1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2012

കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ സമഗ്രമാറ്റം വരുത്തുന്ന വിവരം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിഞ്ഞത് അവസാന നിമിഷം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ വിശ്വാസത്തിലെടുക്കാത്തതില്‍ ചെന്നിത്തലക്ക് അമര്‍ഷമുള്ളതായും സൂചന.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചത്. ചെന്നിത്തലയെ ഒറ്റക്ക് സത്യപ്രതിജ്ഞാവേദിക്ക് അരികിലേക്ക് മാറ്റിനിര്‍ത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സത്യപ്രതിജ്ഞക്കായി 9.50ന് ആണ് ചെന്നിത്തല രാജ്ഭവന്‍ അങ്കണത്തിലെത്തിയത്. ചടങ്ങ് നടക്കുന്ന പന്തലില്‍ എത്തി രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തിനടുത്തെത്തുകയും വേദിക്കരികിലേക്ക് മാറ്റിനിര്‍ത്തി കാര്യം അറിയിക്കുകയുമായിരുന്നു.

വകുപ്പുമാറ്റ കാര്യം താനുമായി നേരത്തെ ആലോചിക്കാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നതിലുള്ള അമര്‍ഷം കേന്ദ്രമന്ത്രി എ.കെ. ആന്റണിയെ ചെന്നിത്തല അറിയിച്ചതായും സൂചനയുണ്ട്. കലങ്ങിമറിയുന്ന സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതും വരുംനാളുകളില്‍ ചര്‍ച്ചാവിഷയമാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവകുപ്പ് കൈമാറി മുഖ്യമന്ത്രി ഒളിയമ്പെയ്തിരിക്കുന്നുവെന്ന ചെന്നിത്തല അനുകൂലികളുടെ പരാതിക്ക് പുറമെയാണ് അവിശ്വാസവിഷയവും ഉയര്‍ന്നത്.

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കുന്നതിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തിരുന്നു. ഇതിന്റെ അന്തഃസത്ത നിലനിര്‍ത്താന്‍ കഴിയുംവിധം നിലപാടെടുക്കാന്‍ ആദ്യഘട്ടത്തില്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ലീഗിന് കീഴടങ്ങേണ്ടിവന്നു. പിന്തുണ പിന്‍വലിക്കല്‍ ഉള്‍പ്പെടെ ശക്തമായ നിലപാടിലേക്ക് ലീഗ് നേതൃത്വം നീങ്ങിയേക്കുമെന്ന് തോന്നിയതോടെയാണ് പിന്നാക്കംപോകാന്‍ കോണ്‍ഗ്രസ് തയാറായത്. മുഖം രക്ഷിക്കലിന്റെ ഭാഗമായി ലീഗിന്റെ പക്കലുള്ള പ്രധാന വകുപ്പുകളില്‍ ഒരെണ്ണം ഏറ്റെടുക്കാന്‍ നടത്തിയ ശ്രമംപോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. വിഷയം കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേട് കാരണം പാര്‍ട്ടിയുടെ അഭിമാനം ലീഗിനു മുന്നില്‍ അടിയറവെക്കേണ്ടിവന്നെന്ന ആരോപണമാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്നത്.

ലീഗിന് കീഴടങ്ങിയതിനെതിരെ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ പരസ്യമായി രംഗത്തെത്തി. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാജ്ഭവനില്‍ ലീഗിന്റെ അഞ്ചാംമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമ്പോഴാണ് തൊട്ടടുത്ത ഔദ്യോഗിക വസതിയില്‍ ആര്യാടന്‍ തുറന്നടിച്ചത്. അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ കെ.പി.സി.സി തീരുമാനമല്ല നടപ്പായതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശം. ചടങ്ങ് ബഹിഷ്കരിച്ച കെ. മുരളീധരന്‍, കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ക്ക് വിലയില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും അഞ്ചാംമന്ത്രിയെ അനുവദിച്ചതിലൂടെ ഉണ്ടായ സാമുദായിക അസന്തുലിതാവസ്ഥ മുന്നണിക്ക് ദോഷകരമാകുമെന്നും കുറ്റപ്പെടുത്തി. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭൂരിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാരും എത്തിയില്ലെന്നതും ശ്രദ്ധേയമാണ്

എന്‍ എസ്‌ എസ്‌ പിണക്കത്തില്‍ ; തിരുവഞ്ചൂരിനെ കാണാന്‍ വിസമ്മതിച്ച് സുകുമാരന്‍ നായര്‍

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്‍എസ്എസിന്റെ വിലക്ക്. എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ മന്ത്രിയ്ക്ക് പ്രവേശനാനുമതി ലഭിച്ചില്ല. തിരുവഞ്ചൂരിനെ കാണാന്‍ താത്പര്യമില്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചത്.ആഭ്യന്തര മന്ത്രിയായ ഉടനെയുള്ള സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറായിട്ടില്ല.

മന്ത്രിമാരുടെ വകുപ്പ് മാറ്റി സാമുദായിക സന്തുലനം പാലിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ എന്‍എസ്എസ് വ്യാഴാഴ്ച രംഗത്തു വന്നിരുന്നു. വകുപ്പ് മാറ്റം വെറും ചെപ്പടി വിദ്യ മാത്രമാണെന്നും സാമുദായിക സന്തുലനം ഇപ്പോഴും വന്നിട്ടില്ലെന്നുമായിരുന്നു അവരുടെ അഭിപ്രായം.

വകുപ്പുകള്‍ മാറ്റിയതുകൊണ്ട് പ്രശ്‌നം തീരില്ല. രമേശ് ചെന്നിത്തല വെറും നോക്കുകുത്തിമാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആഭ്യന്തരം തിരുവഞ്ചൂരിന് നല്‍കിയത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായതുകൊണ്ടുമാത്രമാണ്. കേരളം ഭരിക്കുന്നത് കൂഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലികുട്ടി എന്നിവരാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.