1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2011

ലണ്ടന്‍: ചില നഴ്‌സുമാര്‍ ജോലിചെയ്യാനറിയാത്തവരാണെന്നും ഇവര്‍ തൊഴിലിന്റെ മാനം കെടുത്തുകയാണെന്നും റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് പ്രസിഡന്റ് ആന്‍ട്രിയ സ്‌പൈറോപൗലോസ്. ലിവര്‍പൂളില്‍ നടക്കുന്ന ആര്‍.സി.എന്‍. കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രിയയുടെ ഈ വിവാദ പരാമര്‍ശം.

ചില നഴ്‌സുമാര്‍ നല്ല പരിചരണം നല്‍കുന്നില്ലെന്നും രോഗികളെ അവഗണിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇത്തരം നഴ്‌സുമാര്‍ ചീത്തപ്പേരുണ്ടാക്കുകയാണ്. ഏറ്റവും പ്രാഥമിക പരിചരണം നല്‍കുന്നതില്‍ പോലും നഴ്‌സുമാര്‍ പരാജയപ്പെടുന്നു എന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇവരുടെ പ്രസ്താവന. രോഗികളെ ചികിത്സിക്കുന്നതില്‍ നഴ്‌സുമാര്‍ക്കുണ്ടായ പാകപ്പിഴകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹെല്‍ത്ത് സര്‍വീസ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ടിരുന്നു. എന്‍.എച്ച്.എസ് വാര്‍ഡുകളിലെ സ്റ്റാഫുകളും നഴ്‌സുമാരും രോഗികളെ അവഗണിക്കുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മുതിര്‍ന്ന കാന്‍സര്‍ രോഗിയുടെ ശരീരത്തിലെ ജലാംശം വറ്റിപ്പോയി കരയാന്‍ പോലുമാവാത്ത അവസ്ഥ വന്നതിനെക്കുറിച്ചും ഓംപുഡ്‌സ് മാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മിഡ്‌സഫോര്‍ഡ്‌ഷെയര്‍ ഹോസ്പിറ്റലിലെ 1200 ഓളം രോഗികള്‍ മരിച്ചത് നഴ്‌സുമാരുടെ അനാസ്ഥകൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. നഴ്‌സുമാര്‍ക്കെതിരേയുള്ള പരാതികളുടെ എണ്ണവും കഴിഞ്ഞവര്‍ഷം റെക്കോഡിലെത്തി. 3000 പരാതികളാണു ലഭിച്ചത്. 2007ല്‍ ലഭിച്ച പരാതികളുടെ ഇരട്ടിയാണിത്.

നഴ്‌സിങ്ങ് എന്ന തൊഴിലിന്റെ മാനം കാത്തുസൂക്ഷിക്കേണ്ടത് നമ്മളാണെന്നും ഈ തെറ്റുകളെല്ലാം തിരുത്താന്‍ നമ്മള്‍ തയ്യാറാവണമെന്നും ആര്‍.സി.എന്നിനെ അഭിസംബോധനചെയ്തുകൊണ്ട് സമ്മേളനത്തില്‍ സ്‌പൈറോപൗലോസ് പറഞ്ഞു. മോശമായ സേവനങ്ങള്‍ നല്‍കുന്നു എന്ന അഭിപ്രായം നമ്മള്‍ മാറ്റിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുപ്പതുവര്‍ഷമായി നഴ്‌സിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നയാളാണ് സ്‌പൈറോപൗലോസ്. ഹെല്‍ത്ത് സര്‍വീസ് ഓംബുഡ്‌സ്മാനായ ആന്‍ ഏബ്രഹാമും ഇതു ശരിവയ്ക്കുന്നുണ്ട്. രോഗികളില്‍, പ്രത്യേകിച്ചു പ്രായമായവരെ ക്രൂരമായി അവഗണിച്ച സംഭവങ്ങള്‍ നഴ്‌സുമാരുടെ ഭാഗത്തുനിന്നുണ്ടായതായി സ്‌പൈറോപൗലോസ് പറഞ്ഞു.

നഴ്‌സിംഗ് ആന്‍ മിഡൈ്വഫറി കൗണ്‍സിലിനു ലഭിക്കുന്ന പരാതി പരിശോധിക്കുക്കയാണെങ്കില്‍ മിക്ക നഴ്‌സുമാരും ആ തൊഴിലിനു യോഗ്യരല്ലെന്നു പറയേണ്ടിവരും. ഇവര്‍ ജോലിക്കിടയില്‍ ഉറങ്ങുന്നവരോ, രോഗികള്‍ക്കു തെറ്റായി മരുന്നു നല്‍കുന്നവരോ ആണെന്നും ആന്‍ഡ്രിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ നിര എന്‍.എച്ച്.എസ് സ്റ്റാഫുകള്‍ സമരത്തിലേക്ക്

കൂട്ടികക്ഷി സര്‍ക്കാര്‍ എന്‍.എച്ച്.എസില്‍ കൊണ്ടുവന്ന പുത്തന്‍ പരിഷ്‌കാരങ്ങളോടുള്ള പ്രതിഷേധ സൂചകമായി എന്‍.എച്ച്.എസ് സ്റ്റാഫുകള്‍ സമരം ചെയ്യുമെന്ന് നഴ്‌സിങ് നേതാവ് മുന്നറിയിപ്പ് നല്‍കി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഈ കാലത്ത് ഇത്തരം മാറ്റങ്ങളുണ്ടായത് എന്‍.എച്ച്.എസിന്റെ ചരിത്രത്തിലെ വന്‍ ദുരന്തമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ ജനറല്‍ സെക്രട്ടറി ഡോ.പെറ്റര്‍ കാര്‍ട്ടര്‍ പറഞ്ഞു. ലിവര്‍പൂളില്‍ നടന്ന ആര്‍.സി.എന്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ആരോഗ്യമേഖലയില്‍ 40,000തോഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ആര്‍.സി.എന്‍ കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പകുതിയും നഴ്‌സിങ്ങ് തൊഴിലാളികളായിരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നഴ്‌സുമാര്‍ ശക്തമായ രംഗത്തെത്തുമെന്ന് ഡോ.കാര്‍ട്ടര്‍മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരാറില്‍ പറഞ്ഞ സമത്തില്‍ കൂടുതല്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാവാതിരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നഴ്‌സുമാരുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവര്‍ഷത്തേക്ക് ശമ്പളം മരവിപ്പിച്ചത് നഴ്‌സുമാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കൂടാതെ പെന്‍ഷന്‍ പ്രായം 65ആക്കിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.