1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2012

കാസര്‍ഗോഡ്‌ ജില്ലയിലെ രണ്ട്‌ ആശുപത്രികളില്‍ നഴ്‌സുമാര്‍ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക്‌ ഇരകളാകുന്നുവെന്ന്‌ ഡോ. ബലരാമന്‍ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തി. സംസ്‌ഥാനത്തെ സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച ഡോ. ബലരാമന്‍ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊളളിക്കുന്നത്‌. ഇത്തരത്തില്‍ ശാരീരിക-മാനസിക -സാമൂഹിക പീഡനങ്ങള്‍ വ്യാപകമായി ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടക്കുന്നതായും ഇതു സംബന്ധിച്ചു വിശദമായ തുടര്‍പഠനം ആവശ്യമാണെന്നും കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാസര്‍ഗോഡ്‌ ജില്ലയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലാണ്‌ ഇത്തരത്തിലുളള പീഡനങ്ങള്‍ വ്യാപകമായി നടക്കുന്നത്‌. നഴ്‌സുമാര്‍ വസ്‌ത്രം മാറുന്ന സ്‌ഥലങ്ങളില്‍ ഒളിക്യാമറകള്‍ സ്‌ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം ഇവരെ മാനേജ്‌മെന്റുകള്‍ ഭീഷണിപ്പെടുത്തുന്നതായി ബലരാമന്‍ കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ നഴ്‌സുമാര്‍ മൊഴി നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ നഴ്‌സിംഗ്‌ കോളേജുകളില്‍ സീറ്റുകള്‍ നിറയ്‌ക്കുന്നതിനായി സൗജന്യമായി അഡ്‌മിഷന്‍ നല്‍കും.

ഇവരുടെ പക്കല്‍ നിന്നും ഹോസ്‌റ്റല്‍ ഫീസും മെസ്‌ ഫീസും മാത്രമാണ്‌ ഈടാക്കുന്നത്‌. പഠന ശേഷം ഇവരെ മൂന്നു വര്‍ഷത്തെ ബോണ്ട്‌ വ്യവസ്‌ഥയില്‍ ഇവിടെ തന്നെ ജോലിക്കു നിര്‍ത്തും. ഇവരാണു കൂടുതലും മാനസിക ശാരീരിക പീഡനങ്ങള്‍ക്ക്‌ ഇരയാകുന്നത്‌. ഇവര്‍ പുറത്ത്‌ പോകുന്നതിന്‌ അനുവാദം ചോദിക്കാന്‍ എം.ഡിയുടെ അടുത്ത്‌ നേരില്‍ പോകണം. ഒരു മണിക്കൂര്‍ എം.ഡിയുടെ മുന്നില്‍ നില്‍ക്കുകയും വേണം. ഈ സമയം കുട്ടികളെ എം.ഡി. അടുമുടി വീക്ഷിക്കും. പിന്നെ അശ്ലീലം കലര്‍ത്തിയുളള സംസാരമാണ്‌. ഇതിനെ എതിര്‍ത്താല്‍ എം.ഡിയുടെ വക ഭീഷണിയും ഉണ്ട്‌. ബോണ്ട്‌ എഴുതി തന്ന പേപ്പര്‍ കൈയിലുണ്ട്‌ കാണിച്ച്‌ തരാം എന്നു പറഞ്ഞാണു ഭീഷണി പെടുത്തുന്നത്‌.

ഇത്തരത്തില്‍ നടക്കുന്ന വാക്കാലുളള ഉപദ്രവം പുറത്തു പറയാന്‍ പോലും പലരും പേടിക്കുന്നുണ്ടെന്നു കമ്മിഷനു മുമ്പില്‍ തെളിവെടുപ്പിനെത്തിയ നഴ്‌സുമാര്‍ പറഞ്ഞതായി ഒരു കമ്മിഷന്‍ അംഗം വെളിപ്പെടുത്തി. മറ്റൊരു ആശുപത്രിയില്‍ ഒളിക്യാമറ വെച്ച്‌ നഴ്‌സിംഗ്‌ സ്‌റ്റേഷനകളുടെ(വിശ്രമ മുറി) ദൃശ്യം പകര്‍ത്തിയ ശേഷം പിന്നീട്‌ ഇവരെ കാണുമ്പോള്‍ വ്യത്തികെട്ട സംസാരവും ഭീഷണിപെടുത്തലും ഉളളതായി കമ്മിഷനു മുമ്പാകെ മൊഴി നല്‍കി. വിവിധ സ്‌ഥലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്‌.

നഴ്‌സുമാരുടെ വസ്‌ത്രങ്ങള്‍ മാറുന്നിടത്തു വച്ചിരുന്ന ഒളി ക്യാമറകള്‍ അവിടെ നിന്നു മാറ്റിക്കാനും കമ്മിഷനു സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നല്ലൊരു പങ്ക്‌ സ്വകാര്യആശുപത്രികളിലെയും നഴ്‌സുമാരുടെ അവസ്‌ഥ ദയനീയമെന്നാണ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌. പലയിടത്തും വലിയതോതില്‍ ചൂഷണം നടക്കുന്നു. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും ആശുപത്രികളില്‍ നിന്നു നേരിട്ട്‌ മനസിലാക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോണ്ട്‌ വ്യവസ്‌ഥ പ്രാകൃതമാണെന്നും അത്‌ ഉണ്ടാകാന്‍ പാടില്ലെന്നും റിപ്പോര്‍ട്ട്‌ പരാമര്‍ശിക്കുന്നു. പല ആശുപത്രികളിലും വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയാണ്‌ നഴ്‌സുമാരായി നിയമിച്ചിരിക്കുന്നത്‌. ഇവരെ കുറഞ്ഞ ശമ്പളത്തിനു നിയമിക്കുകയും കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നു.

നഴ്‌സിംഗ്‌ വിദ്യാര്‍ഥിള്‍ക്ക്‌ ഇത്തരക്കാര്‍ ക്ലാസുകള്‍ എടുക്കുന്നതായും കമ്മിഷന്‍ കണ്ടെത്തി. ഗര്‍ഭിണികളായ നഴ്‌സുമാരെ പല ആശുപത്രികളും അവധി നല്‍കാതെ പിരിച്ചുവിടുന്നതായും കണ്ടെത്തി. മഞ്ഞപ്പിത്തം പോലെയുളള പകര്‍ച്ചവ്യാധികള്‍ രോഗികളില്‍നിന്നു നഴ്‌സുമാര്‍ക്കു പിടിപെടുമ്പോള്‍ അവര്‍ക്ക്‌ ആശുപത്രികളില്‍ നിന്ന്‌ സൗജന്യമായി മരുന്നു നല്‍കാനും ആശുപത്രികള്‍ തയ്യാറാകുന്നില്ല. നാലു രോഗിക്ക്‌ ഒരു നഴ്‌സ് എന്നാണു പറഞ്ഞിട്ടുളളത്‌.

എന്നാല്‍ പല ആശുപത്രികളിലും 25 മുതല്‍ 40 വരെ രോഗികളെ നോക്കുന്നതിന്‌ ഒരാള്‍ മാത്രമാണുളളത്‌. ജോലി ഭാരം കൂടുമ്പോള്‍ ഇവര്‍ക്ക്‌ രോഗികള്‍ക്ക്‌ കൃത്യമായ പരിചരണം നല്‍കാന്‍ സാധിക്കാതെ വരുന്നു. ഇതു പലപ്പോഴും രോഗികളുടെ മരണത്തിനുപോലും കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദേശങ്ങളടക്കം 35 പേജുളള റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചിരിക്കുന്നത്‌. 50 നിര്‍ദേശങ്ങളാണു കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തിട്ടുള്ളത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.