സ്വകാര്യ ആശുപത്രികള്‍ക്കെതിരേ ശക്തമായ നടപടികള്‍ക്കു തൊഴില്‍ വകുപ്പ് നടപടി തുടങ്ങി. ജീവനക്കാരെ പീഡിപ്പിക്കുന്ന നടപടികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മന്ത്രി ഷിബുബേബി ജോണ്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരടങ്ങുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ബാങ്കുകള്‍ വഴി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.
ഇതിന് ഉത്തരവിറക്കുന്നതിനു നടപടികള്‍ പൂര്‍ത്തിയായി. തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ 450ഓളം ആശുപത്രികളില്‍ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളില്‍ കൃത്രിമം നടക്കുന്നുണ്ടെന്നു വ്യക്തമായിരുന്നു. നിസാര ശമ്പളം നല്‍കി കൂടുതല്‍ തുകയുടെ വൗച്ചറുകള്‍ ഒപ്പിട്ടു വാങ്ങുന്ന നടപടിയും തൊഴില്‍ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതു തടയുന്നതിനുള്ള നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണു പുതിയ ഉത്തരവിറക്കാന്‍ നടപടി സ്വീകരിച്ചത്. മന്ത്രിസഭയും തൊഴില്‍ മന്ത്രിയുടെ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി നടന്ന നഴ്സുമാരുടെ സമരത്തിലെ പ്രധാന ആവശ്യമായിരുന്നു ബാങ്കുകള്‍ വഴിയുള്ള ശമ്പളം. ഈ ആവശ്യമാണു സര്‍ക്കാര്‍ പരിഗണിച്ചത്. ഇതോടൊപ്പം ആശുപത്രി മാനെജ്മെന്‍റുകളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നിരന്തരമായ ആശയ വിനിമയത്തിലൂടെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണു തൊഴില്‍ വകുപ്പിന്‍റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല