കഴിഞ്ഞ ദിവസം ലേക്ഷോര്‍ ആശുപത്രിയിലെ സമരം ചെയ്യുന്ന നെഴ്സുമാര്‍ക്ക് നേരെ ഒരു ഡോക്റ്റര്‍ മദ്യപിച്ചു കാറോടിച്ചു കയറ്റുകയുണ്ടായി. ഇപ്പോള്‍ ഡല്‍ഹിയില്‍ സമരം ചെയ്ത നഴ്സുമാരുടെ ഇടയിലേക്ക് ആശുപത്രി മാനേജ്മെന്റ് പ്രതിനിധി കാറോടിച്ചു കയറ്റിയിരിക്കുകയാണ്. ഡല്‍ഹി അശോക് വിഹാറിലെ സുന്ദര്‍ലാല്‍ ജയിന്‍ ആശുപത്രിയിലാണു സംഭവം. സമരത്തില്‍ പങ്കെടുത്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ സുനി എന്ന നഴ്സിനു പരിക്കേറ്റു. സുനിയുടെ കാലിലൂടെ കാറിന്റെ ടയര്‍ കയറിപ്പോയെന്നാണ് നഴ്സുമാര്‍ പറയുന്നത്. സുനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് നഴ്സുമാര്‍ ഇവിടെ സമരം ആരംഭിച്ചത്. ഇരുന്നൂറോളം നഴ്സുമാരാണ് ആശുപത്രിക്കു മുന്നില്‍ സമരം നടത്തുന്നത്. ഇതിനിടയിലേക്ക് ആശുപത്രി മാനേജിംഗ് ഡയറക്ടറുടെ ബന്ധു മനീഷ് കാറോടിച്ചു കയറ്റുകയായിരുന്നു. കാലിലൂടെ കാര്‍ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ച സുനിക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചെങ്കിലും നഴ്സുമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ചികിത്സ നല്‍കിയത്. പരിക്കു ഗുരുതരമല്ല.
സമരം തകര്‍ക്കുന്നതിനായി നഴ്സുമാര്‍ക്കെതിരേ തിങ്കളാഴ്ച കൈയേറ്റശ്രമം നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ചര്‍ച്ച ചെയ്യുന്നതിനു പകരം പെണ്‍കുട്ടികളെ ഹോസ്റ്റലില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചതായും നഴ്സുമാര്‍ പരാതിപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് എംപിമാരായ ജോസ്. കെ. മാണി, ആന്റോ ആന്റണി, പി.ടി. തോമസ്, കെ.പി. ധനപാലന്‍, എം.കെ. രാഘവന്‍ തുടങ്ങിയവര്‍ സമരസ്ഥലം സന്ദര്‍ശിച്ചു.
അതേസമയം, സമരം നടത്തുന്ന നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ നഴ്സുമാര്‍ കേരള ഹൌസിലേക്ക് മാര്‍ച്ച് നടത്തി. സമരം അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ കേരള ഹൌസിലേക്ക് മാര്‍ച്ച് നടത്തിയത്. ദല്‍ഹിയില്‍ വിവിധ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മലയാളി നേഴ്സുമാരാണ് ഇവരുടെ നേതൃത്വത്തിലാണ് ഇവിടെ സമരം ആരഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല