1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

ലണ്ടന്‍ : ഒളിമ്പിക്‌സിന്റെ ആദ്യദിനം ഗ്രേറ്റ് ബ്രിട്ടീഷ് ടീമിനെ സംബന്ധിച്ചിടത്തോളം നിരാശയുടേതും നാടകീയതയുടേതുമായിരുന്നു. സൈക്ലിംഗ് റോഡ് റേസില്‍ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷിച്ചിരുന്ന മാര്‍ക്ക് കാവെന്‍ഡിഷിന്റെ പരാജയമാണ് ഏറെ നിരാശ സമ്മാനിച്ചത്. ജൂഡോയിലെ മെഡല്‍ പ്രതീക്ഷയായിരുന്ന ആഷ്‌ലി മക്‌കെന്‍സിയുടെ പരാജയവും ബ്രിട്ടന് തിരിച്ചടിയായി. എന്നാല്‍ ജിംനാസ്റ്റിക്‌സില്‍ ചൈനയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മൂന്ന് യോഗ്യതാറൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്രട്ടീഷ് ടീം ഫൈനലിലേക്ക് യോഗ്യത നേടി. 1924ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രട്ടീഷ് ജിംനാസ്റ്റിക് അംഗം ഒളിമ്പിക്‌സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2008ലെ ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ലൂയിസ് സ്മിത്താണ് ഫെനലില്‍ മത്സരിക്കുന്നത്. ഫൈനലിലേക്ക് യോഗ്യത നേടിയെന്ന പ്രഖ്യാപനം വന്നതോടെ വികാരമടക്കാനാകാതെ സ്മിത്ത് പൊട്ടിക്കരഞ്ഞു.
റോഡ് സൈക്ലിംഗ് റേസില്‍ മത്സരത്തിന് മുന്‍പേ ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു മാര്‍ക്ക് കാവന്‍ഡിഷിന്റെ ബ്രട്ടീഷ് ടീം. ടൂര്‍ ഡേ ഫ്രാന്‍സ് ജേതാവ് ബ്രാഡ്‌ലി വിഗ്ഗിന്‍സ് അടക്കമുളള അഞ്ചംഗ ടീമിന് പക്ഷെ പ്രതീക്ഷ നിലനിര്‍ത്താനായില്ല. ഈ ഇനത്തില്‍ കസാഖിസ്ഥാന്റെ അലക്‌സാണ്ടര്‍ വിനോകുറോവിനാണ് സ്വര്‍ണ്ണം. നീന്തലില്‍ പുരുഷവിഭാഗം 400 മീറ്റര്‍ ഇന്‍ഡിവിഡ്യുല്‍ മെഡ്‌ലേയില്‍ മൈക്കല്‍ ഫെല്‍പ്‌സിന്റെ പരാജയം അവിശ്വസനീയമായിരുന്നു. അമേരിക്കയുടെ തന്നെ റെയാന്‍ ലോച്റ്റ് ആണ് വിജയി. ഇന്‍ഡിവിഡ്യുല്‍ മെഡ്‌ലേയില്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലേയും ചാമ്പ്യനായിരുന്നു ഫെല്‍പ്‌സ്്.

ബ്രട്ടീഷ് താരങ്ങളുടെ പ്രകടനം ഒറ്റ നോട്ടത്തില്‍

വനിതാ വിഭാഗം തുഴച്ചില്‍ മത്സരത്തിന്റെ ഹീറ്റ്‌സില്‍ ഗെയിംസ് റെക്കോര്‍ഡോടെ ഹെലന്‍ ഗ്ലോവറും ഹെതര്‍ സ്റ്റാനിംഗും അടങ്ങുന്ന ജോഡി ഫൈനലിലേക്ക് യോഗ്യത നേടി.
ബ്രിട്ടന്റെ പുരുഷ വിഭാഗം ജിംനാസ്റ്റിസ്റ്റ് ലൂയിസ് സ്മിത്ത് 1924 ലെ ഒളിമ്പിക്‌സിന് ശേഷം ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യത്തെ ബ്രട്ടീഷ് ജിംനാസ്റ്റിക് താരമായി.
വനിതാവിഭാഗം 400 ഇന്‍ഡിവിഡ്യുല്‍ മെഡ്‌ലേയില്‍ ബ്രിട്ടന്റെ ഹന്ന മിലേ ചൈനയുടെ യു ഷ്വിന് പിറകിലായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ സ്വര്‍ണ്ണ പ്രതീക്ഷ ഇല്ലാതായി.
ബ്രിട്ടന്റെ വനിതാ ഫുട്‌ബോള്‍ ടീം 3-0 ത്തിന് കാമറൂണിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി.
പുരുഷ വിഭാഗം ഡബ്ള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയും ജെയ്മി മുറേയും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ആസ്‌ട്രേലിയന്‍ താരങ്ങളായ മെല്‍സര്‍, അലക്‌സാണ്ടര്‍ പിയ എന്നിവരാണ് ബ്രിട്ടീഷ് ടീമിനെ പരാജയപ്പെടുത്തിയത്.
വനിതാ വിഭാഗം സിംഗിള്‍സില്‍ എലീന ബാല്‍റ്റ്ച സെക്കന്‍ഡ്് റൗണ്ടിലേക്ക് യോഗ്യത നേടിയെങ്കിലും ആനീ കെയ്‌തോവാങ്ങ്, കരോലിന്‍ വോസ്‌നികിനോട് നേരിട്ടുളള മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെട്ടു.
ബ്രട്ടീഷ് ഇവന്റിംഗ് ടീമില്‍ മേരി കിംഗ് മൂന്നാമതായി ഫിനിഷ് ചെയ്ത് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ നിക്കോള വില്‍സണ്‍ പതിനാറാമതായാണ് ഫിനിഷ് ചെയ്തത്.
ബോക്‌സിംഗിലെ മിഡില്‍ വെയ്റ്റ് മത്സരത്തില്‍ ജൂനിയര്‍ കാസ്റ്റെല്ലോയെ 13-6ന് പരാജയപ്പെടുത്തി ആന്റണി ഓഗോഗോ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി.

ഇന്നത്തെ താരം
യീ ഷ്വീന്‍ – വനിതാ വിഭാഗം 400 മീറ്റര്‍ മെഡ്‌ലിയില്‍ മത്സരിക്കാനിറങ്ങിയ യീ ഷ്വീന്‍ ആണ് ഇന്നത്തെ താരം. ലോക റെക്കോര്‍ഡോടെ ഒന്നാം സ്ഥാനത്ത് എത്തിയ യീ അവരുടെ മുന്നിലത്തെ റെക്കോര്‍ഡിനേക്കാള്‍ അഞ്ച് സെക്കന്റ് മുന്‍പേയാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ എലിസബത്ത് ബേസലിനെയാണ് യീ പരാജയപ്പെടുത്തിയത്. പതിനാറ് വയസ്സു മുതല്‍ വര്‍ഷങ്ങളായി 400 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലേയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന താരമായിരുന്നു എലിസബത്ത് ബേസല്‍.

മികച്ച ദിനം
ഇന്നലെ ഇറ്റലിയെ സംബന്ധിച്ചിടത്തോളം മികച്ച ദിനമായിരുന്നു. രണ്ട് സ്വര്‍ണ്ണമുള്‍പ്പടെ അഞ്ച് മെഡലുകളാണ് ഒളിമ്പിക്‌സിന്റെ ആദ്യ ദിനമായ ഇന്നലെ ഇറ്റലി കരസ്ഥമാക്കിയത്.

മോശം ദിനം
ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഒളിമ്പിക്‌സില്‍ മോശപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യ ദിനത്തില്‍ മത്സരിക്കാനിറങ്ങിയ എല്ലാ ഇനത്തിലും മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഒരു മെഡല്‍ പോലും നേടാനാകാത്തത് നിരാശയായി. സൈക്ലിംഗ് ടീമിന്റെ പരാജയം വലിയൊരു ആഘാതമാവുകയും ചെയ്തു. ഞയറാഴ്ച മത്സരിക്കുന്ന അഞ്ച് ഇനങ്ങളില്‍ രാജ്യത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്. പ്രത്യകിച്ച നീന്തല്‍ താരം റെബേക്ക അഡ്‌ലിംഗ്ടണില്‍.

ഒളിമ്പിക് ഹീറോ
കെയ്‌റോണ്‍ ബെഹാനെ ഹീറോ എന്നു വിളിക്കുന്നത് ഒട്ടും അതിശയോക്തി ആവില്ല. ഫ്‌ളോര്‍ ഇവന്റില്‍ നിന്നും പുറത്തായെങ്കിലും ഈ ഐറിഷ് താരം ലണ്ടനിലെ മുഴുവന്‍ കാഴ്ചക്കാരുടേയും മനം കവര്‍ന്നു. പത്ത് വയസ്സുളളപ്പോള്‍ കാലില്‍ ഒരു ട്യൂമര്‍ വന്നതിനെ തുടര്‍ന്ന് ബെഹാന് നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെയുളള ബെഹാന്റെ ജീവിതത്തിന് മുന്നില്‍ അസുഖം അടിയറവ് പറഞ്ഞു. വീല്‍ച്ചെയറില്‍ നിന്ന് എഴുനേറ്റ് നടന്നു തുടങ്ങിയ സമയത്താണ് രണ്ട് വര്‍ഷം മുന്‍പ് വീണ് തലക്ക് പരുക്ക് പറ്റുന്നത്. ഗുരുതരമായി പരുക്കേറ്റ ബെഹാന് ഇനി മത്സരങ്ങളില്‍ പങ്കെടുക്കാനാകില്ലെന്ന് കരുതിയെങ്കിലും വീണ്ടും അദ്ദേഹം മത്സര രംഗത്തേക്ക് തിരികെ വന്നു. എന്നാല്‍ അടുത്തിടെ കാല്‍മുട്ടിനേറ്റ പരുക്ക് അദ്ദേഹത്തിന്റെ ഒളിമ്പിക് സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ 23 കാരനായ ബെഹാന്‍ തന്റെ ഒളിമ്പിക് മത്സരമെന്ന സ്വപ്‌നം മനോഹരമായി തന്നെ പൂര്‍ത്തിയാക്കി.

ആദ്യ സ്വര്‍ണ്ണം ചൈനയ്ക്ക്
2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണ്ണം ചൈനക്ക്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ സ്വര്‍ണ്ണം നേടി യീ സിലിങ് ചരിത്ര നേട്ടം കുറിച്ചത്.

മെഡല്‍ പട്ടിക(മത്സര ഇനം, വിഭാഗം, വിജയി, രാജ്യം എന്നീ ക്രമത്തില്‍))))
ഷൂട്ടിങ്ങ് – വനിതാ വിഭാഗം 10 മിറ്റര്‍ എയര്‍ റൈഫിള്‍സ് – യീ സിലിങ് (ചൈന)
ഷൂട്ടിങ്ങ് – പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് – ജിന്‍ ജിങ്‌ഗോ (കൊറിയ)
ജൂഡോ – വുമന്‍സ് എക്സ്ട്രാ ലൈറ്റ് വെയിറ്റ് – സാറാ മെനേസ് (ബ്രസീല്‍)
ജൂഡോ – മെന്‍സ് എക്സ്ട്രാ ലൈറ്റ് വെയിറ്റ് – ആര്‍സ്റ്റന്‍ ഗാല്‍സ്റ്റന്‍ (റഷ്യ)
സെക്ലിംഗ് – മെന്‍സ് റോഡ് റേസ് – അലക്‌സാണ്ടര്‍ വിനോകുറോവ് (കസാഖിസ്ഥാന്‍)
വെയിറ്റ് ലിഫ്റ്റിങ്ങ് – വനിതാ വിഭാഗം 48 കിലോ – വാങ്ങ് മിംഗ്ജാന്‍ – ചൈന
ആര്‍ച്ചറി – പുരുഷവിഭാഗംടീം – ഇറ്റലി
ഫെന്‍സിങ്ങ് – വുമന്‍സ് ഇന്‍ഡിവിഡ്യുല്‍ ഫോയില്‍ – എലിസ ഡി ഫ്രാന്‍സിസ്‌ക – ഇറ്റലി
സ്വിമ്മിംഗ് – പുരുഷവിഭാഗം 400 മീറ്റര്‍ ഇന്‍ഡിവിഡ്യല്‍ മെഡ്‌ലേ – റെയാന്‍ ലോറ്റ്ച് (അമേരിക്ക)
സ്വിമ്മിങ്ങ്- പുരുഷ വിഭാഗം 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ – സണ്‍ യാംഗ് – ചൈന
സ്വിമ്മിംഗ് – വനിതാ വിഭാഗം 400 മീറ്റര്‍ ഇന്‍ഡിവിഡ്യല്‍ മെഡ്‌ലേ – യീ ഷ്വാന്‍ – ചൈന

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.