ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായി. നഴ്സുമാര്‍ രണ്ടാം ദിവസവും പണിമുടക്കിയതിനെത്തുടര്‍ന്ന് അത്യാഹിതവിഭാഗം ഉള്‍പ്പെടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലായി. സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്താന്‍ മാനേജ്മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ ആശുപത്രിമുറ്റത്ത് സമരക്കാര്‍ മുദ്രാവാക്യങ്ങളുമായി കുത്തിയിരിപ്പു തുടര്‍ന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേതാക്കളെ മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കാതെയും തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നു രേഖാമൂലം ഉറപ്പു ലഭിക്കാതെയും സമരത്തില്‍നിന്നു പിന്മാറുന്ന പ്രശ്നമില്ലെന്നു സംഘടനാ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരക്കാര്‍ ആശുപത്രി പ്രവര്‍ത്തനത്തിന് ഉപരോധമേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ആയിരത്തോളം വരുന്ന നഴ്സുമാരുടെ സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്െടന്നാണു റിപ്പോര്‍ട്ട്.
നഴ്സുമാരെ ദ്രോഹിക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, അടിസ്ഥാന ശമ്പളം 4,000 രൂപയില്‍ നിന്ന് 12,000 രൂപയാക്കി ഉയര്‍ത്തുക, മരവിപ്പിച്ച മെയില്‍ നഴ്സ് നിയമനം പുനഃസ്ഥാപിക്കുക, രോഗി-നഴ്സ് അനുപാതം ഐസിയുവില്‍ 1ഃ1 മുതല്‍ താഴേക്ക് മറ്റു വിഭാഗങ്ങളിലേക്ക് 1ഃ5 വരെയാക്കുക, കാന്റീനിലെ ഭക്ഷണ നിരക്കുകള്‍ ഉദാരമാക്കുക, പിരിച്ചുവിട്ട യൂണിയന്‍ പ്രസിഡന്റ് ശ്രീകുമാറിനെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ ചൊവ്വാഴ്ച സമരം ആരംഭിച്ചത്. ആവശ്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചയ്ക്കെത്തിയ സംഘടനാ നേതാക്കളെ ഏതാനും പേര്‍ കൈയേറ്റം ചെയ്തതിന്റെ പേരില്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നഴ്സുമാര്‍ സമരത്തിന് പിന്തുണയുമായെത്തി. ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍, ഹൈബി ഈഡന്‍ എംഎല്‍എ, പി. രാജിവ് എംപി, പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ളോയീസ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന പ്രസിഡന്റ് എം.സി. ജോസഫൈന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്െടന്നും ആവശ്യമെങ്കില്‍ ചര്‍ച്ചയ്ക്കു മധ്യസ്ഥം വഹിക്കാന്‍ തയാറാണെന്നും കൃഷ്ണയ്യര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ആര്‍ഡിഒയും ലേബര്‍ ഓഫീസറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ട്രസ്റ്റ് ഭാരവാഹികള്‍ എത്താതെ ചര്‍ച്ച നടത്താനാകില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്. എന്നാല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വന്നശേഷം നടത്തിയ ചര്‍ച്ചയിലും നഴ്സുമാരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല. തുടര്‍ന്ന് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മാനേജ്മെന്റ് നിലപാടെടുത്തതോടെ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തെത്തുടര്‍ന്ന് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നു മാനേജ്മെന്റിനുവേണ്ടി ഡോ. എം.ജി.കെ. പിള്ള പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. മഠത്തിനു കീഴിലെ നഴ്സിംഗ് ബിരുദധാരികള്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്െടന്നും പത്രക്കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല