1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2012

ലേക് ഷോര്‍ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണു സമരം ഒത്തുതീര്‍പ്പിലായത്. ചര്‍ച്ചയ്ക്കു ശേഷം മന്ത്രി ഷിബു ബേബി ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. നഴ്സുമാര്‍ക്കു 2012 ജനുവരി മുതലുള്ള ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കാമെന്ന് ആശുപത്രി മാനെജ്മെന്‍റ് അറിയിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവച്ച മിനിമം വേതനം നല്‍കാനും തീരുമാനമായി. മറ്റാവശ്യങ്ങളും പരിഗണിക്കാമെന്നു മാനെജ്മെന്‍റ് അറിയിച്ചു. പുറത്തു നിന്ന് എടുക്കുന്ന നഴ്സുമാര്‍ക്കു പ്രവൃത്തി പരിചയത്തിന്‍റെ പേരില്‍ വേതനം നല്‍കും.

അതേസമയം, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് മാനേജുമെന്റുമായും നഴ്്സുമാരുമായും തൊഴില്‍ വകുപ്പ് നടത്തിയ ചര്‍ച്ച തീരുമാനാമാകാത്തതിനാല്‍ ഇവിടെ സമരം തുടരുകയാണ്. ലേക്ഷോറില്‍ നഴ്സുമാരുടെ പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് മാനേജ്മെന്റ് തയാറായില്ല. ഇതേത്തുടര്‍ന്ന് ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇവരുമായി ഇനി ചര്‍ച്ചക്കില്ലെന്നും മന്ത്രി അറിയിച്ചു.

ലേക്ഷോര്‍ മാനേജ്മെന്റുമായി ഉണ്ടാക്കിയ ധാരണ പ്രകാരം പ്രൊബേഷന്‍ കാലയളവില്‍ മിനിമം വേതനമായ 8400 രൂപ നഴ്സുമാര്‍ക്ക് നല്‍കണം. രണ്ടു വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 11,750 രൂപ, രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ 12,750 രൂപ, മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ 13,750 രൂപ, അഞ്ചു വര്‍ഷത്തിനു മേല്‍ 14,750 രൂപ എന്നിങ്ങനെ വേതനം ലഭിക്കും. ബിഎസ്സി നഴ്സിന്റെ വേതനവ്യവസ്ഥയാണിത്.

ജനറല്‍ നഴ്സിന് ഇതില്‍നിന്ന് 250 രൂപ വീതം കുറവായിരിക്കും. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ ശമ്പളം ലഭിക്കും. വൈറ്റിലയിലെ വൈറ്റ്ഫോര്‍ട്ട് ഹോട്ടലില്‍ മൂന്നര മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണു സമരം പിന്‍വലിക്കാന്‍ ധാരണയായത്. വേതനവ്യവസ്ഥകള്‍ സംബന്ധിച്ചു മാനേജ്മെന്റും നഴ്സിംഗ് അസോസിയേഷനും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.

സമരത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ നഴ്സുമാര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് ലേക്്ഷോര്‍ മാനേജ്മെന്റ് അറിയിച്ചു. എന്നാല്‍ സമരം ചെയ്ത കാലയളവിലെ വേതനം നല്‍കില്ല. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സമരം നടത്തിയതു സംബന്ധിച്ച് പരാമര്‍ശിക്കില്ലെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. പ്രൊബേഷന്‍ പിരീഡിലുള്ള നഴ്സുമാര്‍ക്ക് വേതനവര്‍ധന ബാധകമായിരിക്കില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

അതേസമയം പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കി സ്ഥിരം നിയമനം ലഭിച്ച നഴ്സുമാര്‍ക്ക് മാത്രമേ മിനിമം വേതനം നല്‍കാനാവൂ എന്ന നിലപാടില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് മാനേജ്മെന്റ് ഉറച്ചുനിന്നു. ഇതേതുടര്‍ന്നാണ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ടോണി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. പുതുതായി ജോലിക്കു കയറുന്നവര്‍ക്ക് മന്ത്രി നിര്‍ദേശം വേതനം നല്‍കാനാവില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച അവസാനിക്കും മുമ്പു തന്നെ തൊഴില്‍വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ് മാനേജ്മെന്റ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി.

ലേക്ഷോര്‍ മാനേജ്മെന്റ് പ്രതിനിധികളായ ചീഫ് ഫിനാന്‍സ് ഓഫീസര്‍ പി.ബി.ശശിധരന്‍പിള്ള, എച്ച് ആര്‍ മാനേജര്‍ വി.വിനു, കമ്പനി സെക്രട്ടറി ആര്‍.മുരളീധരന്‍, യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ, സെക്രട്ടറി സുധീപ് കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ബല്‍ജോ ഏലിയാസ്, സെക്രട്ടറി നിതിന്‍ ലോഹി, ലോക്ഷോര്‍ യൂണിറ്റ് പ്രസിഡന്റ് രമ്യാറാണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.