മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എയെ വരവേല്‍ക്കാന്‍ ലണ്ടന്‍ ഒരുങ്ങി. ഈസ്റ്റ് ഹാം ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഹാളില്‍ ശനിയാഴ്‌ച്ച വൈകിട്ട് അഞ്ചരയ്ക്ക് ചേരുന്ന യോഗത്തില്‍ ഒ.ഐ.സി.സി യു.കെയുടെ നേതൃത്വത്തില്‍ ലണ്ടനിലെ മലയാളി ജനത ശ്രീ. കെ.മുരളീധരന് സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ലീഡര്‍ കെ.കരുണാകരന്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:
Sree Narayana Guru Memmorial Hall
EastHam, E6 3BP
യു.കെയിലെ മലയാളി സമൂഹത്തില്‍ നിന്നും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രതിഭ തെളിയിച്ച മൂന്ന് പേര്‍ക്കാണ് ലീഡര്‍ കെ.കരുണാകരന്‍ പുരസ്ക്കാരം സമ്മാനിക്കുന്നത്. പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായവരെ അവാര്‍ഡ് കമ്മറ്റി ഇന്നലെ പ്രഖ്യാപിച്ചു. ഡോ. ഓമന ഗംഗാധരന്‍ (സാമൂഹികം), ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് (വിദ്യാഭ്യാസം), ഡോ. ജയന്‍ പരമേശ്വരന്‍ (ആരോഗ്യം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
ഡോ. രാധാകൃഷ്ണ ഗോപാല പിള്ള (ഇംപീരിയല്‍ കോളേജ് അധ്യാപകന്‍), അഡ്വ. എന്‍. രാംദാസ് (സോളിസിറ്റര്‍), ശ്രീ തമ്പി ജോസ് (കെ.എസ്.യു മുന്‍ സംസ്ഥാന ട്രഷറര്‍) എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
നൂറിലധികം വരുന്ന നോമിനേഷനുകളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ജേതാക്കളെ തെരഞ്ഞെടുക്കുന്നത് വളരെ ശ്രമകരമായ ഒന്നായിരുന്നുവെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. അതത് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിരവധി ആളുകളുടെ നോമിനേഷനുകള്‍ ലഭിച്ചിരുന്നു. ജേതാക്കളായവര്‍ തങ്ങളുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും കുടിയേറ്റ മലയാളി സമൂഹത്തിന്റെ യശസ്സ് ഈ രാജ്യത്ത് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ളവരുമാണെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ജൂറി കമ്മറ്റി ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണ ഗോപാല പിള്ള അഭിപ്രായപ്പെട്ടു.
ഡോ. ഓമന ഗംഗാധരന്‍ (ലണ്ടന്‍)
കേരളത്തില്‍ ജനിച്ച് വളര്‍ന്ന് ബ്രിട്ടനിലേയ്ക്ക് കുടിയേറിയ മലയാളി സമൂഹത്തിന് എന്നും പ്രചോദനമാണ് ഡോ. ഓമന. മലയാളി സമൂഹത്തിന് വേണ്ടി ഡോ. ഓമന അര്‍പ്പിച്ചിട്ടുള്ള നിസ്വാര്‍ത്ഥവും നിസ്തുലവുമായ സേവനം വിലമതിയ്ക്കാനാവാത്തവയാണ്. ആതുര സേവന രംഗത്ത് ഒരു ഡോക്ടര്‍ എന്ന നിലയിലും ഒരു പൊതുപ്രവര്‍ത്തക എന്ന നിലയിലും ജീവിതത്തിന്റെ നാനാതുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഡോ.ഓമന നിരവധി പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. 2002 മുതല്‍ ന്യൂ ഹാം സിറ്റി കൗണ്‍സിലില്‍ അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഓമന കഴിഞ്ഞ വട്ടം തുടര്‍ച്ചയായ മൂന്നാം വിജയമാണ് നേടിയത്. 2006-07ല്‍ ന്യൂഹാം കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കറായും 2007 – 08ല്‍ കൗണ്‍സിലിലെ സിവിക് അംബാസിഡറായും തെരഞ്ഞെടുക്കപ്പെട്ടു. ആ പദവിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു ഡോ. ഓമന. സ്ക്കൂള്‍ ഗവര്‍ണര്‍, ന്യൂ ഹാം എന്‍.എച്ച്.എസ് ട്രസ്റ്റ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടു കാലം പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന ഡോ. ഓമന്‍ സാഹിത്യ ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പന്ത്രണ്ടോളും നോവലുകളും നിരവധി പ്രബന്ധങ്ങളും ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ.ഓമന എഴുതിയ ആയിരം ശിവരാത്രികള്‍ എന്ന നോവലാണ് പിന്നീട് മലയാളത്തിലെ ഹിറ്റു സിനിമകളിലൊന്നായ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയത്.
ഡോ. ജയന്‍ പരമേശ്വരന്‍ ( കേംബ്രിഡ്‌ജ്)
കേംബ്രിഡ്‌ജിലെ പാപ്‌വര്‍ത്ത് എന്‍.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഡെപ്യൂട്ടി ക്ലിനിക്കല്‍ ഡയറക്ടര്‍ ഓഫ് ട്രാന്‍സ്പ്ലാന്റേഷന്‍ ആയി സേവനമനുഷ്ഠിക്കുന്ന ഡോ.ജയന്‍ പരമേശ്വരനാണ് ആരോഗ്യ മേഖലയില്‍ നിന്നും ലീഡര്‍ പുരസ്ക്കാര ജേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യു.കെയിലെ ഏറ്റവും സീനിയര്‍ ട്രാന്‍സ്‌പ്ലാന്റ് കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റാണ് അദ്ദേഹം. ആഗോള തലത്തില്‍ തന്നെ പ്രശസ്തനായ ഇദ്ദേഹം ഉള്‍പ്പെട്ട ടീം അടുത്ത കാലത്ത് ബ്രിട്ടീഷ് രാജ്ഞിയുടെ ഭര്‍ത്താവ് ഡ്യൂക്ക് ഓഫ് എഡിന്‍ബറോ, പ്രിന്‍സ് ഫിലിപ്പ് ന്റെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഹാര്‍ട്ട് ആന്റ് ലങ്‌സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ അദ്ദേഹം നിരവധി ക്ലിനിക്കല്‍ ടീമുകളുടെ ഉപദേഷ്ടാവായും അധ്യാപകനായും ജേര്‍ണല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിപ്‌മെറിലും ഡല്‍ഹി എയിംസിലുമായി മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1983ലാണ് ബ്രിട്ടനിലെത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയാര്‍ജിച്ചിട്ടുള്ള വിവിധ ജേര്‍ണലുകളിലായി 79 ലേഖനങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ട്രാന്‍സ്പ്ലാന്റ് അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ഫെയ്‌ലിയര്‍ വിഭാഗത്തില്‍ യു.കെയില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു ഇന്ത്യന്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റാണ് അദ്ദേഹം.
ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് ( മാഞ്ചസ്റ്റര്‍)
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഓണററി റീഡറായ ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫാണ് വിദ്യാഭ്യാസ മേഖലയില്‍ ലീഡര്‍ പുരസ്ക്കാര ജേതാവായിരിക്കുന്നത്. ഗണിതശാസ്ത്രത്തിന്റെ വേരുകള്‍ യൂറോപ്പില്‍ നിന്നല്ല മറിച്ച് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും മതിയായ സംഭാവന ഈ രംഗത്ത് ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഡോ. ജോര്‍ജ്. ‘നോണ്‍ യൂറോപ്യന്‍ റൂട്ട്‌സ് ഓഫ് മാത്തമാറ്റിക്സ്’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. കേരളത്തില്‍ നിന്നുള്ള ഗണിതശാസ്ത്ര പ്രതിഭകള്‍ ‘ഇന്‍ഫിനിറ്റ് സീരീസ്’ നെ പറ്റി മതിയായ വിജ്ഞാനം ഉണ്ടായിരുന്നവരാണെന്ന് അദ്ദേഹം തെളിയിച്ചു. ഡിഫ്രന്‍ഷ്യന്‍ ആന്റ് ഇന്റഗ്രല്‍ കാല്‍കുലസിലെ അവിഭാജ്യഘടകമാണ് ‘ഇന്‍ഫിനിറ്റ് സീരീസ്’. സര്‍ ഐസക് ന്യൂട്ടന്റെ കണ്ടുപിടുത്തമായിട്ടാണ് ലോകം കാല്‍കുലസിനെ വിലയിരുത്തുന്നത്. എന്നാല്‍ അതിനും ഇരുന്നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ഗണിതശാസ്ത്രജ്ഞന്മാര്‍ക്ക് ഇതറിയാമായിരുന്നുവെന്നും അദ്ദേഹം തെളിയിച്ചു. രണ്ട് പ്രധാന ഗ്രന്ഥരചനയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ അദ്ദേഹം. ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ മാത്തമാറ്റിക്സ്, ഇന്ത്യന്‍ മാത്തമാറ്റിക്സ് എന്നിവയാണവ.
ഗണിതശാസ്ത്ര രംഗത്ത് യൂറോപ്പിന് പുറത്ത് നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ പ്രാധാന്യം ഒരിക്കലും ലഭിച്ചിട്ടില്ല എന്ന അദ്ദേഹത്തിന്റെ കാഴ്‌ച്ചപാടാണ് ഈ രംഗത്ത് ഇത്രയധികം ഗവേഷണം നടത്തുന്നതിനും മറ്റും കാരണമായി തീര്‍ന്നിട്ടുള്ളത്. ‘കേരളാ സ്ക്കൂള്‍ ഒഫ് മാത്തമാറ്റിക്സ്’ എന്ന ഒരു തിയറി തന്നെ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അദ്ദേഹമാണ്. 1991ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ‘ക്രസ്റ്റ് ഓഫ് ദി പീക്കോക്ക്- നോണ്‍ യൂറോപ്യന്‍ റൂട്ട് ഓഫ് മാത്തമാറ്റിക്സ്’ എന്ന പുസ്തകം ആഗോള ഗണിതശാസ്ത്ര രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും അറബ് രാജ്യങ്ങളിലുമെല്ലാം ഉള്ള പഴയ കാല സംസ്ക്കാരങ്ങളുടെ സംഭാവന പോലും ഗണിതശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമായിടുണ്ടെന്ന് അദ്ദേഹം തന്റെ പുസ്തകത്തിലൂടെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല