1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

കുട്ടികള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഒരേ കിടക്കയില്‍ ഉറങ്ങുന്നതും കുട്ടികള്‍ക്ക് ഭക്ഷണം കൈകൊണ്ട് വാരിക്കൊടുക്കുന്നതും കുറ്റമാണെന്ന് ആരോപിച്ചു ഇന്ത്യന്‍ ദമ്പതികളുടെ കുഞ്ഞുങ്ങളെ നോര്‍വ്വേ സര്‍ക്കാര്‍ അടുത്തിടെ പിടിച്ചെടുത്തിരുന്നു. എന്തായാലും സ്വന്തം കുഞ്ഞുങ്ങളെ വിട്ടുകിട്ടുന്നതിനായി നോര്‍വേ അധികൃതരോട് നിയമപോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ദമ്പതിമാര്‍ക്ക് ഒടുവില്‍ മക്കളെ കാണാന്‍ അനുമതി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. നോര്‍വേയില്‍ ഭൗമശാസ്ത്രജ്ഞനായ കൊല്‍ക്കത്ത സ്വദേശി അനുരൂപ് ഭട്ടാചാര്യയ്ക്കും ഭാര്യ സാഗരികയ്ക്കും വെള്ളിയാഴ്ചയാണ് മക്കളെ കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം മെയിലാണ് ഇവരുടെ മക്കളായ മൂന്നുവയസ്സുകാരന്‍ അഭിഗ്യാനെയും ഒരു വയസ്സുകാരി ഐശ്വര്യയെയും നോര്‍വേയിലെ ശിശുക്ഷേമവകുപ്പ് അധികൃതര്‍ മറ്റൊരു കുടുംബത്തിന് വളര്‍ത്താന്‍ നല്‍കിയത്. മക്കളോട് വൈകാരികമായി അടുപ്പംകാണിക്കുന്നില്ലെന്നാരോപിച്ച് അനുരൂപിനും സാഗരികയ്ക്കുമെതിരെ കേസെടുത്ത ശേഷമായിരുന്നു നടപടി. അഭിഗ്യാന്‍ സ്‌കൂളില്‍ വികൃതി കാട്ടുന്നതായി റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്നാണ് ശിശുക്ഷേമസമിതി ഇടപെട്ടത്. കുറ്റമായാണ് സമിതി അധികൃതര്‍ കണ്ടത്. ഇത് നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കലാണെന്നാണ് അവരുടെ വാദം.

സാഗരിക കുട്ടിയെ ഒരുതവണ അടിച്ചു. കുട്ടികള്‍ക്ക് കളിക്കാന്‍ സ്ഥലമില്ല, ഉചിതമായ വസ്ത്രമില്ല, കളിപ്പാട്ടങ്ങളില്ല എന്നീ കുറ്റങ്ങളും അധികൃതര്‍ ഉന്നയിച്ചു. അഭിഗ്യാനും ഐശ്വര്യയ്ക്കും മാതാപിതാക്കളോട് വൈകാരിക അടുപ്പമില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇവരെ അച്ഛനമ്മമാരില്‍നിന്ന് മാറ്റിയത്. ഒപ്പം കിടത്തിയുറക്കുന്നതും ഭക്ഷണം വാരിക്കൊടുക്കുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും നോര്‍വീജിയന്‍ അധികൃതര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നുമുള്ള അനുരൂപിന്റെയും സാഗരികയുടെയും വാദം ശിശുക്ഷേമസമിതി ചെവിക്കൊണ്ടില്ല.

കുട്ടികളുമായി ഇന്ത്യയിലേക്ക് മടങ്ങാനാണെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. മാര്‍ച്ച് അവസാനത്തോടെ അനുരൂപിന്റെയും സാഗരികയുടെ വിസാകാലാവധി കഴിയുകയാണ്. വളരെ നിയമയുദ്ധത്തിനുശേഷം അനുരൂപിന്റെ സഹോദരന്‍ അരുണഭാസ് ഭട്ടാചാര്യയുടെ സംരക്ഷണയില്‍ കുട്ടികളെ വിട്ടുകൊടുക്കാമെന്ന് നോര്‍വേ അധികൃതരുമായി ഇന്ത്യ കരാറായി. കൊല്‍ക്കത്തയില്‍ നിന്ന് നോര്‍വേയിലെത്തിയ അവിവാഹിതനായ അരുണഭാസിന് കുട്ടികളെ വളര്‍ത്താനുള്ള പ്രത്യേക കൗണ്‍സലിങ് നല്‍കി. എന്നാല്‍, കുട്ടികളുടെ രക്ഷാകര്‍തൃത്വം ഇതുവരെ ഇദ്ദേഹത്തിന് കൈമാറിയിട്ടില്ല. എങ്കിലേ കുട്ടികളുമായി ഇന്ത്യയിലേക്ക് മടങ്ങാനാവൂ.

അതിനിടെ, അനുരൂപിന്റെ അച്ഛനമ്മമാരായ മണോടോഷും ശിഖാ ചക്രവര്‍ത്തിയും രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കണ്ട് സാഹായം അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ നോര്‍വീജിയന്‍ വിദേശകാര്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് കുട്ടികളെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നോര്‍വീജിയന്‍ അംബാസഡറെ കഴിഞ്ഞദിവസം വിളിച്ചു വരുത്തി ഇന്ത്യ ഈ പ്രശ്‌നം അവതരിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.