കേരള സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസി മലയാളികളുടെ പങ്ക് ഉണ്ടാവണമെന്ന് ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എ. ഒ.ഐ.സി.സി യു.കെ സംഘടിപ്പിച്ച ലീഡര്‍ കെ.കരുണാകരന്‍ പുരസ്ക്കാരദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാനം മറ്റെല്ലാ കാലഘട്ടത്തിലേക്കാളും വേഗതയില്‍ വികസന രംഗത്ത് മുന്നേറുന്ന ഒരു അവസരമാണിതെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഓരോ പദ്ധതിയും പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ യു.കെയിലുള്ള പ്രവാസി മലയാളികളുടെ പങ്കാളിത്തം സംസ്ഥാനവികസനത്തില്‍ ഉറപ്പാക്കുന്നതിന് ഒ.ഐ.സി.സി യു.കെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ശനിയാഴ്‌ച്ച ഉച്ചയോടെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിലെത്തിയ കെ.മുരളീധരന് ഒ.ഐ.സി.സി നേതാക്കന്മാര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഒ.ഐ.സി.സി യു.കെ ദേശീയ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍, ഗിരി മാധവന്‍, ടോണി ചെറിയാന്‍, ജെയ്‌സണ്‍ ജോര്‍ജ്, ജിയോമോന്‍ ജോസഫ്, അബ്രാഹം വാഴൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്‌ച്ച വൈകിട്ട് ലണ്ടന്‍ ഈസ്റ്റ്‌ഹാമിലെ ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ഐ.സി.സി യു.കെ പ്രവര്‍ത്തകരും മറ്റ് സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നേതാക്കന്മാരും നിറഞ്ഞുനിന്നു. കെ.മുരളീധരനെ ആവേശപൂര്‍വം വരവേറ്റ് മുത്തുക്കുടകളുടെ അകമ്പടിയോടെ മുദ്രാവാക്യം വിളികളുമായി ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ വേദിയിലേയ്ക്ക് ആനയിച്ചു. ലീഡര്‍ കെ.കരുണാകരന്റെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിയിച്ച ശേഷമാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സര്‍വമത പ്രാര്‍ത്ഥനയ്ക്ക് വക്കം. ജി. സുരേഷ്‌കുമാര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ആരംഭിച്ച സമ്മേളനത്തില്‍ ഗിരി മാധവന്‍ ആമുഖ പ്രഭാഷണം നടത്തി. ലീഡര്‍ കെ.കരുണാകരന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതിന് വേണ്ടി ലണ്ടനില്‍ ഒരു വര്‍ഷം മുന്‍പ് ചേര്‍ന്ന യോഗമാണ് ബ്രിട്ടനിലെ എല്ലാ ഭാഗങ്ങളിലും ഉള്ള കോണ്‍ഗ്രസ് വിശ്വാസികളെ ഒരുമിച്ച് കൂട്ടി ഒരു സംഘടനയ്ക്ക് രൂപം നല്‍കുന്നതിനെ പറ്റി പ്രാഥമികആലോചനകള്‍ നടത്തിയതെന്ന് ഗിരി അനുസ്മരിച്ചു. ഒ.ഐ.സി.സി യു.കെ ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അധ്യക്ഷനായിരുന്നു. ലീഡറുടെ പേരില്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തുന്നതിനും ആ പുരസ്ക്കാര ദാനത്തിന് ശ്രീ. കെ. മുരളീധരന്‍ തന്നെ നേരിട്ട് പങ്കെടുക്കുന്നതിനും ഇടയായ സാഹചര്യം യു.കെയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭിമാനനിമിഷങ്ങളാണ് സമ്മാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരക്കുകള്‍ക്കിടയിലും ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മാത്രം യു.കെയിലെത്തിയ കെ. മുരളധീരന് ഒ.ഐ.സി.സിയുടെ പ്രത്യേകമായ നന്ദിയും അദ്ദേഹം അറിയിച്ചു.
ബ്രിട്ടണിലെ എല്ലാ പ്രവാസി മലയാളികള്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് കെ.മുരളീധരന്‍ ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചത്. തന്റെ പിതാവിന്റെ നാമധേയത്തിലുള്ള പുരസ്ക്കാരദാനത്തിനായി ഒ.ഐ.സി.സി യു.കെയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേരുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഒ.ഐ.സി.സി സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ഡിസംബറില്‍ എത്തിച്ചേരണമെന്ന് കരുതിയിരുന്നുവെങ്കിലും നിയമസഭാ പ്രിവിലേജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഔദ്യോഗികമായ തിരക്കുകള്‍ അപ്രതീക്ഷിതമായി വന്നതുകൊണ്ടാണ് എത്തിച്ചേരാന്‍ സാധിക്കാതെ വന്നതെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി, തിരു-കൊച്ചി, നിയമസഭ, രാജ്യസഭ, ലോക്‌സഭ എന്നിങ്ങനെ ജീവിച്ചിരുന്ന കാലഘട്ടത്തിലെ എല്ലാ ജനപ്രതിനിധി സഭകളിലും അംഗമായി ജനസേവനം നടത്തുന്നതിന് അപൂര്‍വമായ ഭാഗ്യം സിദ്ധിച്ച വ്യക്തിയായിരുന്നു ലീഡര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ എന്നും ഉറച്ച തീരുമാനങ്ങളാണ് ലീഡര്‍ സ്വീകരിച്ചിരുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും അതേ നിശ്ചയദാര്‍ഢ്യമാണ് വികസന വിഷയങ്ങളില്‍ പുലര്‍ത്തുന്നതെന്ന് അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ള സര്‍ക്കാരാണ് ഇന്ന് കേന്ദ്രത്തിലും കേരളത്തിലും നിലവിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.സി. ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രവാസികാര്യ വകുപ്പ് അതീവശ്രദ്ധയോടെ തന്നെ പ്രവാസി മലയാളികളുടെ ഓരോ ആവശ്യങ്ങള്‍ക്ക് വേണ്ടിയും നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ രാജ്യങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും വ്യത്യസ്തമാണെന്നും അതുകൊണ്ട് തന്നെ യു.കെയിലെ മലയാളികളെ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും കൂട്ടിച്ചേര്‍ക്കുന്നതിന് ഒ.ഐ.സി.സിയ്ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തുടര്‍ന്ന് ലീഡര്‍ കെ.കരുണാകരന്‍ പുരസ്ക്കാരങ്ങള്‍ ജൂറി ചെയര്‍മാന്‍ ഡോ.രാധാകൃഷ്ണ ഗോപാല പിള്ളെ വേദിയില്‍ പ്രഖ്യാപിച്ചു. യു.കെയിലെ മലയാളി സമൂഹത്തില്‍ നിന്നും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രതിഭ തെളിയിച്ച മൂന്ന് പേര്‍ക്കാണ് ലീഡര്‍ കെ.കരുണാകരന്‍ പുരസ്ക്കാരം സമ്മാനിച്ചത്. ഡോ. ഓമന ഗംഗാധരന്‍ (സാമൂഹികം), ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് (വിദ്യാഭ്യാസം), ഡോ. ജയന്‍ പരമേശ്വരന്‍ (ആരോഗ്യം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. കെ.മുരളീധരന്‍ അവാര്‍ഡ് ദാനം നടത്തി. അതിനു ശേഷം അദ്ദേഹം ഒ.ഐ.സി.സി യു.കെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.oiccuk.org.uk ഉദ്‌ഘാടനം ചെയ്തു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരന്‍, ന്യൂ ഹാം കൗണ്‍സിലര്‍ ഉന്മേഷ് ദേശായ്, ഒ.ഐ.സി.സി നേതാക്കന്മാരായ എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, വിജി.കെ.പി, ടോണി ചെറിയാന്‍, ജെയ്‌സണ്‍ ജോര്‍ജ്, തോമസ് പുളിക്കല്‍, ശ്രീനാരായണ ഗുരു മിഷന്‍ ചെയര്‍മാന്‍ ഡോ. യതീഷ് എന്നിവര്‍ പ്രസംഗിച്ചു. ബിജു ഗോപിനാഥ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല