ജഗതി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ആശുപത്രിയിലെ 300 ഓളം വരുന്ന നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന നഴ്സിന് 15,000 രൂപ അടിസ്ഥാന ശമ്പളവും അലവന്‍സും നല്‍കുക, പ്രവൃത്തിപരിചയം അനുസരിച്ച് ഓരോവര്‍ഷത്തിലും 1,000 രൂപ വര്‍ധിപ്പിക്കുക, നഴ്സ് രോഗി അനുപാതം കൃത്യമായി പിന്തുടരുക, സ്റ്റാഫിന്റെ കുറവ് നികത്തുക, ഗ്രീവിയാന്സസ് കമ്മിറ്റിയില്‍ രണ്ട് നഴ്സിംഗ് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ലേഡീസ് ഹോസ്റ്റലിന്റെ സൗകര്യം മെച്ചപ്പെടുത്തുക, അലവന്‍സ് കാലാനുസൃതമായി പരിഷ്കരിക്കുക, പൊതുഅവധി ദിനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സമരം യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന് ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലിറ്റോ വര്‍ഗീസ് നഴ്സുമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അതിനിടെ, പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ പത്താം തീയ്യതി മാനേജ്മെന്റ് യോഗം വിളിച്ചിരിക്കെ സമരം ചെയ്ത നഴ്സുമാരുടെ നടപടി ശരിയല്ലെന്ന് മാനേജ്മെന്റ് പത്രക്കുറിപ്പില്‍ ആരോപണം ഉന്നയിച്ചു.
ഏപ്രില്‍ മൂന്നാം തീയ്യതി ലേബര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഏപ്രില്‍ 10-ലേക്ക് മാറ്റുകയായിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനാലാണ് സമരം ഉടന്‍ ആരംഭിച്ചതെന്ന് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ലിറ്റോ വര്‍ഗീസ് പറഞ്ഞു.
കഴിഞ്ഞ ചര്‍ച്ചകളെപ്പോലെ അടുത്ത ചര്‍ച്ചയും പ്രഹസനമാകാതിരിക്കാനാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിലാണ് സമരം നടക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാ രോഗികള്‍ക്കും പരിചരണം ഉറപ്പാക്കും. ഗുരുതരാവസ്ഥയില്‍ പ്രവേശിക്കപ്പെടുന്ന രോഗികള്‍ക്കും വേണ്ട ചികിത്സ ഏര്‍പ്പാടാക്കും. എന്നാല്‍ പുതുതായി വരുന്ന മറ്റ് രോഗികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ലിറ്റോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല