1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2012

ബ്രിട്ടനെ സംബന്ധിച്ചിടത്തോളം വിവാഹമോചനം ഒരു വിഷയമേ അല്ല. നേരെ മറിച്ച് ഒരു ദമ്പതികള്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചാല്‍ അതൊരു വലിയ കാര്യം തന്നെയാണ്. എന്നാല്‍ ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ ദാമ്പതികലുടെ കാര്യമെടുത്താല്‍ ആ സ്ഥാനം കയ്യടക്കിയിരിക്കുനത് ഇന്ത്യക്കാരാണ്. കര്‍ത്തരി-കരംചന്ദ് ദമ്പതികളാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുന്നത്.

എണ്‍പത്തിയഞ്ച് വര്‍ഷം മുമ്പാണ് കര്‍ത്തരിയെ കരംചന്ദ് ജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിയത്. പഞ്ചാബില്‍ വെച്ച് 1925-ലായിരുന്നു വിവാഹം. ഇപ്പോള്‍ ഇങ്ങ് ബ്രിട്ടനിലാണ് താമസം. ബ്രിട്ടനില്‍, ഏറ്റവും ദൈര്‍ഘ്യമേറിയ ദാമ്പത്യ ജീവിതത്തിന്റെ ഉടമകള്‍ എന്ന ബഹുമതിക്കര്‍ഹരായിരിക്കുകയാണ് ഈ ഇന്ത്യക്കാര്‍.

കരംചന്ദിന് 106 വയസ്സായി. കര്‍ത്തരിക്ക് 99-ഉം. പഞ്ചാബ് സ്വദേശികളാണ് രണ്ടു പേരും. 1965-ല്‍ ബ്രിട്ടനിലേക്ക് കുടിയേറി. അന്നുതൊട്ടിന്നോളം ബ്രാഡ്ഫോര്‍ഡിലാണ് താമസം. ഇളയമകന്‍ സത്പാലും കുടുംബവുമാണ് കൂടെ. ചെറുപ്രായത്തിലേ കല്യാണം കഴിക്കുന്നതും ഒരേ പങ്കാളിക്കൊപ്പം ദീര്‍ഘകാലം കഴിയുന്നതും അപൂര്‍വമായ ബ്രിട്ടനില്‍ ഈ ദമ്പതിമാര്‍ അതിശയക്കാഴ്ചയാണ്.

ഇഷ്ടമുള്ളത് തിന്നുക. കുടിക്കുക. പക്ഷേ, മിതമായ അളവിലായിരിക്കണം. ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കണം. ദീര്‍ഘായുസ്സിന്റെയും ദീര്‍ഘ ദാമ്പത്യത്തിന്റെയും രഹസ്യമായി കരംചന്ദ് പറയുന്നതിതാണ്. കൃത്രിമമായവയൊന്നും കലരാത്ത നല്ല ഭക്ഷണം. പാലും നെയ്യും തൈരും ആവോളം കഴിക്കും. ഇതാണ് ഇത്രയും നീണ്ട ആയുസ്സിന്റെ രഹസ്യമായി കര്‍ത്തരി വെളിപ്പെടുത്തുന്നത്.

കരംചന്ദ് ഇപ്പോഴും ദിവസവും ഒരു സിഗററ്റ് വലിക്കും. അത്താഴത്തിന് മുമ്പ് അല്‍പ്പം മദ്യവും. പരസഹായമില്ലാതെ അല്‍പ്പദൂരം നടക്കും. എന്നാല്‍, ഭാര്യയേക്കാള്‍ അധികം ശ്രദ്ധ എപ്പോഴും വേണം കരം ചന്ദിന്. പല്ലുപോലും കൊഴിയാത്ത കര്‍ത്തരിയാകട്ടെ ഇപ്പോഴും ഓടിച്ചാടി നടക്കും. നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കര്‍ത്തരി. അന്ന് എലിസബത്ത് രാജ്ഞിയില്‍ നിന്ന് കിട്ടുന്ന അഭിനന്ദനക്കത്തിനായി കാത്തിരിക്കുകയാണ് അവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.