1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2012

മാസങ്ങള്‍ നീണ്ട അവകാശത്തര്‍ക്കത്തിന് വിരാമമിട്ട് നോര്‍വെ കോടതി ചെറിയച്ഛന് വിട്ടുനല്‍കിയ രണ്ട് ഇന്ത്യന്‍കുട്ടികളും ഇന്ത്യയിലെത്തി. മൂന്നു വയസ്സുകാരന്‍ അഭിഗ്യാനും ഒരു വയസ്സുകാരി ഐശ്വര്യയും പിതാവിന്റെ സഹോദരന്‍ അരുണഭാഷ് ഭട്ടാചാര്യക്കൊപ്പം ചൊവ്വാഴ്ച വെളുപ്പിനാണ് ഇന്ത്യയില്‍ വിമാനമിറങ്ങിയത്.

നോര്‍വെയില്‍ ഭൗമശാസ്ത്രജ്ഞനായ കൊല്‍ക്കത്ത സ്വദേശി അനുരൂപിന്റെയും സാഗരികയുടെയും മക്കളാണ് അഭിഗ്യാനും ഐശ്വര്യയും. മാതാപിതാക്കള്‍ മക്കളോട് വൈകാരികമായി അടുപ്പം കാണിക്കുന്നില്ലെന്നാരോപിച്ചാണ് നോര്‍വെ അധികൃതര്‍ ഇടപെട്ടതും പോലീസ് കേസെടുത്തതും. ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ കുട്ടികളെ നോര്‍വെ ശിശുക്ഷേമവകുപ്പ് ഏറ്റെടുത്ത് മാറ്റിപ്പാര്‍പ്പിച്ചു. ഒരു വര്‍ഷത്തോളമായി നോര്‍വെക്കാരുടെ ഒരു കുടുംബത്തോടൊപ്പമാണ് കുട്ടികള്‍ കഴിഞ്ഞു വന്നിരുന്നത്.

കുട്ടികളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ മാസങ്ങളായി നോര്‍വേക്കുമേല്‍ നയതന്ത്രസമ്മര്‍ദം ചെലുത്തി വരികയായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് അനുരൂപിനും സാഗരികയ്ക്കും ഫിബ്രവരിയില്‍ മക്കളെ കാണാന്‍ അനുമതി ലഭിച്ചിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് മാതാപിതാക്കളും ചെറിയച്ഛനും ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് കുട്ടികളെ വിട്ടുനല്‍കാന്‍ കോടതി ഉത്തരവിറക്കിയത്.

കുട്ടികളെ വിട്ടുകിട്ടുന്ന കാര്യത്തില്‍ ഇന്ത്യന്‍സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ നോര്‍വീജിയന്‍ കോടതി സംതൃപ്തി പ്രകടിപ്പിച്ചു. സാംസ്‌കാരികപരമായ കാരണങ്ങളാല്‍ കുട്ടികള്‍ മാതൃരാജ്യത്തുതന്നെ വളരുകയാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.

ഇവരെ വിട്ടുകിട്ടുന്നതിനുള്ള നിയമപോരാട്ടത്തിനിടെ മാതാപിതാക്കള്‍ വിവാഹമോചനത്തിനു ശ്രമിച്ചതും കുട്ടികളുടെ മോചനത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലുള്ള ബന്ധുക്കള്‍ കുട്ടികള്‍ക്കു വേണ്ടി അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ രക്ഷിതാക്കളുടെ നിലപാടുകള്‍ മാറിമറിയുന്ന പശ്ചാത്തലത്തില്‍ കുട്ടികളെ സംരക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറായാലും വിട്ടുകൊടുക്കില്ലെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ ഇതുവരെയുള്ള നിലപാട്. പ്രശ്നം ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്രബന്ധത്തെയും ബാധിച്ചിരുന്നു. കുട്ടികളെ സ്വന്തം സംസ്കാരത്തില്‍ വളരാന്‍ അനുവദിക്കണമെന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.