1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2011

എല്ലാ രാജ്യത്തെയും നിയമത്തിന്റെ കണ്ണിനു ഒരു കുഴപ്പമുണ്ട്, അവര്‍ ഏറ്റവും ക്രൂരമായ കൃത്യങ്ങള്‍ നടത്തുന്ന കുറ്റവാളികളെ മനോരാഗികളായി കാണും, അങ്ങനെ കഴിഞ്ഞ ജൂലായില്‍ നോര്‍വേയില്‍ 77 പേരെ കൂട്ടക്കൊല ചെയ്ത ആന്‍ഡേര്‍സ് ബെറിങ് ബ്രെയ്‌വിക് കുറ്റവാസനയുള്ള മനോരോഗിയാണെന്ന് മനഃശാസ്ത്രവിദഗ്ധര്‍ വിധിയെഴുതി. ഇനി കോടതിയുടെ വിധി എന്താണെന്ന് കാണാം.. എന്തായാലും യൂറോപ്പില്‍ ശക്തിപ്രാപിക്കുന്ന നവനാസിസത്തിന്റെ പ്രചാരകനായി വിലയിരുത്തപ്പെട്ടിരുന്ന ബ്രെയ്‌വിക് ഇതോടെ ജയില്‍ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടേക്കും. ബ്രെയ്‌വിക് ഇനിയുള്ള കാലം മാനസികാരോഗ്യകേന്ദ്രത്തിലാണ് കഴിയേണ്ടിവരികയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ജൂലായ് 22നാണ് ഓസ്‌ലോയിലെ സര്‍ക്കാര്‍ കെട്ടിടത്തിന് സമീപം കാര്‍ബോംബ് സ്‌ഫോടനം നടത്തി ബ്രെയ്‌വിക് എട്ടുപേരെ കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ 40 കിലോമീറ്റര്‍ അകലെയുള്ള ഉട്ടേയ ദ്വീപില്‍ നടക്കുന്ന യുവജനക്യാമ്പിലെത്തി 69 പേരെ വെടിവെച്ചുകൊല്ലുകയും ചെയ്തു. ക്രൂരമെങ്കിലും ഒഴിവാക്കാനാവാത്ത പ്രവൃത്തിയാണ് താന്‍ ചെയ്തതെന്ന് വാദിച്ചിരുന്ന ബ്രെയ്‌വിക് പക്ഷേ, താന്‍ ചെയ്തത് കുറ്റമാണെന്ന് സമ്മതിച്ചിരുന്നില്ല.

യൂറോപ്പിനെ മുസ്‌ലിം അധിനിവേശത്തില്‍നിന്നും ബഹുസാംസ്‌കാരികതയില്‍നിന്നും രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്ന് ബ്രെയ്‌വിക് വെളിപ്പെടുത്തിയിരുന്നു. ‘നൈറ്റ്‌സ് ടെപ്ലാര്‍’ എന്ന തന്റെ സംഘടന ഭാവി യൂറോപ്പിന്റെ അധികാരം കൈയാളുമെന്നും ആ ഘട്ടത്തില്‍ നോര്‍വേയുടെ അധിപന്‍ താനായിരിക്കുമെന്നും ബ്രെയ്‌വിക് അന്വേഷണഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

ബ്രെയ്‌വിക്കുമായി 36 മണിക്കൂറോളം അഭിമുഖം നടത്തിയാണ് മനോരോഗവിദഗ്ധര്‍ 243 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അടുത്തവര്‍ഷം ഏപ്രില്‍ 16നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. മനഃശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണെങ്കില്‍ ബ്രെയ്‌വിക്കിനെ ചികിത്സയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.