കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലും പല സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ സമരത്തിലാണ്. തൊഴില്‍ മേഖലയില്‍ തങ്ങള്‍ നേരിടുന്ന ദുരിതങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ പണിമുടക്കുന്നത്. സംസ്ഥാനത്തെ പല പ്രമുഖ ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലേക്കു സമരം വളര്‍ന്നു.
അതിനിടെ, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടരുതെന്നും രോഗികളുടെ ജീവന്‍ സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി ജോസ് മാത്യു എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് അറിയിക്കാന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രന്‍ നായരുമടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെ ഉത്തരവായി. നഴ്സുമാരുടെ സേവനം എസ്മ പ്രയോഗിച്ച് അവശ്യ സര്‍വീസ് ആയി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഈ കേസ് പരിഗണിക്കവേ, കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ നഴ്സുമാരുടെ സേവന മനോഭാവം രാജ്യാന്തര തലത്തില്‍ത്തന്നെ പ്രസിദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതല്‍ അര്‍പ്പണബോധമുള്ളവരും കര്‍മനിരതരുമാണ് ഇവിടുത്തെ നഴ്സുമാര്‍. അതുകൊണ്ടാണ് പല ആശുപത്രികളിലും സമരം നടക്കുന്നുണ്ടെങ്കിലും അതിന്‍റെ പേരില്‍ ഒരാളുടെ പോലും ജീവന്‍ നഷ്ടമാകാത്തത്. ഇത്തരത്തിലുള്ള മനോഭാവം തുടരുമെന്നാണ് കരുതുന്നതെന്നും സമരം അവശ്യ സേവനത്തെ ബാധിക്കില്ലെന്നാണു പ്രതീക്ഷയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനു കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടിത്തം മാത്രം മതി, മലയാളി നഴ്സുമാരെക്കുറിച്ച് ഹൈക്കോടതി നടത്തിയ അഭിപ്രായങ്ങള്‍ ശരിവയ്ക്കാന്‍. അന്നു രാത്രി ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിലും തൊട്ടടുത്ത മറ്റൊരു വാര്‍ഡിലുമുണ്ടായ അഗ്നിബാധയില്‍ എണ്‍പത്തഞ്ചു രോഗികളും നാലു ജീവനക്കാരുമടക്കം 89 പേര്‍ പൊള്ളലേറ്റു മരിച്ചു. മരിച്ച നാലു ജീവനക്കാരില്‍ രമ്യ, വിനീത എന്നീ രണ്ടു മലയാളി നഴ്സുമാരും ഉണ്ടായിരുന്നു. ഈ മലയാളി പെണ്‍കുട്ടികളുടെ ധീരതയും സേവനോത്സുകതയും ആതുരശുശ്രൂഷാ രംഗത്തിനു തന്നെ മാതൃകയാണ്.
തങ്ങള്‍ക്കു ചുമതലയുണ്ടായിരുന്ന വാര്‍ഡിലേക്കു തീ ആളിപ്പടരുന്നതു കണ്ടു പകച്ചു പോയ ഇവര്‍ക്ക് ഞൊടിയിടയില്‍ സ്വന്തം ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍, ആശുപത്രിക്കിടക്കയില്‍ നിസഹായരായി കഴിയുന്ന രോഗികളെ ഓരോരുത്തരെയായി അവര്‍ രക്ഷപ്പെടുത്തി. ഒന്‍പതു ജീവനുകള്‍ രക്ഷപെടുത്തിയ ശേഷവും അവശേഷിക്കുന്ന ആളെക്കൂടി രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രമ്യയും വിനീതയും മരണത്തിനു കീഴടങ്ങിയത്. ഇത് ഒരു രമ്യയുടെയും വിനീതയുടെയും കാര്യമല്ല. ലോകത്തിന്‍റെ ഏതു കോണിലും ജോലി ചെയ്യുന്ന, മലയാളി നഴ്സുമാരുടെ പൊതുസമീപനം ഇതു തന്നെയാണ്. അങ്ങനെയുള്ള ഒരു വിഭാഗം, തൊഴിലുറപ്പു പദ്ധതിപ്രകാരം ലഭിക്കുന്നതിലും താഴ്ന്ന വേതനം പറ്റിയാണു തൊഴില്‍ ചെയ്യുന്നതെന്ന വസ്തുത വിളിച്ചു പറയുമ്പോള്‍, നിസംഗരായി നോക്കി നില്‍ക്കുന്നത് ആര്‍ക്കും ഭൂഷണമല്ല.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലടക്കം എവിടെയെങ്കിലും ഇത്തരം ചൂഷണം നടക്കുന്നെങ്കില്‍ സാങ്കേതികത്വത്തില്‍ തൂങ്ങി സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കരുത്. ഒട്ടു മിക്ക തൊഴില്‍ മേഖലകളിലും മിനിമം കൂലി വ്യവസ്ഥയുണ്ട്. നഴ്സിങ് മേഖലയിലും അങ്ങനെയൊരു വകുപ്പുണ്ടെന്നാണു വയ്പ്പ്. എങ്കിലും തങ്ങള്‍ക്കതു ലഭിക്കുന്നില്ലെന്നു നഴ്സുമാര്‍ പറയുന്നു. നഴ്സുമാര്‍ ആവശ്യപ്പെടുന്ന ശമ്പളം നല്‍കി ആശുപത്രി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നു മാനെജ്മെന്‍റുകളും പറയുന്നു. നഴ്സുമാര്‍ ആവശ്യപ്പെടുന്ന ശമ്പളം കൊടുക്കുക പലര്‍ക്കും അപ്രായോഗികമായിരിക്കാം. പക്ഷേ, അവര്‍ അര്‍ഹിക്കുന്ന വ്യവസ്ഥാപിത വേതനം ഉറപ്പു വരുത്തേണ്ടത് തികച്ചും മാനുഷികവും നിയമപരവും തന്നെ.
ഡോക്റ്റര്‍മാരുടെ വേതനമടക്കം ആശുപത്രിച്ചെലവുകളെല്ലാം നിറവേറ്റുന്നതു രോഗികളില്‍ നിന്ന് ഈടാക്കിയാണ്. മറ്റു ചെലവുകളിലൊന്നും ഇളവു വരുത്താതെ, നഴ്സുമാരുടെ കാര്യത്തില്‍ മാത്രം മറിച്ചൊരു നിലപാടു സ്വീകരിക്കുന്നതില്‍ എന്തു ന്യായം? രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ നഴ്സുമാരുള്ള, അവരെ വാര്‍ത്തെടുക്കുന്ന സംസ്ഥാനമാണു കേരളം. അവര്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതും ഇവിടെത്തന്നെ എന്നതു വിരോധാഭാസം. ഇതിനു മാറ്റം വരുത്താന്‍ സര്‍ക്കാരിനു തന്നെയാണു ചുമതല. സാമൂഹിക നീതിക്കും മിനിമം കൂലിക്കും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ക്കും മാതൃകാ സംസ്ഥാനമെന്നു പേരുകേട്ട കേരളത്തില്‍ നിന്നുതന്നെയാവണം ഈ മാറ്റത്തിനു തുടക്കം കുറിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല