നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. സംഘടനകളുടെ കോര്‍ കമ്മിറ്റി അംഗങ്ങളും മാനേജ്മെന്റു പ്രതിനിധികളുമായി അഞ്ചിനു വീണ്ടും ചര്‍ച്ച നടത്തുമെന്നു പ്രാരംഭ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ തൊഴില്‍ മന്ത്രി ഷിബുബേബിജോണ്‍, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ അറിയിച്ചു.
മിനിമം വേതനം നല്‍കാതെ ഒരു ആശുപത്രിയും കേരളത്തില്‍ പ്രവര്‍ത്തിക്കാമെന്നു ധരിക്കേണ്ട. സഹകരണ ആശുപത്രികളില്‍ മിനിമം വേജസ് നിയമം ബാധകമാണ്. സഹകരണ ആശുപത്രികള്‍ നിയമത്തിന് അതീതരാണെന്ന അഭിപ്രായം അംഗീകരിക്കില്ല. സമരം ചെയ്ത ജീവനക്കാരോടു പ്രതികാര നടപടികള്‍ പാടില്ലെന്നു മാനേജ്മെന്റു ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. മിനിമം വേജസ് നിയമം നടപ്പാക്കാന്‍ തയാറാണെങ്കില്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നു മാനേജ്മെന്റ് ഭാരവാഹികളോടു ആവശ്യപ്പെട്ടതായി മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
ശമ്പളം ബാങ്കിലൂടെ നല്‍കുന്ന സമ്പ്രദായം മാര്‍ച്ചിലെ ശമ്പള വിതരണത്തോടെ എല്ലാ ആശുപത്രികളിലും വ്യാപിപ്പിക്കും. ട്രെയിനി ആയിട്ടു മൂന്നും നാലും വര്‍ഷം ജോലി ചെയ്യിക്കാന്‍ അനുവദിക്കില്ല. ട്രെയിനികള്‍ക്കും മിനിമം വേതനത്തിന് അര്‍ഹതയുണ്ട്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റിയില്‍ മാനേജ്മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുണ്ടാവും. ഏറെ നാളായി അടിച്ചമര്‍ത്തപ്പെട്ടവരുടെ വികാരം നഴ്സിംഗ് യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.
അഞ്ചിനു നടക്കുന്ന ചര്‍ച്ചയില്‍ സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍, പുതുതായി രൂപീകരിച്ച മൂന്നു നഴ്സിംഗ് സംഘടനകളുടെ ഭാരവാഹികള്‍, മാനേജ്മെന്റ് പ്രതിനിധികളായ ആറുപേര്‍ എന്നിവര്‍ പങ്കെടുക്കും. നഴ്സിംഗ് ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. എസ്. ബലരാമന്‍ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. തൊഴില്‍ സെക്രട്ടറി. ആരോഗ്യ സെക്രട്ടറി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല