നോര്‍വേയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത മൂന്നുവയസ്സുകാരന്‍ അഭിഗ്യാനെയും ഒരുവയസ്സുകാരി ഐശ്വര്യയെയും വെള്ളിയാഴ്ച അച്ഛനമ്മമാര്‍ കണ്ടു. നോര്‍വേയില്‍ ഭൗമശാസ്ത്രജ്ഞനായ കൊല്‍ക്കത്ത സ്വദേശി അനുരൂപും സാഗരികയും മക്കളോട് വൈകാരികമായി അടുപ്പം കാണിക്കുന്നില്ലെന്നാരോപിച്ച് കേസെടുത്ത ശേഷമാണ് കുട്ടികളെ നോര്‍വേ ശിശുക്ഷേമവകുപ്പ് മാറ്റിപ്പാര്‍പ്പിച്ചത്. സ്റ്റവാങ്കറില്‍ കുട്ടികള്‍ കഴിയുന്ന വീട്ടില്‍വെച്ചായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച.
ഇന്ത്യയും നോര്‍വേയുംതമ്മില്‍ നടത്തിയ നയതന്ത്രചര്‍ച്ചകളെത്തുടര്‍ന്ന് മൂന്നുമാസത്തിനുശേഷമാണ് അച്ഛനമ്മമാരായ അനുരൂപ് ഭട്ടാചാര്യയും സാഗരികയും കുട്ടികളെ കാണുന്നത്. ശിശുക്ഷേമവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അനുരൂപിന്റെ സഹോദരന്‍ അരുണഭാഷ്, സാമൂഹികസേവനവകുപ്പിന്റെ പ്രതിനിധി, കുട്ടികളെ വളര്‍ത്താന്‍ ഏല്‍പ്പിച്ചിരിക്കുന്ന നോര്‍വീജിയന്‍ കുടുംബത്തിലെ ഒരംഗം എന്നിവരും സന്നിഹിതരായിരുന്നു.
”ഞങ്ങളെ കണ്ടപ്പോള്‍ മക്കള്‍ക്ക് വളരെ സന്തോഷമായി. കൂടിക്കാഴ്ച വളരെ നന്നായിരുന്നു. അഭിഗ്യാനെന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു. മൂന്നുമാസമായി ആ കെട്ടിപ്പിടിത്തം എനിക്ക് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു” -അനുരൂപ് സന്തോഷത്തോടെ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം വളരെനേരം കളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മക്കള്‍ക്കിഷ്ടപ്പെട്ട ഇന്ത്യന്‍ ആഹാരങ്ങളുമായാണ് അനുരൂപും സാഗരികയും ചെന്നത്. വികാരഭരിതയായി കാണപ്പെട്ട സാഗരിക എത്രയുംവേഗം മക്കളെ തിരിച്ചു കിട്ടണമെന്നും ഇന്ത്യയിലേക്ക് മടങ്ങണമെന്നും പറഞ്ഞു. അനുരൂപിന്റെയും സാഗരികയുടെയും വിസാ കാലാവധി അടുത്തമാസം തീരാനിരിക്കെ കുട്ടികളെ എത്രയും പെട്ടെന്ന് മാതാപിതാക്കള്‍ക്ക് തിരികെ കിട്ടുന്നതിനായി ഇന്ത്യ നയതന്ത്രതലത്തില്‍ ശ്രമം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല