാരപ്പെടാവുന്ന ഒരു തീരുമാനം.

ഐ.എം.എഫിന്റെ ഫണ്ട് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം ഫണ്ട്, എവിടെ നിന്ന് കണ്ടെത്തും, ഏത് കാലയളവില്‍ തുടങ്ങിയ വിശദാംശങ്ങളിലൊന്നും ധാരണയിലെത്താന്‍ ഉച്ചകോടിക്ക് കഴിഞ്ഞിട്ടില്ല എന്നതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഹെര്‍മന്‍ വാന്‍ പറഞ്ഞത്.

ഉച്ചകോടിക്ക് മങ്ങലേല്‍പ്പിച്ച മറ്റൊരു കാര്യം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്ന ഗ്രീസിനെ സഹായിക്കാനുള്ള യൂറോസോണ്‍ പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വമാണ്. ഗ്രീസിന് പിന്നാലെ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇറ്റലിയെ ഐ.എം.എഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിരീക്ഷണത്തില്‍ കൊണ്ടുവരാനുള്ള തീരുമാനം ഉച്ചകോടി കൈക്കൊണ്ടപ്പോഴും ബ്രിട്ടന്റെ കാര്യത്തില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. പ്രതിസന്ധി ഘട്ടത്തില്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും തീരുമാനമായി. വന്‍ കയറ്റുമതി രാജ്യങ്ങളായ ചൈനയും ജര്‍മനിയും ആഭ്യന്തര വിപണി വിപുലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.

ചൈനീസ് നാണയമായ യുവാന്റെ മൂല്യം ഉയര്‍ത്തുന്നതിന് ചൈന സമ്മതം മൂളിയത് ഉച്ചകോടിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. യുവാന്റെ മൂല്യം ചൈന ബോധപൂര്‍വം കുറച്ചുനിര്‍ത്തി കയറ്റുമതി വര്‍ധിപ്പിക്കുകയാണെന്ന ആക്ഷേപം അമേരിക്ക ദീര്‍ഘനാളായി ഉയര്‍ത്തുന്നുണ്ട്. ചൈനയുടെ നടപടിയെ സ്വാഗതം ചെയ്ത യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ആഗോള സാമ്പത്തികരംഗം വളര്‍ച്ച നേടുന്നതില്‍ ഈ നടപടി നിര്‍ണായകമായ കാല്‍വെപ്പാവുമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിസന്ധി നല്‍കുന്ന ആശങ്കയും ഒബാമ മറച്ചു വെച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.