1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2012

എഡിറ്റോറിയല്‍

നഴ്‌സുമാരെ മാലാഖമാര്‍ എന്നാണ് നമ്മളെല്ലാം വിശേഷിപ്പിക്കാറ്. ഒരു തരത്തില്‍ അത് ശരിയുമാണ്. ആശുപത്രി കിടക്കയില്‍ മരണം കാത്ത് കഴിയുന്ന രോഗിയുടെ ജീവന് സ്‌നേഹമെന്ന വിളക്ക് കൈയ്യിലേന്തി കാവല്‍ നില്‍ക്കുന്ന മാലാഖമാര്‍. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അവര്‍ നേരിടുന്ന ദുരിതം കാണാന്‍ അധികാരികള്‍ക്ക് കണ്ണില്ലാതെ പോകുന്നു. മനോഹരമായ തൊഴിലിനൊടൊപ്പം സ്വന്തം ജീവിതം അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകാം എന്ന സ്വപ്‌നവുമാണ് പലരേയും നഴ്‌സിങ്ങ് മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളാകട്ടെ നഴ്‌സുമാര്‍ക്ക് എളുപ്പം ജോലി ലഭിക്കാനുളള സാധ്യതയും തുറന്ന് കൊടുത്തു. എന്നാല്‍ ഈ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ഉളളറകളിലേക്ക് കടന്നുചെല്ലുമ്പോഴാണ് ചിരിച്ചുകൊണ്ട് നമുക്ക് മുന്നില്‍ നില്‍ക്കുന്ന മാലാഖമാരുടെ യഥാര്‍ത്ഥജീവിതം മനസ്സിലാകുന്നത്.

കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന നഴ്‌സുമാരുടെ സമരത്തോടെയാണ് നഴ്‌സുമാരുടെ ജീവിതദുരിതങ്ങള്‍ പൊതുശ്രദ്ധയിലേക്ക് വരുന്നത്. ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ പകലും രാത്രിയുമുളള ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം. ജോലിഭാരമാകട്ടെ താങ്ങാവുന്നതിലധികം. ഏത് നിമിഷവും മുന്നറിയിപ്പ് ഇല്ലാതെ പിരിച്ചുവിടാമെന്ന ഭീഷണി. ലേക്‌ഷോറില്‍ സമരം ചെയ്ത് ആശുപത്രി മാനേജ്‌മെന്റിനെ മുട്ടുകുത്തിച്ചതോടെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിനിറങ്ങി.

നഴ്‌സുമാരുടെ പ്രശ്‌നം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ സമരം സഹായിച്ചു. മിനിമം വേതനവും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുക എന്നിങ്ങനെയുളള നിര്‍ദ്ദേശങ്ങള്‍ മുകളില്‍ നിന്നും താഴേക്ക് ഇറങ്ങിവന്നു. എന്നാല്‍ പലയിടത്തും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ആശുപത്രി മുതലാളിമാര്‍ ഹൈജാക്ക് ചെയ്ത വിവരം ആരുമറിഞ്ഞില്ല. നഴ്‌സുമാരെ സ്ഥിരമായി എടുക്കാതെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നതാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കാനുളള വഴി.

എന്നാല്‍ കഴിഞ്ഞ 114 ദിവസമായി കോതമംഗലം മാര്‍ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നടന്നുവന്നിരുന്ന സമരം കടുത്ത അവഗണനകൊണ്ടാണ് മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്. 114 ദിവസമായി ആശുപത്രി മുറ്റത്ത് കെട്ടിയുണ്ടാക്കിയ സമരപന്തലില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവമുളള നഴ്‌സുമാര്‍ സമരം തുടര്‍ന്നു വന്നു. നിരവധി രാഷ്ട്രീയ നേതാക്കള്‍ മാറിമാറി വന്ന് അഭിവാദ്യം അര്‍പ്പിച്ച് മടങ്ങിപ്പോയി. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് അധികാരികള്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല. കടുത്ത അവഗണന കാട്ടുകയും ചെയ്തു. അവഗന അതിരുവിട്ട ഘട്ടത്തിലാണ് മൂന്ന് നഴ്‌സുമാര്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

ഇതോടെ സമരത്തിന് മറ്റൊരു മാനം വന്നു. നഴ്‌സുമാരോട് അനുഭാവം കാട്ടി പൊതുജനങ്ങളും രംഗത്ത് വന്നു. രണ്ട് ദിവസം കോതമംഗലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. രണ്ട് ദിവസത്തോളം മഴയും വെയിലും കൊണ്ട് ആത്മഹത്യഭീഷണിയുമായി ആ നഴ്‌സുമാര്‍ കെട്ടിടത്തിന് മുകളില്‍ തന്നെ ഉറച്ചുനിന്നു. അവസാനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം സമരത്തിന് താല്‍ക്കാലിക അന്ത്യം.

മിനിമം വേതനം, ജോലി സ്ഥിരത, ത്രീ ഷിഫ്റ്റ് സമ്പ്രദായം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആശുപത്രിയിലെ 22 സ്ഥിരം ജീവനക്കാരുള്‍പ്പെടെ 100ലേറെ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങിയത്. വിഎസ് അച്യുതാന്ദന്റെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്. തികച്ചും അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ കക്ഷികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച ചര്‍ച്ച രാത്രി പത്ത് മണിയോടെയാണ് അവസാനിച്ചത്. സമവായ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഈ മാസം 19 ന് എറണാകുളത്ത് വച്ച് ആരോഗ്യ, തൊഴില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്താനും തീരുമാനിച്ചിട്ടുണ്ട്.

സമരം ഒത്തുതീര്‍പ്പാക്കിയ ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ വായ തുറന്നത്. പ്രതിപക്ഷ നേതാവിന് താന്‍ പറഞ്ഞുകൊടുത്ത നിര്‍ദ്ദേശമാണേ്രത അദ്ദേഹം ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. നഴ്‌സുമാര്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ ചെന്നപ്പോഴൊന്നും അദ്ദേഹം ആ വിഷയത്തേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. മൂന്നു മാസത്തിലേറെയായി നീണ്ടു നിന്ന സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടില്ല എന്നത് നാണക്കേട് തന്നെ. എന്നാല്‍ പ്രതികരിക്കാന്‍ വായ പോലും തുറക്കാത്തത് തികച്ചും ലജ്ജാവഹം തന്നെ.

തികച്ചും സമാധാനപരമായി നടന്നുവന്നിരുന്ന സമരം നഴ്‌സുമാരുടെ ആത്മഹത്യാഭീഷണിയെ തുടര്‍ന്നാണ് സ്‌തോഭജനകമായ അവസ്ഥയിലേക്ക് മാറിയത്. സമര സഹായ സമതി ആഹ്വാനം ചെയത് ഹര്‍ത്താലും റോഡ് ഉപരോധവും രണ്ട് ദിവസം കോതമംഗലത്തെ ജനജീവിതം സ്തംഭിപ്പിച്ചു. സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്‌ന പരിഹാരത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നഴ്‌സുമാരുടെ ആത്മഹത്യാഭീഷണി. എന്നിട്ടും മുഖ്യമന്ത്രി സംഭവത്തെ കുറിച്ച് പ്രതികരിക്കാത്തത് കടുത്ത പ്രതിക്ഷേധത്തിന് കാരണമായിരുന്നു. മുഖ്യമന്ത്രിക്ക് തിരുമേനിമാരെ ഭയമാണന്നും അദ്ദേഹം സമുദായം നോക്കിയാണ് കോതമംഗലം പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

ജനകീയ പ്രശ്‌നങ്ങളില്‍ അതിവേഗം ഇടപെടുന്ന മുഖ്യമന്ത്രിക്ക് കോതമംഗലത്തെ നഴ്‌സുമാരുടെ പ്രശ്‌നം മനസ്സിലാക്കാന്‍ 114 ദിവസങ്ങള്‍ വേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ നാലിടത്തുവച്ചാണ് മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ സംഭവത്തെ കുറിച്ച് ചോദിച്ചത്. എന്നാല്‍ അവിടെയെല്ലാം മുഖ്യമന്ത്രി മനപൂര്‍വ്വം ഒഴിഞ്ഞുമാറി. മുന്‍ ആരോഗ്യമന്ത്രി കൂടിയായ വി.എം സുധീരനും പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയോ തൊഴില്‍ മന്ത്രിയോ പ്രശ്‌നത്തില്‍ ഇടപെട്ടില്ല. ആശുപത്രി ഭരണ സമിതിയുടെ പ്രധാന ചുമതലക്കാരനായ തോമസ് പ്രഥമന്‍ ബാവയുമായി ചര്‍ച്ച നടത്തണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ അതിനും മുഖ്യമന്ത്രി തയ്യാറായില്ല.

പല ആശുപത്രികളും നഴ്‌സുമാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ നീചമായ പ്രവൃത്തികളാണ് ചെയ്തതെന്ന് ഇക്കൂട്ടത്തില്‍ പറയാതെ വയ്യ. വനിതാ നഴ്‌സുമാരെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ഗുണ്ടകളെ സമരപന്തലിനു മുന്നില്‍ ഏര്‍പ്പാടാക്കിയ ആശുപത്രി മാനേജ്‌മെന്റുകള്‍ ഉണ്ട്. സമരത്തില്‍ പങ്കെടുത്ത നഴ്‌സിന്റെ കാല്‍ തല്ലിയൊടിച്ച് കിടപ്പിലാക്കിയിട്ടുണ്ട്. മാന്യമായി ജീവിക്കാനും തൊഴില്‍ ചെയ്യാനുമുളള സ്വാതന്ത്യം എല്ലാ പൗരനുമുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് പഠനം പൂര്‍ത്തിയാക്കിയവരാണ് ഓരോ നഴ്‌സുമാരും. ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഒരു നഴ്‌സിന് പതിനായിരങ്ങള്‍ ശമ്പളം നല്‍കുമ്പോള്‍ അതേ യോഗ്യതയും സര്‍വ്വീസുമുളള സ്വകാര്യ ആശുപത്രികളിലെ നഴ്‌സിന് അതിന്റെ പകുതിപോലും കിട്ടുന്നില്ല.

ഒരു രോഗിക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം പകരേണ്ടവരാണ് നഴ്‌സുമാര്‍. അവരുടെ ജീവിത നിലവാരം ഉയരുന്നത് കൊണ്ട് നന്നാവുന്നത് നമ്മള്‍ തന്നെയാണ് ആത്മഹത്യാഭീഷണിയും ഹര്‍ത്താലുകളും ഇല്ലാതെ സമരം പരിഹരിക്കാന്‍ നമുക്ക് മുന്നില്‍ 114 ദിവസങ്ങളുണ്ടായിരുന്നു. എന്നിട്ടും ഇടപെടാതെ മാറിനിന്നു. ചിലപ്പോള്‍ മൂന്ന് മാലാഖമാരുടെ ജീവന് സര്‍ക്കാരിന്റെ കണക്ക് പുസ്തകത്തില്‍ വിലയില്ലാത്തതാകാം കാരണം. അതുമല്ലങ്കില്‍ ഒരു ഹര്‍ത്താലിനും അപ്പുറം കാര്യങ്ങള്‍ വഷളാവില്ലെന്ന ആത്മധൈര്യമാകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.