1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2012

ആശുപത്രി മുതലാളിമാരുടെയും ഡോക്ടര്‍മാരുടെയും ചൂഷണം പതിറ്റാണ്ടുകളായി അനുഭവിച്ചിട്ടും നിസ്സംഗതയോടെ മൌനം പാലിച്ച നേഴ്സിംഗ് വര്‍ഗം ഒരു പ്രതികരണ മനോഭാവം കൈ വരിച്ചത്‌ യുനൈട്ടട് നേഴ്സസ് അസോസിയഷന്‍ {UNA } എന്ന ശക്തമായ സംഘടനക്ക് കീഴില്‍ അണി നിരന്നപ്പോള്‍ ആണ്. ബീന ബേബിയുടെ മരണത്തോടെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തുടങ്ങിയ പ്രതിഷേധ കൊടുങ്കാറ്റു കേരളത്തില്‍ എത്തുമെന്ന് ആരും സ്വപ്നേപി വിചാരിച്ചില്ല. അത് കൊണ്ട് തന്നെ അമൃതയില്‍ യൂണിറ്റ് തുടങ്ങിയപ്പോള്‍ നേഴ്സിംഗ് നേതാക്കളെ തന്ത്രത്തില്‍ വിളിച്ചു വരുത്തി കയ്യും കാലും അടിച്ചു തകര്‍ത്തു.

ശക്തമായ മത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ ഇതോടെ നേഴ്സുമാര്‍ അടങ്ങിക്കോളും എന്നും പുറത്താരും ഇത് അറിയില്ല എന്നും ആണ് അമൃത മാനേജ്മെന്റ് കരുതിയത്‌….ഇപ്പോള്‍ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യധാര വാര്‍ത്ത‍ മാധ്യമങ്ങളും ഈ വാര്‍ത്ത മൂടി വെക്കുവാന്‍ മത്സരിച്ചു. പക്ഷെ ഉര്‍വശി ശാപം ഉപകാരം എന്ന പോലെ ഈ ഒരൊറ്റ മര്‍ദനത്തോടെ നേഴ്സുമാരുടെ അടക്കി വെച്ചിരുന്ന ആത്മ രോഷം അണ പൊട്ടി ഒഴുകി. ഓണ്‍ലൈന്‍ പത്രങ്ങളും ഫേസ് ബുക്കും പോലെ ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ഈ നീരൊഴുക്കിന് ശക്തി പകര്‍ന്നു. വെറും നാലു മാസം കൊണ്ട് ഈ മലവെള്ള പാച്ചിലില്‍ കട പുഴകി വീണ വന്‍ മരങ്ങള്‍ ആണ് അമൃത , ലിറ്റില്‍ ഫ്ളവര്‍, മുത്തൂറ്റ് , മദര്‍ ഹോസ്പിടല്‍ എന്നുള്ളവ.ലേക്ക് ഷോര്‍ പോലെ ഉള്ളവരുടെ വേരുകള്‍ പറിഞ്ഞു തുടങ്ങി.

ഭാരതത്തിലെ 19 ലക്ഷം വരുന്ന നേഴ്സിംഗ് സമൂഹത്തില്‍ 12 ലക്ഷവും മലയാളികള്‍ ആണ്, അവരും അവരുടെ കുടുംബങ്ങങ്ങളും UNA യുടെ കീഴില്‍ ഒരു ശക്തമായ വോട്ടു ബാങ്കും കൂടി ആയി മാറി . ഇത് തിരിച്ചറിഞ്ഞ രാഷ്ട്രീയക്കാര്‍ UNA യെ ഹൈജാക്ക് ചെയ്യുവാന്‍ ശ്രമം തുടങ്ങി . മറ്റു ചെറു സംഘടനകളെ തങ്ങളുടെ കീഴില്‍ ആക്കുവാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചു. ഇതിനു ഒരു ഉദാഹരണമാണ്‌ ശങ്കേഴ്സില്‍ നടന്ന സമരം. സമരം വിജയിക്കും എന്ന് കണ്ടപ്പോള്‍ പിന്തുണയുമായി വന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ആ സമരത്തെ അപ്പാടെ വിഴുങ്ങി. സമരത്തില്‍ പങ്കെടുത്തു അടിയും മേടിച്ച നേഴ്സുമാര്‍ മണ്ടരായി. ഇന്നിപ്പോ അവരുടെ ശമ്പളം 4000 രൂപ മാത്രം, കൊണ്ട അടിയും വിളിച്ച മുദ്രാവാക്യവും മിച്ചം. ഇത് പോലെ നേഴ്സിംഗ് സമൂഹത്തില്‍ UNA യുടെ വിജയത്തില്‍ ആകര്‍ഷിച്ചു കൂണ് പോലെ മുളച്ചു പൊന്തിയ പല സംഘടനകളും ഇന്ന് രാഷ്ട്രീയക്കാരുടെ പോക്കറ്റില്‍ ആണ്.

UNA യെ വിഴുങ്ങാന്‍ നടന്ന ചില ശ്രമങ്ങളുടെ ഭാഗമായി കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ UNA നേതാക്കളെ രാഷ്ട്രീയ പാര്‍ടികളുടെ സംസ്ഥാന കമ്മറ്റിയിലേക്ക് നേരിട്ട് നോമിനേറ്റു ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയില്‍ അംഗം ആകാന്‍ ഒരു സാധാരണ രാഷ്ട്രീയക്കാരന് വര്‍ഷങ്ങള്‍ എടുക്കും എന്നിരിക്കെ ആണ് UNA നേതാക്കളെ ജില്ലാ കമ്മറ്റിയില്‍ പോലും ആക്കാതെ നേരിട്ട് സംസ്ഥാന കമ്മറ്റിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് . രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇതൊരു ബമ്പര്‍ ലോട്ടറി ആണ്. നേഴ്സുമാരുടെ വന്‍ ശക്തി തിരിച്ചറിഞ്ഞതിനാല്‍ ആണ് ഈ വാഗ്ദാനം. പക്ഷെ UNA നേതാക്കളും പ്രവര്‍ത്തകരും ഈ ക്ഷണം സ്നേഹ പൂര്‍വ്വം നിരസിച്ചു.

ഇത് പോലെ ഉള്ള പല വാഗ്ദാനങ്ങളും നിരത്തിയിട്ടും ഫലമില്ലാതെ വന്നപ്പോള്‍ ആണ് ചില ചെറുകിട നേഴ്സിംഗ് യൂണിയനുകളുടെ ലേബലില്‍ നേഴ്സുമാരുടെ മൊത്തം രക്ഷകര്‍ ആയി ചില രാഷ്ട്രീയ നേതാക്കള്‍ എത്തിയത്. അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ഉഷ കൃഷ്ണകുമാറിന്റെ പ്രസ്താവന. നെഴ്സുമാരെ മൊത്തം അണി നിരത്തി കേരളം കത്തിക്കുമെന്നോ ബന്ദ്‌ നടത്തുമെന്നോ പറയാന്‍ ഉഷ കൃഷ്ണകുമാറിനെ പോലെ ഉള്ളവരെ UNA ചുമതലപെടുതിയിട്ടില്ല . സമാധാനപരമായി സമരം നടത്തി അത് വിജയിപ്പിക്കാന്‍ അറിയാവുന്നവര്‍ ആണ് UNA . അതില്‍ മുതലെടുപ്പ് നടത്താന്‍ ഒരു രാഷ്ട്രീയക്കാരെയും മത സംഘടനകളെയും അനുവദിക്കില്ല. കാരണം UNA രൂപികരിച്ചത് നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ആണ്, അതില്‍ രാഷ്ട്രീയം കലര്‍ത്തി നമ്മളുടെ ഇടയില്‍ കുത്തി തിരുപ്പു ഉണ്ടാക്കാനെ രാഷ്ട്രീയ പാര്‍ടികളെ കൊണ്ട് സാധിക്കൂ. ഡല്‍ഹിയില്‍ ഉഷ കൃഷ്ണകുമാറിനെ പോലെ ഉള്ളവര്‍ ഇടപെട്ട നേഴ്സിംഗ് സമരങ്ങളുടെ ഗതി ഇന്ന് എന്താണ് എന്ന് എല്ലാവര്ക്കും അറിയാം.

una യില്‍ ഒരു മതമേ ഉള്ളൂ , ഒരു രാഷ്ട്രീയമേ ഉള്ളൂ , അത് നേഴ്സ് എന്ന വികാരം ആണ്. ഇത്രയും നാള്‍ അവഗണിക്കപെട്ടവര്‍ ആയി കിടന്ന ഈ സമൂഹത്തിനു ഉണര്‍വ് പകരാന്‍ UNA മാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആയി സമദൂരം പാലിക്കാന്‍ UNA തല്പ്പര്യപെടുന്നു . UNA അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ച കാര്യം ആണ് നമ്മള്‍ക്ക് രാഷ്ട്രീയം വേണ്ട എന്ന്. വരും കാലങ്ങളും അതിനു മാറ്റമുണ്ടാവില്ല. ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റും കൊണ്ഗ്രസ്സുകാരനും ബി.ജെ .പി ക്കാരനും എല്ലാം കൂടി ഒന്നിച്ചു ഒരു വികാരമായി ഒരു ശബ്ദമായി ഒരു ശരീരമായി നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു UNA എന്ന കുട കീഴില്‍ . എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സദയം ക്ഷമിക്കുക . UNA തല്ലി പിരിഞ്ഞു പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമദൂരം ആണ് una യുടെ രീതി . ജയ് una .

എല്‍ദോ കുര്യന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.